ഇടുക്കി:പെട്ടിമൂടി ദുരന്തഭൂമിയിലെ അവശേഷിപ്പുകൾ കൈക്കലാക്കാൻ മോഷണസംഘങ്ങൾ എത്തുന്നതായി പരാതി. കുഞ്ഞുങ്ങള്‍ അടക്കം നിരവധിപേരുടെ ജീവന്‍ കവര്‍ന്ന പെട്ടിമൂടി കേരളത്തിന് വേദനയായി അവശേഷിക്കെയാണ് രാത്രിയുടെ മറവിൽ മോഷണ സംഘങ്ങൾ എത്തുന്നത്.
ദുരന്തത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന വാഹനങ്ങളുടേയും മറ്റും വിലപിടുപ്പുള്ള ഭാഗങ്ങളാണ് മോഷണ സംഘങ്ങള്‍ കടത്തികൊണ്ട് പോകുന്നത്.വാഹനങ്ങളുടെ ടയറുകള്‍, വിലകൂടിയ മറ്റ് യന്ത്രഭാഗങ്ങള്‍ എന്നിവയാണ് മോഷ്ടിക്കപ്പെടുന്നത്. പെട്ടിമുടിയില്‍ എല്ലാം നഷ്ടപ്പെട്ട കുമാറിന് തിരിച്ച് കിട്ടിയത് പൂര്‍ണ്ണമായി തകര്‍ന്ന വാഹനം മാത്രമാണ്. ദുരന്തം നടക്കുന്നതിന് രണ്ട് മാസം മുൻപ് വാങ്ങിയ വാഹനത്തിന്റെ പുതിയ ടയറുകളും മറ്റ് യന്ത്രഭാഗങ്ങളുമടക്കം മോഷ്ടാക്കള്‍ അഴിച്ചുകടത്തി. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ കമ്പനി പെട്ടിമുടിയില്‍ രാത്രികാല കാവല്‍ ഏര്‍പ്പെടുത്തി.
തെരച്ചില്‍ സമയത്ത് പുറത്തെടുത്ത അലമാരകള്‍ മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവയും ഇവിടെ നിന്നും മോഷ്ടാക്കള്‍ കടത്തിയിട്ടുണ്ട്. ദുരന്ത ഭൂമിയില്‍ ബാക്കിയായ ഉപകരണങ്ങളും മറ്റും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് കമ്പനി പ്രദേശത്ത് രാത്രികാല കാവൽ ഏര്‍പ്പെടുത്തിയിരിക്കുന്നത്.