ആറ്റിങ്ങൽ: മോഷണകേസ്സിൽ പിടിയിലായി വർക്കല അകത്തുമുറിയിലെ ജയിൽ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം പുത്തൻകുളം നന്ദുഭവനിൽ ബാബു(വയസ്സ് 61) എന്ന തീവട്ടി ബാബുവിനെ ആറ്റിങ്ങൽ DYSP എസ്സ്.വൈ സുരേഷിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി.
തീവട്ടിബാബുവിനെയും ഇയാളുടെ കൂട്ടാളിയായ കൊട്ടാരം ബാബുവിനെയും കഴിഞ്ഞമാസം കല്ലമ്പലത്ത് വീട് കുത്തിതുറന്ന് മോഷണം നടത്തുന്നതിനിടയിൽ പോലീസ് പിടികൂടിയിരുന്നു. ആ കേസ്സിലേക്ക് റിമാന്റിൽ കഴിയവേയാണ് കൊറോണ നിരീക്ഷണകേന്ദ്രത്തിൽ ഇയാളും ഫോർട്ട് പോലീസ് പിടിച്ച മറ്റൊരു മോഷണകേസ്സ് പ്രതിയായ മാക്കാൻ വിഷ്ണുവും രക്ഷപ്പെട്ടത്. ഇയാളോടൊപ്പം തടവ് ചാടിയ വിഷ്ണുവിനെ ഇതുവരെ പിടികൂടാനായിട്ടില്ലാ. രക്ഷപ്പെട്ടശേഷം കോട്ടയം ജില്ലയിലും സംസ്ഥാനത്ത് വിവിധ ഇടങ്ങളിലും ഇയാൾ വ്യപകമോഷണം നടത്തി. തലയോലപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ തലപ്പാറയിൽ നിന്നും ബാബുവിന്റെ മോഷ്ടിച്ച ഇരുചക്രവാഹനവുമായാണ് ഇയാൾ ഇപ്പോൾ പിടിയിലാകുന്നത്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഇരുചക്രവാഹനവും ഇയാൾ മോഷ്ടിച്ചിരുന്നു. ആ വാഹനവും അന്വേഷണ സംഘം കണ്ടെടുത്തു. പൊൻകുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ കട കുത്തിതുറന്ന് മോഷണം നടത്തിയതും മറ്റൊരു വീട് കുത്തിതുറന്നതും ഇയാളാണെന്ന് തെളിഞ്ഞിട്ടുണ്ട്. തടവ് ചാടിയശേഷം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന മോഷണങ്ങളിൽ ഇയാളെ സംശയിക്കുന്നുണ്ട്. കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണത്തിലൂടെ നടന്ന മറ്റ് മോഷണങ്ങൾ കൂടി തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സംസ്ഥാനത്താകെ നിലവിൽ നൂറിലതികം മോഷണ കേസ്സുകളിലെ പ്രതിയാണ് തീവട്ടിബാബു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ബി.അശോകൻ IPS ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ പള്ളിക്കൽ പോലീസ് ഇൻസ്പെക്ടർ അജി.ജി.നാഥ് വർക്കല പോലീസ് ഇൻസ്പെക്ടർ ജി.ഗോപകുമാർ പ്രത്യേക അന്വേഷണ സംഘത്തിലെ സബ്ബ് ഇൻസ്പെക്ടർ ഫിറോസ് ഖാൻ , എ.എസ്.ഐ മാരായ ബി.ദിലീപ് , ജി. ബാബു , ആർ. ബിജുകുമാർ സി.പി.ഒ ഷെമീർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.