ദുബായ്: അവിഹിത ബന്ധം അവസാനിപ്പിക്കാമെന്നു പറഞ്ഞ യുവതിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഏഷ്യക്കാരനായ പ്രവാസി യുവാവിന് മൂന്നു മാസം തടവുശിക്ഷ വിധിച്ചു. ഒരേ സ്പോൺസർക്കു കീഴിൽ ഡ്രൈവറായി ജോലി ചെയ്യുന്ന 34കാരനും ഇതേ വീട്ടിൽ വീട്ടുജോലി ചെയ്യുന്ന യുവതിയുമാണ് കേസിൽ ഉൾപ്പെട്ടത്. പാം ജുമൈറയിലെ ഒരു വീട്ടിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്.
ഈ സമയത്താണ് ഇരുവരും തമ്മിൽ അവിഹിത ബന്ധം ഉണ്ടായിരുന്നത് എന്നാണ് കോടതി രേഖകളിൽ പറയുന്നത്. പിന്നീട് യുവതി ഇത് അവസാനിപ്പിക്കാമെന്ന് പറഞ്ഞു. എന്നാൽ, യുവാവ് തയാറായില്ല. അങ്ങനെ ചെയ്താൽ യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുമെന്നു ഇയാൾ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
വില്ലയിൽ യുവതിയെ കാണാൻ ഡ്രൈവർ നിരവധി തവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇയാൾ യുവതിയ്ക്കൊപ്പം ചെലവഴിച്ച സ്വകാര്യ നിമിഷങ്ങളിലെ വിഡിയോയും ചിത്രങ്ങളും അവർക്ക് വാട്സാപ്പ് വഴി അയച്ചു കൊടുത്തു. ഇത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്നും പറഞ്ഞു.
യുവതിയുടെ പരാതിപ്രകാരം പ്രതിയെ ചോദ്യം ചെയ്‍തപ്പോള്‍ ഇരുവരും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്ന കാര്യം സമ്മതിച്ചെങ്കിലും ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ചു. തുടർന്ന് ഫൊറൻസിക് പരിശോധനയിൽ ഇയാൾ യുവതിക്ക് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചിരുന്നുവെന്ന് വ്യക്തമായി. ഇതോടെയാണ് കോടതി പ്രതിക്കെതിരെ ശിക്ഷ വിധിച്ചത്.