കണ്ണൂര്‍: പുല്ലൂക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. പുല്ലൂക്കരയിലെ ഷഫ്‌ന(26)യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ചൊക്ലി പോലീസ് അന്വേഷണം ആരംഭിച്ചത്.
ഷഫ്‌നയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ചൊക്ലി സി.ഐ. സി.ഷാജുവിന്റെ മേല്‍നോട്ടത്തിലാണ് കേസില്‍ അന്വേഷണം നടക്കുന്നത്. ആത്മഹത്യാപ്രേരണ അടക്കമുള്ള കാര്യങ്ങളും അന്വേഷണപരിധിയില്‍വരും.
അതേസമയം, ഷഫ്‌നയുടേത് മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ശരീരത്തില്‍ 24-ഓളം മുറിവുകളും ചതവുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് ആയുധം ഉപയോഗിച്ചോ വീഴ്ചയില്‍ സംഭവിച്ചതോ ആയ മുറിവുകളാകാമെന്നാണ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തലശ്ശേരി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനും ചൊക്ലി പോലീസിനും കൈമാറി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷഫ്‌നയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവദിവസം വീട്ടിലെ കുളിമുറിയില്‍നിന്ന് രക്തം പുരണ്ട കത്തിയും പോലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍, വീട്ടില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നായിരുന്നു പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.
അതേസമയം, ഷഫ്‌ന ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കളുടെ പരാതി. ഭര്‍തൃവീട്ടില്‍ ഷഫ്‌ന പലപ്രശ്‌നങ്ങളും നേരിട്ടിരുന്നതായും ഷഫ്‌നയെ ഉപദ്രവിച്ചിരുന്നതായും ഇവര്‍ ആരോപിച്ചിരുന്നു.