ന്യൂഡല്‍ഹി: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ എം.പി. സ്ഥാനം രാജിവെക്കാമെന്ന് ഗുസ്തി താരങ്ങള്‍ ലൈംഗിക പീഡന പരാതിയുയര്‍ത്തിയ റെസ്ലിംങ് ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്. പൗരത്വ ഭേദഗതിക്കെതിരായി ഷഹീന്‍ ബാഗിലുണ്ടായത് പോലെ പ്രതിഷേധം വ്യാപിക്കുകയാണ്. താനല്ല, പാര്‍ട്ടിയാണ് അവരുടെ ലക്ഷ്യമെന്നും ബ്രിജ് ഭൂഷണ്‍ വാര്‍ത്താ ഏജന്‍സിയായ എ.എല്‍.ഐയോട് പറഞ്ഞു.
തുക്‌ഡേ തുക്‌ഡേ ഗ്യാങ്ങിലുള്ളവരും ഷഹീന്‍ബാഗ് സമരത്തില്‍ പങ്കെടുത്തവരും കര്‍ഷക സമരത്തിലുണ്ടായിരുന്നവരും ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിലുണ്ട്. അവര്‍ക്ക് പണം ലഭിക്കുന്നുണ്ട്. അവരുടെ ലക്ഷ്യം ഹരിയാനയേയും ഉത്തര്‍പ്രദേശിനേയും വിഭജിക്കുകയാണെന്നും ബ്രിജ് ഭൂഷണ്‍ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയോ, ആഭ്യന്തരമന്ത്രി അമിത് ഷായോ, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയോ നിര്‍ദേശിച്ചാല്‍ താന്‍ ആ സമയം രാജിവെക്കാമെന്ന് ബ്രിജ് ഭൂഷണ്‍ എ.ബി.പി. ന്യൂസിനോട് പറഞ്ഞു.
തനിക്കെതിരായ ആരോപണത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിച്ചിട്ടില്ല. താന്‍ ആറു തവണ എം.പിയായിട്ടുണ്ട്. ഭാര്യ എം.പിയായിരുന്നു, മകന്‍ എം.എല്‍എയാണ്. നരേന്ദ്രമോദി ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ തന്നെ താന്‍ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ബ്രിജ് ഭൂഷണ്‍ അവകാശപ്പെട്ടു.