ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടക്കാല ജാമ്യം. അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.
സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത് കേസില്‍ കെജ്‌രിവാള്‍ നല്‍കിയ ജാമ്യാപേക്ഷ നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ കെജ്‌രിവാളിന്റെ ജയില്‍ മോചനം വൈകും.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. കേസില്‍ ഏതാണ്ട് മൂന്ന് മാസത്തോളം കെജ്‌രിവാള്‍ ജയിലില്‍ കഴിഞ്ഞുവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് കെജ്‌രിവാള്‍. ഇപ്പോഴത്തെ പദവിയില്‍ തുടരണമോ എന്ന് കെജ്‌രിവാളാണ് തീരുമാനിക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്ന നിര്‍ദേശം കെജ്‌രിവാളിന് നല്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
അറസ്റ്റ് ചോദ്യംചെയ്ത് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടത്. ഈ സാഹചര്യത്തിലാണ് ഇടക്കാല ജാമ്യമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പി.എം.എല്‍.എ. നിയമത്തിന്റെ 19-ാം വകുപ്പ് പ്രകാരം അറസ്റ്റിനുള്ള അധികാരം സംബന്ധിച്ച വിഷയങ്ങള്‍ ഉള്‍പ്പെടെയാണ് വിശാല ബെഞ്ച് പരിഗണിക്കുക. ചോദ്യംചെയ്തു എന്ന കാരണത്താല്‍ അറസ്റ്റ് പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.