മുംബൈ: ഏഷ്യാ കപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. സൂര്യന്‍ കാര്‍മേഘത്തിന്‍റെ മറനീക്കി പുറത്തുവരുന്ന ചിരിക്കുന്ന സ്മൈലി ഇട്ടാണ് ചാഹല്‍ പ്രതികരിച്ചത്. എത്ര അവഗണിച്ചാലും ഒരുനാള്‍ കറുത്ത മറനീക്കി താന്‍ പുറത്തുവരുമെന്ന പ്രഖ്യാപനമായാണ് ചാഹലിന്‍റെ എക്സിലെ പോസ്റ്റിനെ ആരാധകര്‍ കാണുന്നത്.
2019ലെ ഏകദിന ലോകകപ്പില്‍ കുല്‍ദീപ് യാദവിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത ചാഹലിനെ 2021ലെ ടി20 ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയില്ല. ചാഹലിന് പകരം വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യക്കായി കളിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ചാഹലിന് ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയിരുന്നില്ല. ഇപ്പോഴിതാ ഏഷ്യാ കപ്പ് ടീമില്‍ നിന്നും ചാഹലിനെ തഴഞ്ഞു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ചാഹല്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കാമെന്ന ചാഹലിന്‍റെ പ്രതീക്ഷകള്‍ക്ക് കൂടിയാണ് ഏഷ്യാ കപ്പില്‍ നിന്ന് തഴഞ്ഞതോടെ തിരിച്ചടിയേറ്റത്. ചാഹല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏത് സമത്തും ടീമില്‍ തിരിച്ചെത്താമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞെങ്കിലും ഇപ്പോള്‍ പ്രഖ്യാപിച്ച 17 താരങ്ങളില്‍ നിന്നാകും ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുകയെന്ന സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറുടെ പ്രഖ്യാപനം ചാഹലിന്‍റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.
ചാഹലിന് പകരം ബാറ്റിംഗ് മികവ് കൂടി കണക്കിലെടുത്ത് അക്സര്‍ പട്ടേലിനാണ് സെലക്ടര്‍മാര്‍ ഏഷ്യാ കപ്പില്‍ അവസരം നല്‍കിയിരിക്കുന്നത്. വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്കായി കളിച്ച ചാഹല്‍ ആദ്യ മത്സരങ്ങളില്‍ തിളങ്ങിയെങ്കിലും അവസാന മത്സരത്തില്‍ നാലോവറില്‍ 50ലേറെ റണ്‍സ് വഴങ്ങിയത് തിരിച്ചടിയായി. ഇതിന് പുറമെ സഹ സ്പിന്നറായ കുല്‍ദീപ് യാദവ് വിന്‍ഡീസില്‍ മികവ് കാട്ടുകയും ചെയ്തു.
അക്സറിന്‍റെ ബാറ്റിംഗും കുല്‍ദീപ് മികച്ച ഫോമിലാണെന്നതും കണക്കിലെടുത്താണ് ചാഹലിനെ ഒഴിവാക്കേണ്ടിവന്നതെന്ന് അഗാര്‍ക്കര്‍ വ്യക്തമാക്കുകയും ചെയ്തു. എട്ടാം നമ്പറിലോ ഒമ്പതാം നമ്പറിലോ ഇറങ്ങി ബാറ്റ് ചെയ്യാന്‍ കഴിയുന്നൊരു താരമാണ് വേണ്ടതെന്നും അതിനാലാണ് അക്സറിനെ ഉള്‍പ്പെടുത്തിയത് എന്നും രോഹിത് വിശദീകരിച്ചു.