BusinessKeralaNews

മൊബൈല്‍ ദൃശ്യങ്ങളുടെ നിറം മങ്ങുന്നുവോ? ഫോണ്‍ ക്യാമറയുടെ ലെന്‍സുകള്‍ ക്ലീന്‍ ചെയ്യാനുള്ള ശരിയായ രീതി

കൊച്ചി: യാത്രകള്‍ക്കിടയില്‍ പെട്ടെന്ന് ആയിരിക്കും ഒരു മനോഹര ഫ്രെയിം കണ്ണിലുടക്കുന്നത്. അപ്പോള്‍ തന്നെ സ്മാര്‍ട്ട്‌ഫോണ്‍ എടുത്ത് ആ ചിത്രമെടുക്കാനും നോക്കാം. എന്നാല്‍ കിട്ടിയതോ മങ്ങിയ ഫോട്ടോയും. വായിക്കൊള്ളാത്ത പേരുള്ള സാങ്കേതികവിദ്യകളും മറ്റുമുണ്ടെന്ന് അവകാശപ്പെട്ടുള്ള പരസ്യവും കണ്ട് വാങ്ങിയ വില കൂടിയ ഫോണിനെ ശപിക്കുകയാകും ആദ്യം ചെയ്യുക. ഉടന്‍ തന്നെ ഫോണിന്റെ ക്യാമറ പെട്ടെന്ന് വസ്ത്രത്തില്‍ ഒന്ന് ഉരസി വീണ്ടും ഫോട്ടോയെടുക്കുകയും ചെയ്യും

ഇതൊരു ശരിയായ രീതിയല്ലെന്ന കാര്യമാണ് ആദ്യം തന്നെ യൂസേഴ്‌സ് അറിഞ്ഞിരിക്കേണ്ടത്. കട്ടിയുള്ള വസ്ത്രങ്ങളില്‍ ലെന്‍സുകള്‍ ഉരസുന്നത് പോറല്‍ വീഴാന്‍ ( പിന്നീടൊരിക്കലും ശരിയാക്കാന്‍ ആകാത്ത രീതിയില്‍ ) സാധ്യതയുണ്ട്. ശരിയായ രീതിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളുടെ ലെന്‍സ് വൃത്തിയാക്കുന്നത് എങ്ങനെയെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കുക.

സ്മാര്‍ട്ട്‌ഫോണ്‍ ലെന്‍സുകളുടെ ഏറ്റവും വലിയ ശത്രുവാണ് പൊടി. പൊടി പിടിച്ച ലെന്‍സുകള്‍ ക്ലീന്‍ ചെയ്യാന്‍ ക്ലീനിങ് പെന്‍ അല്ലെങ്കില്‍ അതേ പോലെ സോഫ്റ്റ് ആയ ചെറിയ ബ്രഷുകള്‍ ഉപയോഗിക്കുക. ക്ലീനിങ് പെന്നുകള്‍ പല ആകൃതികളിലും ഷെയ്പ്പുകളിലും വരുന്നു. ചില പെന്നുകളില്‍ അതിലോലമായ നാരുകളായിരിക്കും ഉണ്ടാകുക. മറ്റുള്ളവയില്‍ കട്ടി കൂടിയ, കൂടുതല്‍ പ്ലഫി ആയ ബ്രഷ് എന്‍ഡ്‌സും ഉണ്ടാകും. അനുയോജ്യമായവ സെലക്റ്റ് ചെയ്ത് ഉപയോഗിക്കുക. ക്ലീനിങ് പെന്‍ വാങ്ങാന്‍ താല്‍പ്പര്യമില്ലെങ്കില്‍, വൃത്തിയുള്ളതും മൃദുവായതുമായ മേക്കപ്പ് ബ്രഷും ഉപയോഗിക്കാവുന്നതാണ്.

ക്യാമറ ലെന്‍സുകളില്‍ വിരല്‍പ്പാടുകള്‍ പതിഞ്ഞും അവ മങ്ങാറുണ്ട്. മൈക്രോ ഫൈബര്‍ ക്ലോത്ത് ഉപയോഗിച്ച് അവ വൃത്തിയായി ക്ലീന്‍ ചെയ്യാന്‍ കഴിയും. ഒരു തരത്തിലുള്ള പാടുകളും ഇല്ലാതെ സ്മഡ്ജുകളും മറ്റ് പാടുകളും നീക്കം ചെയ്യാന്‍ മൈക്രോഫൈബര്‍ ക്ലോത്തുകള്‍ക്ക് കഴിയും. ടിഷ്യൂ പേപ്പറുകള്‍ പോലെയുള്ളവ ഉപയോഗിച്ചാല്‍ പൊടി പടലങ്ങള്‍ ബാക്കിയാകും എന്നതിനാലാണ് മൈക്രോ ഫൈബര്‍ ക്ലോത്തുകള്‍ ഉപയോഗിക്കേണ്ടത്.

നിങ്ങളുടെ കയ്യില്‍ മൈക്രോ ഫൈബര്‍ ക്ലോത്ത് ഇല്ലെങ്കില്‍ ഏത് മൃദുവായ ക്ലോത്തും ഉപയോഗിക്കാം. എന്നാല്‍ ഫാബ്രിക് സോഫ്റ്റനറുകള്‍ ഉപയോഗിച്ച് അവ കഴുകിയിട്ടില്ലെന്ന് ഉറപ്പ് വരുത്തണം. ഫാബ്രിക് സോഫ്റ്റനറുകള്‍ ഉപയോഗിച്ച് കഴുകിയ തുണികള്‍ നിങ്ങളുടെ ക്യാമറ ലെന്‍സില്‍ വരകളും പാടുകളും വീഴാന്‍ കാരണം ആകും.

എണ്ണമയവും കൊഴുപ്പുമേറിയ ആഹാര സാധനങ്ങള്‍ കഴിച്ചിട്ട് ക്യാമറ ലെന്‍സില്‍ പിടിക്കുന്നത് അവയില്‍ എണ്ണമയം പറ്റിയിരിക്കാന്‍ കാരണം ആകാറുണ്ട്. അത് പോലെ തന്നെയുള്ള കട്ടി പിടിച്ച ഗ്രീസിയായ പശപ്പുള്ള അഴുക്കുകളും ലെന്‍സില്‍ അടിഞ്ഞ് കൂടാറുണ്ട്. ഇവ പലപ്പോഴും തുണി ഉപയോഗിച്ച് തുടച്ചാലും പോകില്ല. ലെന്‍സിന്റെ വശങ്ങളിലും മറ്റും ഉറച്ച് ഇരിക്കുന്ന അഴുക്കുകള്‍ കളയാന്‍ ലെന്‍സ് വൈപ്പുകളാണ് ഏറ്റവും അനുയോജ്യം.

കട്ടി കൂടിയ പശപ്പുള്ള അഴുക്കുകളും മറ്റും കളയാന്‍ വേണ്ടിയാണ് ലെന്‍സ് വൈപ്പുകള്‍ ഉപയോഗിക്കുന്നത്. ലെന്‍സ് വൈപ്പുകളിലുണ്ടാകുന്ന ലെന്‍സ് ക്ലീനേഴ്‌സ് ആണ് ഇത്തരം അഴുക്കുകള്‍ക്കെതിരെ ലെന്‍സ് വൈപ്പുകളെ കൂടുതല്‍ എഫക്ടീവ് ആക്കുന്നത്. എല്ലാ വൈപ്പുകളും ലെന്‍സ് വൈപ്പുകളല്ല എന്നൊരു കാര്യം പ്രത്യേകം ഓര്‍ത്തിരിക്കണം.

ക്യാമറ ലെന്‍സില്‍ ഒരു കാരണവശാലും സാധാരണ വെറ്റ് വൈപ്പുകള്‍ ഉപയോഗിക്കരുത്. മിക്കവാറും വെറ്റ് വൈപ്പുകളും സോഫ്റ്റ്‌നറുകളുമായാണ് വരുന്നത്. അവ നിങ്ങളുടെ ലെന്‍സിനെ കൂടുതല്‍ ഗ്രീസിയാക്കും എന്നതിനാല്‍ ആണ് ഇവ ഉപയോഗിക്കരുത് എന്ന് പറയുന്നത്. ക്യാമറ ലെന്‍സ് ക്ലീന്‍ ചെയ്യാനുള്ള ലെന്‍സ് ക്ലീനറിനെക്കുറിച്ച് അറിയാന്‍ തുടര്‍ന്ന് വായിക്കുക.

ലെന്‍സ് വൈപ്പുകള്‍ കിട്ടിയില്ലെങ്കില്‍ ഉപയോഗിക്കാവുന്നവയാണ് ലെന്‍സ് ക്ലീനറുകള്‍. ലെന്‍സ് ക്ലീനര്‍ മൈക്രോഫൈബര്‍ ക്ലോത്തിന്റെ ഒരു മൂലയില്‍ പുരട്ടി ഉപയോഗിക്കാം. ഡെഡിക്കേറ്റഡ് ലെന്‍സ് ക്ലീനറുകള്‍ ഇല്ലെങ്കില്‍ ഹോം മെയ്ഡ് ക്ലീനറുകളും ഉപയോഗിക്കാന്‍ കഴിയും. നേര്‍പ്പിച്ച അല്‍ക്കഹോള്‍ ലായനികളാണ് ലെന്‍സ് ക്ലീനറുകള്‍.

ഒരു ലെന്‍സ് ക്ലീനര്‍ കാശ് കൊടുത്ത വാങ്ങാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ലെന്‍സ് ക്ലീനര്‍ സ്വയം നിര്‍മ്മിക്കാന്‍ കഴിയും. ഇതിന്, 70 ശതമാനം ഐസോപ്രോപൈല്‍ ആല്‍ക്കഹോളും ഡിസ്റ്റില്‍ഡ് വാട്ടറും 50:50 അനുപാതത്തില്‍ മിക്‌സ് ചെയ്താല്‍ മതിയാകും. സ്മിയര്‍ ഫ്രീ ഫിനിഷ് വേണമെന്ന് ഉള്ളവര്‍ ടാപ്പ് വെള്ളം ഉപയോഗിക്കരുതെന്നും മനസിലാക്കിയിരിക്കണം. ലെന്‍സുകള്‍ എങ്ങനെ ക്ലീന്‍ ചെയ്യാമെന്ന് മനസിലാക്കിയ സ്ഥിതിയ്ക്ക് എങ്ങനെയാണ് ലെന്‍സിനുള്ളില്‍ കയറിക്കൂടുന്ന ജലാംശം നീക്കം ചെയ്യുന്നതെന്ന് നോക്കാം.

എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ഐപി റേറ്റിങ് ഫീച്ചര്‍ ഉണ്ടാകാറില്ല. നിങ്ങളുടെ കയ്യില്‍ ഉള്ളത് ഒരു ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ പ്രത്യേകിച്ചും. ഫോണിന്റെ ലെന്‍സിനുള്ളില്‍ മഞ്ഞ് പോലെ കാണാമെങ്കില്‍ അതിനര്‍ഥം നിങ്ങളുടെ ക്യാമറ മൊഡ്യൂളിനുള്ളില്‍ ഈര്‍പ്പം കയറിയെന്നാണ്. ഈര്‍പ്പം ഘനീഭവിച്ച് വെള്ളത്തുള്ളികളായി ലെന്‍സില്‍ പറ്റിയിരിക്കുന്നതാണ് മഞ്ഞ് പോലെ കാണാന്‍ കഴിയുന്നത്.

ഫോണ്‍ ഉണക്കിയെടുക്കുന്നതാണ് ഇതിനുള്ള പരിഹാരം. സിലിക്ക ജെല്‍ പാക്കറ്റുകള്‍ക്കൊപ്പം എയര്‍ടൈറ്റ് ആയിട്ടുള്ള പാത്രങ്ങളിലോ ബോക്‌സുകളിലോ വയ്ക്കുന്നത് ഉപകരിക്കും. അരിയും ഇതിനായി ഉപയോഗിക്കാം. ഇങ്ങനെ 24 മണിക്കൂര്‍ എങ്കിലും സൂക്ഷിക്കണമെന്ന് മാത്രം. ഇത്തരം സാഹചര്യങ്ങളില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കണം. നമ്മള്‍ കരുതുന്നതിലും ഉള്ളിലേക്ക് വെള്ളം കയറിയിട്ടുണ്ടെങ്കില്‍ ഡിവൈസ് നശിക്കാതിരിക്കാന്‍ വേണ്ടിയാണിത്.

ഫോണ്‍ അടുപ്പിന്റെയും റേഡിയേറ്ററിന്റെയും സൈഡില്‍ കൊണ്ട് വയ്ക്കുക തുടങ്ങിയ കലാപരിപാടികള്‍ ഒന്നും ദയവ് ചെയ്ത് കാണിക്കരുത്. കൂടിയ താപനില ഗുണത്തേക്കാള്‍ ഉപരി ദോഷം ചെയ്യുമെന്ന് മനസിലാക്കുക. അരിയിലും സിലിക്ക ജെല്ലിലും ഒക്കെ ഇട്ട് വച്ചിട്ടും ക്യാമറ ലെന്‍സിലെ മൂടല്‍ മഞ്ഞ് മാറിയിട്ടില്ലെങ്കില്‍ ഫോണ്‍ റിപ്പയര്‍ സ്റ്റോറിലേക്ക് കൊണ്ട് പോകുന്നതാണ് നല്ലത്. സ്വയം റിപ്പയര്‍ ചെയ്ത് കുളമാക്കുന്നതിലും നല്ലതാണ് പണി അറിയാവുന്നവരുടെ കയ്യില്‍ ഡിവൈസ് നല്‍കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker