
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹിമാപാതത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള രക്ഷാദൗത്യം രണ്ടാം ദിവസത്തിൽ. ഇന്ത്യൻ കരസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഇനി 25 പേരെയാണ് അപകടസ്ഥലത്ത് നിന്ന് കണ്ടെത്താനുള്ളത്. രക്ഷപ്പെടുത്തിയ 32 പേരിൽ 23 പേർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കി. പരിക്കേറ്റ മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിവിധ ആശുപത്രികളിലേക്ക് മാറ്റി.
ഇന്നലെയാണ് ചൈനീസ് അതിർത്തിയോട് ചേർന്നുള്ള മാനാ ഗ്രാമത്തിൽ ഹിമാ പാതം ഉണ്ടായത്. ചൈനീസ് അതിർത്തിയിലേക്ക് പണിയുന്ന റോഡിന്റെ നിർമ്മാണത്തിനായി എത്തിച്ച തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. ഇന്ന് തന്നെ ഇവരെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സേന.
ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയായ മാനാ ഗ്രാമത്തിന് സമീപം ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്പിന് സമീപമാണ് വൻ ഹിമപാതമുണ്ടായത്. രാവിലെ 7:30 യോടു കൂടിയാണ് ബോർഡർ റോഡ് ഓർഗനൈസേഷൻ തൊഴിലാളികളുടെ ക്യാമ്പിന് സമീപം ഹിമപാതം ഉണ്ടായത്. 57 തൊഴിലാളികൾ മഞ്ഞിനടിയിൽ അകപ്പെട്ടു. ഇതിൽ 32 പേരെ രക്ഷപ്പെടുത്തി.
കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ കരസേനയും ഐ ടി ബി പിയും എൻ ഡി ആർ എഫും രംഗത്ത് എത്തിയിട്ടുണ്ട്. 100 അംഗ കരസേനയുടെ ഐ ബി ഇ എക്സ് ബിഗ്രേഡിലെ സംഘമാണ് രക്ഷപ്രവർത്തനം നടത്തുന്നത്. ക്യാമ്പുകളിലെ കണ്ടെയ്നര്‍ ഹോമുകള്‍ക്കുള്ളിലാണ് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നത്. വലിയ രീതിയിൽ മഞ്ഞ് നീക്കം ചെയ്തുവേണം തൊഴിലാളികളെ പുറത്തെടുക്കാൻ. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് കരസേന അറിയിച്ചു.
ഹിമപാതത്തെ തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടതും പ്രതികൂല കാലവസ്ഥയും രക്ഷാ പ്രവർത്തകർക്ക് വെല്ലുവിളിയായിരിക്കുന്നത്. അപകടത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്ക്കർ സിങ്ങ് ധാമി, എൻ ഡി ആർ എഫ്, ഐ ടി ബി പി ഡി ജിമാർ എന്നിവരുമായി സംസാരിച്ചു. പ്രദേശത്തേക്ക് കൂടുതൽ സംഘത്തെ അയച്ചു. കാലാവസ്ഥ അനുകൂലമായാല്‍ ഹെലികോപ്റ്റർ ഉപയോഗിച്ചും രക്ഷാപ്രവർത്തനത്തിനാണ് ശ്രമം.