കൊച്ചി:സ്വര്‍ണ വിപണി കഴിഞ്ഞ കുറെ നാളുകളായി സാധാരണക്കാര്‍ക്ക് ആശങ്കയാണ് സമ്മാനിക്കുന്നത്. അതേസമയം സ്വര്‍ണം നിക്ഷേപമായി വാങ്ങി സൂക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന്റെ നാളുകളാണ്. വില അത്രത്തോളം കൂടിയുണ്ട് എന്ന് സാരം. കൊവിഡിന് ശേഷം പിടിവിട്ട നിലയിലാണ് സ്വര്‍ണത്തിന്റെ വില കുതിക്കുന്നത്. ഈ മാസം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലും സ്വര്‍ണം എത്തിയിരുന്നു.
ഡിസംബര്‍ നാലിന് ഒരു ഗ്രാം സ്വര്‍ണത്തിന് 5885 രൂപ ആയിരുന്നു വില. 47080 ആയിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഏറ്റവും കുറഞ്ഞ വില ഈ മാസം 13 ന് രേഖപ്പെടുത്തി. 45320 ആയിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില, ഗ്രാമിന് 5665 രൂപയും. ഇന്നലെ ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയും സ്വര്‍ണത്തിന് കൂടിയിരുന്നു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5740 ഉം പവന് 45920 ഉം ആയി ഉയര്‍ന്നു.
ഇന്നും അതേ വിലയിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഇന്നലത്തെ വിലയില്‍ ഇന്ന് മാറ്റമില്ല. കറന്‍സി മൂല്യം, വിപണി സാഹചര്യം, ബാങ്കുകളുടെ പലിശ നിരക്ക്, പണപ്പെരുപ്പം എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് സ്വര്‍ണ വില തിട്ടപ്പെടുത്തുന്നത്. അമേരിക്കയില്‍ പലിശ നിരക്ക് വര്‍ധനവിന് അവസാനമായെന്ന വിപണി പ്രതീക്ഷകളാണ് നിലവില്‍ രാജ്യത്തെ സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
ചൊവ്വാഴ്ച ഡോളര്‍ ദുര്‍ബലമായിരുന്നു. ഇതോടെ സ്വര്‍ണം നേട്ടമുണ്ടാക്കുകയും ചെയ്തു. 0.21 ശതമാനം നേട്ടത്തില്‍ 2,022.01 ഡോളര്‍ നിലവാരത്തിലാണ് ചൊവ്വാഴ്ച സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് വ്യാപാരം നടക്കുന്നത്. ഡോളര്‍ സൂചിക 0.1 ശതമാനം ഇടിഞ്ഞ് 102.56 നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണ്. അതേസമയം കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ അരലക്ഷത്തിന് മുകളില്‍ കൊടുക്കേണ്ടി വരും.
പണിക്കൂലി, ജി എസ് ടി അടക്കമുള്ളവയാണ് ഇതിന് കാരണം. കേരളത്തില്‍ ശരാശരി ഒരു ആഭരണത്തിന്റെ പണിക്കൂലി അഞ്ച് ശതമാനമാണ്. എന്നാല്‍ ആഭരണങ്ങളിലെ ഡിസൈന്‍ കൂടുമ്പോള്‍ അതിന് ആനുപാതികമായി പണിക്കൂലിയിലും വര്‍ധനവ് ഉണ്ടാകും. മാത്രമല്ല കുറഞ്ഞ സ്വര്‍ണത്തിലുള്ള ആഭരണങ്ങള്‍ക്കും പണിക്കൂലി കൂടുതല്‍ കൊടുക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ഒരു പവന് ചുരുങ്ങിയത് 2000 രൂപ എങ്കിലും നല്‍കേണ്ടി വരും.