ടോപ്പിനടിയിൽ വസ്ത്രമില്ലെന്ന പ്രചാരണം,അവരോട് എനിക്കൊന്നും പറയാനില്ല: പ്രതികരിച്ച് ഭാവന
കൊച്ചി:വസ്ത്രധാരണത്തിന്റെ പേരിൽ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി ഭാവന. ധരിച്ചിരുന്നതു ശരീരത്തിന്റെ നിറമുള്ള സ്ലിപ്പായിരുന്നുവെന്നും അതു ടോപ്പിന്റെ ഭാഗം തന്നെയാണെന്നും ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിലും ഫോട്ടോയിലും അതു വ്യക്തമാണെന്നും ഭാവന പറഞ്ഞു. യഥാർഥ ഫോട്ടോ ഭാവന ഡിപിയാക്കുകയും ചെയ്തു.
ഭാവന വെളുത്ത ടോപ്പു ധരിച്ച് ഗോൾഡൻ വീസ സ്വീകരിക്കാനെത്തുന്ന ഫോട്ടോയും വിഡിയോയുമാണു വ്യാപകമായി പ്രചരിച്ചത്. ടോപ്പിനടിയിൽ വസ്ത്രമില്ലെന്നായിരുന്നു പ്രചാരണം. കൈ ഉയർത്തുമ്പോൾ കാണുന്നതു ശരീരമാണെന്നായിരുന്നു ആക്ഷേപം. ടോപ്പിനു താഴെ ദേഹത്തോടു ചേർന്നു കിടക്കുന്ന, ശരീരത്തിന്റെ അതേ നിറമുള്ള വസ്ത്രമാണു ഭാവന ധരിച്ചിരുന്നത്.
‘‘അകത്ത് സ്ലിപ്പെന്ന ഭാഗം കൂടി ചേർന്നതാണ് ആ ടോപ്പ്. സ്ലിപ്പ് ദേഹത്തോടു ചേർന്നു കിടക്കുന്ന വസ്ത്രമാണ്. ഇതൊരു പുതിയ കണ്ടുപിടിത്തമൊന്നുമല്ല. ധാരാളം പേർ ഉപയോഗിക്കുന്നുണ്ടെന്ന് അതു ഉപയോഗിച്ചവർക്കും കണ്ടവർക്കും അറിയാം. ടോപ് മാത്രം ധരിച്ചു പുറത്തുപോകുന്ന ഒരാളല്ല ഞാൻ.’’–ഭാവന പറഞ്ഞു.
‘‘എന്തു കിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്. ആക്ഷേപിക്കുന്നതിലും അസഭ്യം പറയുന്നതിലുമാണ് അവരുടെ സന്തോഷം. അവർക്ക് ഇതിലൂടെ മനസ്സിനു സന്തോഷവും സുഖവും കിട്ടുന്നുവെങ്കിൽ കിട്ടട്ടെ. അവരോട് എനിക്കൊന്നും പറയാനേയില്ല’’– ഭാവന വ്യക്തമാക്കി.