അയൽക്കാരൻ പ്രശ്നമുണ്ടാക്കി;എന്റെ സ്വഭാവം പുറത്തെടുത്തു; കലക്ടർ ഇടപെട്ടു; തുറന്ന് പറഞ്ഞ് പോളി വത്സൻ
കൊച്ചി:അഭിനയ മികവ് കൊണ്ട് ജനപ്രീതി നേടിയ നടിയാണ് പോളി വത്സൻ. മലയാള സിനിമയ്ക്ക് വൈകി കിട്ടിയ പ്രതിഭയാണ് പോളിയെന്ന് പ്രേക്ഷകർ പറയുന്നു. സിനിമാ രംഗത്തേക്ക് കടന്ന് വരുന്നതിന് വർഷങ്ങൾക്ക് മുമ്പേ പോളി വത്സൻ നാടക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ നാടകങ്ങളിൽ പോളി അവതരിപ്പിച്ചിട്ടുണ്ട്. വൈകിയാണ് സിനിമാ രംഗത്തേക്ക് എത്തിയതെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ പോളി വത്സന് ലഭിച്ചു.
അപ്പൻ എന്ന സിനിമയിൽ പോളി ചെയ്ത വേഷം വൻജനപ്രീതി നേടി. ജീവിതത്തിൽ പല പ്രതിസന്ധികളും നേരിട്ട പോളി വത്സൻ ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ അടുത്തിടെ അയൽക്കാരനുമായി തനിക്കുണ്ടായ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് പോളി. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ചെയ്യാവുന്ന കാര്യങ്ങളേ ചെയ്യൂ. ചെയ്യുമെന്ന് വിചാരിച്ചാൽ ഞാൻ ചെയ്യും.
അടുത്ത ദിവസം അപ്പുറത്തെ വീട്ടുകാരനുമായി പറമ്പിന്റെ പേരിൽ പ്രശ്നമുണ്ടായി. ഒരു സെന്റ് സ്ഥലം വളച്ച് വഴി കയറ്റി വെച്ചു. ഞങ്ങൾ തർക്കിക്കാൻ പോയില്ല. വേണ്ട റൂട്ടിൽ കൂടെ പോയി. കറക്ട് ആയി അളന്ന് തിട്ടപ്പെടുത്തിയിട്ടും സമ്മതിച്ചില്ല. അഞ്ച് പ്രാവശ്യം അളക്കാൻ വന്നപ്പോഴും ബുദ്ധിമുട്ടുണ്ടാക്കി. അപ്പോൾ ഞാൻ എന്റെ സ്വഭാവം എടുത്തു. നേരെ കല്കടറുടെ അടുത്ത് പോയി.
എനിക്ക് നീതി നടത്തി തരണം, എന്റെ വശത്ത് സത്യമുണ്ട്, സത്യമുള്ള വശത്ത് നിന്ന് സാറിത് ചെയ്ത് തരണം എന്ന് പറഞ്ഞു. സാർ പൊലീസ് പ്രൊട്ടക്ഷനോടെ അളക്കാൻ അനുമതി നൽകി. അവരുടെ വേലി ഞാൻ പൊട്ടി പൊളിച്ച് മാറ്റി. ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. അതുകൊണ്ട് തനിക്ക് നീതി കിട്ടിയെന്നും പോളി വത്സൻ പറയുന്നു. നാടക രംഗത്തെ ഓർമകളും നടി അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്.
നടൻ തിലകനൊപ്പം ചെയ്ത നാടകത്തിൽ 19 വയസുള്ള താൻ 74 വയസുള്ള കഥാപാത്രം ചെയ്തതിനെക്കുറിച്ചും പോളി വത്സൻ സംസാരിച്ചു. മുഖത്ത് കുട്ടിത്തം പോലും മാറാത്ത സമയത്താണ് ഞാനത് ചെയ്യുന്നത്. ഞാൻ ആ കഥാപാത്രം ചെയ്യുമെന്ന് തിലകൻ ചേട്ടന് ബോധ്യപ്പെട്ടത് കൊണ്ടാണ് എന്നെ വിളിച്ചത്. ഞാനന്ന് നീണ്ട് മെലിഞ്ഞയാളാണ്.
നായികയാകാൻ തടിയൊക്കെയുള്ളവർക്കാണ് പ്രാധാന്യം. എന്റെ രൂപം ആ കഥാപാത്രത്തിന് ഇണങ്ങുമെന്നത് കൊണ്ടാണ് എനിക്കാ വേഷം തന്നത്. ഡയലോഗ് പ്രസന്റേഷന്റെ കാര്യത്തിൽ തിലകൻ ചേട്ടനുമായി കട്ടയ്ക്ക് നിൽക്കും. നാടകത്തിൽ മത്സരമായിരുന്നെന്നും പോളി വത്സൻ ഓർത്തു. നാടക നടി, സിനിമാ നടി എന്നതിനപ്പുറം കലാകാരിയായി അറിയപ്പെടാനാണ് ഇഷ്ടമെന്നും പോളി വത്സൻ വ്യക്തമാക്കി.
2008 ൽ അണ്ണൻ തമ്പി എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടാണ് പോളി വത്സൻ സിനിമാ രംഗത്ത് തുടക്കം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമകൾ നടിയെ തേടി വന്നു. ചെറിയ പ്രായം മുതലേ നാടകങ്ങളിൽ അമ്മ വേഷം ചെയ്യുന്ന പോളി വത്സന് ഇന്ന് സിനിമകളിൽ വ്യത്യസ്തമായ അമ്മ വേഷങ്ങൾ ലഭിക്കുന്നുണ്ട്. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.