FeaturedHome-bannerNationalNews

ഭരണഘടനയിലെ ‘ഇന്ത്യ’ എന്ന പേര് നീക്കണം: ആവശ്യവുമായി ബി.ജെ.പി എം.പി,എതിര്‍ത്ത്‌ പ്രതിപക്ഷം

ന്യൂഡല്‍ഹി: ഭരണഘടനയിൽ നിന്ന് ഇന്ത്യ എന്ന പേര് മാറ്റണമെന്ന് ബിജെപി എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. ഉത്തരാഘണ്ഡിൽ നിന്നുള്ള എംപി നരേഷ് ബൻസലാണ് രാജ്യസഭയിൽ ഈ ആവശ്യം ഉന്നയിച്ചത്. പിടി ഉഷയായിരുന്നു ഈ സമയം രാജ്യസഭ നയിച്ചത്. വിഷയം അവതരിപ്പിച്ചതിൽ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വന്നു. ഈ വിഷയത്തെ ചൊല്ലി രാഷ്ട്രീയ തർക്കവും മുറുകുകയാണ്.

ഇന്ത്യ അഥവാ ഭാരത് എന്നത് മാറ്റി ഭരണഘടനയിൽ ഭാരത് എന്ന് മാത്രമാക്കുക എന്നാണ് എംപി ആവശ്യപ്പെട്ടത്. ഭാരത മാതാവിന് കൊളോണിയൽ ചിന്തയിൽ നിന്ന് സ്വാതന്ത്ര്യം നൽകണമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ ചർച്ച നീട്ടിക്കൊണ്ടുപോകുന്നതിലുള്ള ബഹളം കാരണം പാർലമെൻറ് ഇന്നും സ്തംഭിച്ചിരുന്നു. ചർച്ച ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തേക്ക് പോയപ്പോഴാണ് ബിജെപി എംപി വിവാദ ആവശ്യവുമായി രംഗത്ത് വന്നത്.

നരേന്ദ്ര മോദി തന്നെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ കൊളോണിയൽ ചിന്താഗതി മാറ്റണമെന്ന് ആവശ്യപ്പെട്ടതാണെന്ന് നരേഷ് ഗോയൽ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. നരേഷ് ബൻസലിനെ ഇത് ഉന്നയിക്കാൻ അനുവദിച്ചത് ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ബിജെപിയുടെ നയമാണ് എംപിയിലൂടെ പുറത്തുവന്നതെന്നും ഇന്ത്യ സഖ്യ നേതാക്കൾ പറഞ്ഞു. 

മണിപ്പൂരിലെ സാഹചര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചക്കെടുക്കാത്തത് ലോക്സഭയിൽ വലിയ ബഹളത്തിന് ഇടയാക്കിയിരുന്നു. നോട്ടീസ് നൽകിയ ദിവസം തന്നെ അവിശ്വാസ പ്രമേയം പരിഗണിച്ച കീഴ്വഴക്കമുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. സ്പീക്കർ ഈ ആവശ്യം അംഗീകരിച്ചില്ല. പ്രതിഷേധം കാരണം സഭ പന്ത്രണ്ട് മണിക്ക് തന്നെ പിരിഞ്ഞു. തിങ്കളാഴ്ച കക്ഷി നേതാക്കളുടെ യോഗം കേന്ദ്ര സർക്കാർ വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ അവിശ്വാസ പ്രമേയത്തിൽ എന്ന് ചർച്ച നടത്തുമെന്ന ധാരണയുണ്ടാകും.

പ്രതിപക്ഷ സഖ്യമായ ‘ ഇന്ത്യ’ യെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ‘ ഇന്ത്യ’ ഉണ്ടെന്നും അതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷത്തെ താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു.

‘ ഇന്ത്യ എന്ന പേരുപറഞ്ഞ് അവര്‍ ആത്മപ്രശംസ തുടരുകയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയെല്ലാം ഇന്ത്യ എന്ന് ഉപയോഗിക്കുന്നുണ്ട്. ഇതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. രാജ്യത്തിന്റെ പേര് ഉപയോഗിച്ചുകൊണ്ട് മാത്രം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല’- അദ്ദേഹം പറഞ്ഞു.മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker