KeralaNews

മലയാള സിനിമാ മേഖല വീണ്ടും വന്‍ പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം : 2021 ജനുവരി മുതല്‍ കൊവിഡ് നിയന്ത്രണങ്ങളോടെ അൻപത് ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്ററുകൾ തുറന്നെങ്കിലും സെക്കന്‍ഡ് ഷോ അനുവദിച്ചിരുന്നില്ല. സെക്കന്‍ഡ് ഷോ ഇനിയും പുനരാരംഭിക്കാതെ ചലച്ചിത്ര മേഖലക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് സിനിമാ സംഘടനകള്‍ വ്യക്തമാക്കുന്നത്.

തിയേറ്റർ കളക്ഷനില്‍ നിര്‍ണായകമെന്ന് കരുതുന്ന വാരാന്ത്യത്തില്‍ ഉള്‍പ്പെടെ കുടുംബ പ്രേക്ഷകരെ പ്രതീക്ഷിക്കുന്നത് സെക്കന്‍ഡ് ഷോയ്ക്കാണ്. സെക്കന്‍ഡ് ഷോ പുനരാരംഭിക്കാത്തത് മൂലം കൂട്ടത്തോടെ റിലീസുകള്‍ മാറ്റിവെക്കേണ്ട സാഹചര്യത്തിലാണ് നിര്‍മ്മാതാക്കളും വിതരണക്കാരും.

മാർച്ച് 4 നു പ്രഖ്യാപിച്ചിട്ടുള്ള മമ്മൂട്ടി ചിത്രം ‘ദ് പ്രീസ്റ്റ്’ ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങളുടെ റിലീസ് നടക്കുമോയെന്ന് ഉറപ്പില്ല. സർക്കാർ അനുകൂല നിലപാടു സ്വീകരിച്ചില്ലെങ്കിൽ, കോവിഡ് പ്രതിസന്ധി മൂലം 10 മാസമായി അനുഭവിക്കുന്ന ദുരിതം തുടരുമെന്ന ഭീതിയിലാണു ചലച്ചിത്ര വ്യവസായം.

ബിജു മേനോന്‍ പാര്‍വതി ചിത്രം ‘ആര്‍ക്കറിയാം’, ‘വര്‍ത്തമാനം’, ‘മോഹന്‍കുമാര്‍ ഫാന്‍സ്’, ‘അജഗജാന്തരം’ എന്നിവ മാര്‍ച്ച് റിലീസായി അനൗണ്‍സ് ചെയ്തിരുന്നതാണ്. സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ മാര്‍ച്ചില്‍ ഈ സിനിമകളെല്ലാം റിലീസ് സാധ്യമല്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. കനത്ത വരുമാന നഷ്ടത്തോടെ അൻപത് ശതമാനം സീറ്റില്‍ പ്രദര്‍ശനം തുടരുന്നത് തിയറ്ററുകളെയും സാരമായി ബാധിച്ചിട്ടുണ്ട്.

80 കോടിയിലേറെ ചെലവിട്ട ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’, 25 കോടി ചെലവിട്ടു നിർമിച്ച ‘മാലിക്’ തുടങ്ങി വൻ ബജറ്റ് ചിത്രങ്ങൾ ഒരു വർഷമായി കാത്തിരിക്കുകയാണ്. അതുപോലെ എത്രയോ ചിത്രങ്ങൾ. വമ്പൻ മുടക്കുമുതലുള്ള ചിത്രങ്ങൾ പ്രതികൂല സാഹചര്യങ്ങളിൽ റിലീസ് ചെയ്യുക എളുപ്പമല്ല. സെക്കൻഡ് ഷോ അനുവദിച്ചാൽ ആ സ്ഥിതി മാറും കൂടുതൽ ചിത്രങ്ങളെത്തും, കാണികളും വരുമാനവും വർധിക്കും.

സെക്കൻഡ് ഷോ കൂടി അനുവദിക്കുന്നതു സിനിമാ വ്യവസായത്തിനു മാത്രമല്ല, അനുബന്ധ വാണിജ്യ മേഖലകൾക്കും വരുമാന വർധനയ്ക്കു സഹായിക്കും. ഓട്ടോ , ടാക്സി സർവീസുകൾ, റസ്റ്ററന്റുകൾ, വ്യാപാര സ്ഥാപനങ്ങൾ, പാർക്കിങ് സോണുകൾ തുടങ്ങി വിവിധ മേഖലകളിൽക്കൂടി സാമ്പത്തിക ഉണർവിനു വഴിയൊരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker