NationalNews

രാജ്യത്തെ ഏറ്റവും വലിയ പള്ളി ഉയരുന്നത് അയോധ്യയില്‍,പള്ളിയ്ക്ക് പേരിട്ടു,നിര്‍മ്മാണം ഉടന്‍

മുംബൈ: അയോധ്യയിൽ നിർമിക്കുന്ന മുസ്ലിം പള്ളിയുടെ പുതിയ രൂപകല്‍പ്പനയും പേരും അനാവരണം ചെയ്തു. അയോധ്യാ വിഷയത്തിൽ സുപ്രീം കോടതി വിധി വന്ന് നാല് വർഷത്തിന് ശേഷമാണ് പള്ളി നിർമാണം തുടങ്ങുന്നത്. നേരത്തെ തീരുമാനിച്ച രൂപകല്‍പ്പനക്ക് വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നെന്നും അതുകൊണ്ടാണ് പുതിയ രൂപ കല്‍പ്പന തയ്യാറാക്കിയതെന്ന് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോർഡ് ചെയർമാൻ സുഫർ അഹമ്മദ് ഫാറൂഖി പറഞ്ഞു, വ്യാഴാഴ്ച മുംബൈയിലെ രംഗ് ശാരദ ഹാളിൽ നടന്ന പൊതുയോഗത്തിലാണ് രൂപകല്‍പനയും പേരും അനാവരണം ചെയ്തത്. ആർക്കിടെക്റ്റ് ഇമ്രാൻ ഷെയ്ഖാണ് രൂപ കല്‍പ്പന. ദ ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മുഹമ്മദ് ബിന്‍ അബ്ദുള്ള എന്ന പേരാണ് പള്ളിക്ക് നൽകിയത്. 4500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലായിരിക്കും പള്ളി നിര്‍മിക്കുക.  ബാബ്റി മസ്ജിദ് പള്ളിക്ക് പകരമായാൻ് പുതിയ പള്ളി നിർമിക്കുന്നത്. ഓൾ ഇന്ത്യ റബ്ത-ഇ-മസാജിദിനെയും ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷനെയും പ്രതിനിധീകരിക്കുന്ന സംഘമുള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു.

9,000 വിശ്വാസികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ മസ്ജിദാകുമെന്ന് അധികൃതര്‍ അറിയിച്ചു. അയോധ്യക്ക് 25 കിലോമീറ്റർ അകലെയുള്ള ദാനിപൂരിലെ അഞ്ച് ഏക്കർ സ്ഥലത്താണ് പള്ളിയുടെ നിർമാണം. പതിറ്റാണ്ടുകൾ നീണ്ട തർക്കത്തിനൊടുവിൽ 2019 നവംബർ 9 ന് സുപ്രീം കോടതി തർക്കത്തിലുള്ള 2.77 ഏക്കർ ഭൂമി രാമജന്മഭൂമി ട്രസ്റ്റിന് നൽകുകയും പള്ളി പണിയുന്നതിന് 5 ഏക്കർ സ്ഥലം പകരം നൽകാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. 

വ്യാഴാഴ്ച നടന്ന ചടങ്ങിൽ ഇസ്‌ലാമിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട മുതിർന്ന പുരോഹിതന്മാർക്ക് ഇഷ്ടിക കൈമാറുകയും രൂപകൽപ്പന  അനാച്ഛാദനം ചെയ്യുകയും ചെയ്തു. യുപി സുന്നി സെൻട്രൽ വഖഫ് ബോർഡും ഇന്തോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ചെയർമാനുമായ സുഫർ അഹമ്മദ് ഫാറൂഖി, മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാനും ബിജെപി നേതാവുമായ ഹാജി അറഫാത്ത്, ആർക്കിടെക്റ്റ് ഇമ്രാൻ ഷെയ്ഖ്, അഭിനേതാക്കളായ റാസ മുറാദ്, ഷഹ്‌സാദ് ഖാൻ, രാജ്യത്തെ നിരവധി ദർഗകളുടെ തലവൻമാരും ഖാദിമാരും പങ്കെടുത്തു. ബാന്ദ്രയിലെ രംഗ്‌ശാരദ ഹാളിലാണ് പരിപാടി നടത്തിയത്. 

പള്ളിയുടെ പേരുമായി ബന്ധപ്പെട്ട് മത നേതാക്കൾ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനമായത്. മുഹമ്മദ് നബിയുടെയും അദ്ദേഹത്തിന്റെ പിൻഗാമികളായ ഹസ്രത്ത് അബൂബക്കർ, ഹസ്രത്ത് ഉമർ, ഹസ്രത്ത് ഉസ്മാൻ, ഹസ്രത്ത് അലി എന്നീ നാല് ഖലീഫമാരുടെയും പേരിലായിരിക്കും പള്ളിയുടെ അഞ്ച് കവാടങ്ങൾ അറിയപ്പെടുക.

പള്ളിയോടനുബന്ധമായി കാൻസർ ആശുപത്രി, മെറ്റേണിറ്റി ഹോസ്പിറ്റൽ, എഞ്ചിനീയറിംഗ്, മെഡിസിൻ, ലോ കോളേജുകൾ എന്നിവ നിർമ്മിക്കാൻ ആറ് ഏക്കർ അധിക സ്ഥലം വാങ്ങുമെന്നും ഇവർ അറിയിച്ചു. മസ്ജിദ് സമുച്ചയത്തിൽ ലൈബ്രറി, മ്യൂസിയം, കോൺഫറൻസ് ഹാൾ, ഇൻഫർമേഷൻ സെന്റർ തുടങ്ങിയവയുമുണ്ടായിരിക്കും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker