KeralaNewspravasi

കുഞ്ഞു പിറന്ന സന്തോഷം പങ്കുവച്ചു, തൊട്ടുപിന്നാലെ മരണം; ഷൈജുവിന്റെ വേർപാട് വിശ്വസിക്കാനാകാതെ കുടുംബവും സുഹൃത്തുക്കളും

ലണ്ടൻ: ബ്രിട്ടനിൽ നവജാതശിശുവിനെ കാണാൻ ആശുപത്രിയിലെത്തിയ മലയാളി യുവാവിനെ ആശുപത്രിയുടെ കാന്റീൻ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കറുകച്ചാൽ സ്വദേശി ഷൈജു സ്കറിയ ജെയിംസാണ് (37) ഇന്നലെ വൈകിട്ട് ഇംഗ്ലണ്ടിലെ പ്ലിമത്തിൽ മരിച്ചത്.

സിസേറിയനു ശേഷം ആശുപത്രിയിൽ കഴിയുന്ന നഴ്സായ ഭാര്യയെും കുഞ്ഞിനെയും കണ്ടശേഷം ഭക്ഷണം കഴിക്കാൻ പോയ ഷൈജുവിനെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആശുപത്രി കാന്റീനിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 

കഴിഞ്ഞ രണ്ടു ദിവസമായി നടന്ന രണ്ടു മലയാളി മരണങ്ങൾക്കു പിന്നാലെയാണ് ഹൃദയം പിളർക്കുന്ന മൂന്നാമത്തെ മരണവാർത്തയും ബ്രിട്ടനിലെ മലയാളികൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അറിയുന്നത്. 

ഷൈജുവിന്റെ ഭാര്യ നിത്യ രണ്ടു ദിവസം മുമ്പാണ് സിസേറിയനിലൂടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിൽ കഴിയുന്ന നിത്യയെയും കുഞ്ഞിനെയും കാണാനെത്തിയ ഷൈജു ഭക്ഷണം കഴിക്കാനായി ആശുപത്രി കാന്റീനിലേക്കു പോയി ഏറെനേരം കഴിഞ്ഞുട്ടും തിരിച്ചു വന്നില്ല.

ഇതിനിടെ ഷൈജുവിന്റെ ഫോണിലേക്ക് നിത്യ വിളിച്ചെങ്കിലും ഫോണെടുത്തില്ല. മൂത്ത കുട്ടിയെ സ്കൂളിൽനിന്നും എടുക്കേണ്ട സമയമായിട്ടും പ്രതികരിക്കാതായതോടെ പന്തികേടു തോന്നിയ നിത്യ ആശുപത്രി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. 

തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് കാന്റീനിലെ ശുചിമുറിയിൽ വീണുകിടക്കുന്ന നിലയിൽ ഷൈജുവിനെ കണ്ടെത്തിയത്. ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇതിനിടെ മരണം സംഭവിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. രണ്ടുവർഷം മുമ്പാണ് ഷൈജുവും കുടുംബവും ബ്രിട്ടനിൽ എത്തിയത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

ചൊവ്വാഴ്ച ഉച്ച കഴിഞ്ഞു പ്ലിമത്ത് ഡെറിഫോർഡ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ആശുപത്രിയിൽ വച്ചാണ് കുഴഞ്ഞു വീണു മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. ഷൈജുവിന്റെ ഭാര്യ നിത്യ നാല് ദിവസം മുൻപാണ് സിസേറിയനിലൂടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇത് സംബന്ധിച്ച് ഷൈജു സമൂഹമാധ്യമത്തിൽ സന്തോഷം പങ്കുവച്ച് പോസ്റ്റ് ഇട്ടിരുന്നു. ഷൈജുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പടെയുള്ളവർക്ക് മരണവാർത്ത നൊമ്പരമായി മാറിയിരിക്കുകയാണ്.

നിത്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ തന്നെയായിരുന്ന ഷൈജു തിങ്കളാഴ്ചയാണ് മകനെ സ്കൂളിൽ വിടുന്നതിനായി വീട്ടിലേക്ക്‌ മടങ്ങിയത്. ഷൈജുവിനോപ്പം ജോലി ചെയ്യുന്ന ജിനോയി ചെറിയാന്റെ കുടുംബത്തിന് ഒപ്പമായിരുന്നു മകൻ. കഴിഞ്ഞ ദിവസം മകനെ സ്കൂളിൽ വിട്ട ശേഷം ആശുപത്രിയിൽ മടങ്ങിയെത്തിയ ഷൈജു ഏറെ നേരം ഭാര്യയ്ക്കും മകൾക്കുമൊപ്പം സമയം ചെലവഴിച്ചിരുന്നു.

രണ്ടു വർഷം മുൻപാണ് ഷൈജു യുകെയിൽ എത്തുന്നത്. പ്ലിമത്തിലെ ബട്സ് എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഷൈജു യുകെയിൽ എത്തും മുൻപ് കുവൈത്തിൽ ആയിരുന്നു. മൂന്ന് വർഷം മുൻപ് യുകെയിൽ എത്തിയ ഭാര്യ നിത്യ പ്ലിമത്ത് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ന്യൂറോ സർജറി യൂണിറ്റിലെ നഴ്സാണ്.

പ്ലിമത്തിലെ മലയാളി അസോസിയേഷനായ പിഎംസിസിയുടെ സജീവ പ്രവർത്തകരായിരുന്നു ഷൈജുവും കുടുംബവും. ഷൈജുവിന്റെ ഭാര്യ പിഎംസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. യുകെ വൂസ്റ്ററിലുള്ള ബന്ധുവായ ടോബി സ്കറിയയുമായും നാട്ടിലെ സഹോദരങ്ങളുമായും സുഹൃത്തുക്കളുമായും മരണ ദിവസം രാവിലെയും ഉച്ചയ്ക്കുമൊക്കെ  ഫോണിൽ സംസാരിച്ചിരുന്നു. 

പുന്നവേലി മുളയംവേലി മുരിക്കനാനിക്കൽ വീട്ടിൽ ജെയിംസ് ജോസഫ് (തങ്കച്ചൻ), ജോളിമ്മ (നടുവിലേ പറമ്പിൽ) എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: നിത്യ ജോസഫ് (വരകു കാലായിൽ). മക്കൾ: ആരവ്(5), അന്ന(4 ദിവസം). സഹോദരങ്ങൾ: ശുഭ ജെയിംസ് (കവിയിൽ, മേവട), ഷിജോ എം. ജെയിംസ് (പവർ വിഷൻ ടി.വി). മൃതദേഹം  ആശുപത്രി മോർച്ചറിയിൽ ആണ്  ഇപ്പോൾ ഉള്ളത്.

പ്ലിമത്ത് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി പ്രസിഡന്റ് സിബി ജോസഫ്, സെക്രട്ടറി ആര്യ വിജയൻ, യുകെയിലുള്ള ബന്ധു ടോബി സ്കറിയ എന്നിവർ ഉൾപ്പെടെയുള്ള സുഹൃത്തുക്കളും ബന്ധുക്കളും ഷൈജുവിന്റെ കുടുംബത്തിന് ഒപ്പം പ്ലിമത്തിൽ ഉണ്ട്‌. യുകെയിലെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് പിഎംസിസി ഭാരവാഹികൾ അറിയിച്ചു. സിറോ മലബാർ സഭയുടെ മുണ്ടന്താനം സെന്റ് ആന്റണീസ് പള്ളി ഇടവകാംഗമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker