ടെല്‍ അവീവ്: ഗാസ മുനമ്പിനെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്. ഗാസയെ തങ്ങള്‍ പൂര്‍ണ്ണമായും വളഞ്ഞെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. അതിനിടെ, ഗാസയിലേക്കുള്ള ആശയവിനിമയ സംവിധാനം മൂന്നാം തവണയും പൂര്‍ണ്ണമായും തകര്‍ന്നു.
ഇപ്പോള്‍ വടക്കന്‍ ഗാസയും തെക്കന്‍ ഗാസയുമായി മാറിക്കഴിഞ്ഞു. ഇത് ഹമാസിനെതിരായ യുദ്ധത്തിന്റെ നിര്‍ണായകഘട്ടമാണെന്നും ഇസ്രയേല്‍ സൈന്യത്തിന്റെ വക്തമാവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.
‘സൈന്യം തീരപ്രദേശത്തെത്തി. ഇവിടം കീഴടക്കിയിരിക്കുകയാണ്. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന ഇടങ്ങള്‍ക്ക് നേരെ വ്യാപകമായി ആക്രമണം നടത്തുന്നുണ്ട്. അത് ഭൂമിക്കടയിലായാലും മുകളിലായാലും’- ഹഗാരി പറഞ്ഞു.
രാത്രിയിലും വലിയ സ്‌ഫോടനങ്ങള്‍ വടക്കന്‍ ഗാസയിലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഗാസയിലുടനീളം ആശയവിനിമയോപാധികള്‍ തകര്‍ന്നതായി നെറ്റ്‌ബ്ലോക്‌സ് ഡോട്ട് ഒ.ആര്‍.ജി. റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം പലസ്തീനിയന്‍ ടെലികോം സേവനദാതാക്കളായ പല്‍ടെലും സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ഗാസയിലെ ഇസ്രയേല്‍ അക്രമങ്ങളുടെ പൂര്‍ണ്ണരൂപം പുറത്തെത്തുന്നില്ല.