റിയാദ് : പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരമുള്ള ദന്തൽ മേഖലയിലും 35 ശതമാനം സ്വദേശി വത്കരണം ഏർപ്പെടുത്തി സൗദി അറേബ്യ. തീരുമാനം മാർച്ച് 10 മുതൽ നിലവിൽ വന്നു. രാജ്യത്തെ പൗരൻമാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിന്റെ ഭാഗമാണ് പുതിയ തീരുമാനം നടപ്പാക്കിയത്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്.
ദന്തൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സ്വദേശിവത്കരണം നടപ്പാക്കുന്നതിന് ആറുമാസത്തെ കാലാവധി മാനവ വിഭവ ശേഷി മന്ത്രാലയം അനുവദിച്ചിരുന്നു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ അടങ്ങുന്ന ഗൈഡ് മന്ത്രാലയം പുറത്തിറക്കിയിരുന്നു. മൂന്നോ അതിലധികമോ ജോലിക്കാരോ ഉള്ള സ്വകാര്യമേഖലയിലെ മുഴുവൻ സ്ഥാപനങ്ങൾക്കും നിർദ്ദേശം ബാധകമാണ്.
സ്വദേശിവത്കരണത്തിൽ ഉൾപ്പെടുന്ന ദന്ത ഡോക്ടർക്ക് സോഷ്യൽ ഇൻഷ്വറൻസിൽ രജിസ്ട്രേഷൻ ഉറപ്പാക്കണം. കൂടാതെ പ്രതിമാസ വേതനം 7000 റിയാലിൽ കുറയാനും പാടില്ല. അതിൽ കുറവ് വേതനം ലഭിക്കുന്ന ദന്ത ഡോക്ടർമാരെ സ്വദേശിവത്കരണ ശതമാനത്തിൽ കണക്കാക്കില്ല. തീരുമാനം നടപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് വേണ്ട സഹായവും മന്ത്രാലയം നൽകും.