ജയ്പൂർ: വിവാഹ നിശ്ചയത്തിനെ ഉണ്ടായ തർക്കത്തിനിടെ വരന്റെ സഹോദരന്റെ മീശ വടിച്ച് വധുവിന്റെ വീട്ടുകാർ. രാജസ്ഥാനിലെ കരൗളി ജില്ലയിലാണ് സംഭവം. നിശ്ചയത്തിന് എത്തിയപ്പോൾ വരന്റെ സഹോദരിക്ക് പെണ്ണിനെ ഇഷ്ടമായില്ല. ഇതിന് പിന്നാലെയാണ് തർക്കം ആരംഭിച്ചത്. വിവാഹം ആലോചിച്ച സമയത്ത് വധുവിന്റേത് എന്ന് പറഞ്ഞ് കാണിച്ച ഫോട്ടോയിൽ നിന്ന് ഒരുപാട് മാറ്റം ഉണ്ടായിരുന്നു വധുവിനെ നേരിട്ട് കണ്ടപ്പോഴെന്നാണ് വരന്റെ ബന്ധുക്കൾ പറയുന്നത്.
പെണ്ണിനെ കണ്ടതോടെ സഹോദരി ഇക്കാര്യം പറയുകയും ചെയ്തു. ഇതിന് പിന്നാലെ വീട്ടുകാരും തമ്മിൽ തർക്കമായി. തർക്കത്തിനിടെ വരന്റെ സഹോദരന്റെ മീശ വധുവിന്റെ കുടുംബക്കാർ വടിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോ വൈറലായതിന് പിന്നാലെ വരനും ഒരു വീഡിയോ പങ്കുവെച്ചു. എന്താണ് നടന്നത് എന്ന് വരൻ വീഡിയോയിൽ പറയുന്നുണ്ട്.
യഥാർത്ഥ വധുവും വധുവിന്റെ കുടുംബം പങ്കുവെച്ച ഫോട്ടോയും തമ്മിൽ വലിയ പൊരുത്തക്കേടുകൾ കണ്ടെത്തിയതോടെയാണ് വിവാഹ നിശ്ചയം റദ്ദാക്കാൻ തീരുമാനിച്ചതെന്ന് വരൻ പറഞ്ഞു. തങ്ങൾക്ക് വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ കുറച്ച് സമയം വേണമെന്നാണ് പറഞ്ഞതെന്നും വിവാഹം വേണ്ട എന്നല്ല പറഞ്ഞതെന്നും വരൻ പറഞ്ഞു.
തനിക്കും കുടുംബത്തിനും അനാവശ്യ സമ്മർദ്ദം ഏൽക്കേണ്ടി വന്നുവെന്നും സമൂഹത്തിന് മുന്നിൽ നാണംകെട്ടുവെന്നും വരൻ വീഡിയോയിൽ പറയുന്നു. വരൻറെ വീട്ടുകാർ പോലീസിനെ സമീപിച്ചു. വധുവിന്റെ വീട്ടുകാർ പണം നൽകി പ്രശ്നം പരിഹരിക്കാൻ നിർബന്ധിക്കുന്നതായി വരന്റെ കുടുംബം പറയുന്നു. അതേ സമയം സംഭവം പോലീസ് നീരീക്ഷിക്കുകയാണ്. രണ്ട് കുടുംബക്കാരും ഔദ്യോഗകിമായി പരാതി നൽകാത്തതിനാൽ ഇടപെടുന്നില്ല.