തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിർദ്ദേശങ്ങൾ പുറത്ത്. സോഷ്യൽ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏർപ്പെടുത്തണം, ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ നിയമിക്കരുത്, തുല്യവേതനം ഉറപ്പാക്കണം തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
സിനിമാ മേഖലയിൽ വ്യക്തമായ കരാർ നിർബന്ധമാക്കണം, ജോലി സ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല, സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം, സുരക്ഷിതമല്ലാത്ത താമസ, യാത്രാ സൗകര്യങ്ങൾ സ്ത്രീകൾക്കായി ഒരുക്കരുത്, സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം പാടില്ല തുടങ്ങിയ കാര്യങ്ങളും കരട് നിർദേശത്തിൽ പറയുന്നുണ്ട്.
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് യോഗം നടക്കുന്നത്. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അടക്കം സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ഡബ്ല്യുസിസിയിൽനിന്നു പത്മപ്രിയ, ബീനാ പോൾ എന്നിവരാണ് പങ്കെടുത്തത്.
അമ്മ സംഘടനയിൽ നിന്നും ഇടവേള ബാബു, സിദ്ദിഖ്, മണിയൻ പിള്ള രാജു എന്നിവരും പങ്കെടുത്തു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി രണ്ട് വർഷം മുമ്പാണ് റിപ്പോർട്ട് നൽകിയത്.
ജസ്റ്റിസ് കെ. ഹേമ, നടി ശാരദ, മുൻ ഐഐഎസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി എന്നിവർ അടങ്ങിയ കമ്മീഷന്റെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ കരട് നിർദേശങ്ങൾ തയ്യാറാക്കിയത്. റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറായിരുന്നില്ല.