30 C
Kottayam
Friday, May 3, 2024

ക്രിസ്ത്യൻ പള്ളി തകർത്തു,പൊലീസ് സൂപ്രണ്ടിന്‍റെ തലതല്ലിപ്പൊളിച്ചു; ബിജെപി നേതാവടക്കം 5 പേര്‍ അറസ്റ്റില്‍

Must read

റായ്പുര്‍: ഛത്തീസ്ഗഡിലെ നാരായൺപുരിൽ ക്രിസ്ത്യൻ പള്ളി തകർത്ത കേസിൽ ബിജെപി ജില്ലാ നേതാവ് ഉൾപ്പെടെ അഞ്ച് പേരെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് പ്രദേശത്ത് ആക്രമണം നടന്നത്. മതപരിവർത്തനം ആരോപിച്ച്  ഒരുസംഘം ഛത്തീസ്ഗഡിലെ നാരായൺപുരിൽ ക്രിസ്ത്യൻ ചർച്ച് തകർക്കുകയും നാരായൺപുർ പൊലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന്‍റെ തലതല്ലിപ്പൊളിക്കുകയും ചെയ്യുകയായിരുന്നു.

ലധാക്ഷ്യ രൂപ്‌സ, അങ്കിത് നന്ദി, അതുൽ നെതാം, ഡോമൻദ് യാദവ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടൂതൽ പേർക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. ഇതിനിടെ സംഭവസ്ഥലം സന്ദർശിക്കാനെത്തിയ ബിജെപി പ്രതിനിധി സംഘത്തിന് നാരായൺപുർ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. സംഘർഷ സാഹചര്യം കണക്കിലെടുത്താണ് നടപടി. ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് തിങ്കളാഴ്ച ആദിവാസി സംഘടനയുടെ നേതൃത്വത്തിൽ നാരായൺപുരിൽ ബന്ദ് സംഘടിപ്പിച്ചിരുന്നു.

ഇതിനിടെയാണ് ആക്രമണം നടന്നത്. ജില്ലാ ആസ്ഥാനത്ത് നിന്ന് കേവലം ഒരു കിലോമീറ്റർ അകലെയുള്ള സ്കൂൾ വളപ്പിൽ നിർമിച്ച പള്ളിക്ക് നേരെയാണ് ആക്രമണം നടന്നത്. അതേസമയം ആക്രമണത്തിൽ വ്യാപക പ്രതിഷേധമാണ് ക്രിസ്ത്യൻ സംഘടനകളിൽ നിന്ന് ഉയരുന്നത്. നേരത്തെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെ ആക്രമണം നടക്കുമ്പോൾ ഇതിനെ ശക്തമായി എതിർത്തിരുന്ന കോൺഗ്രസിന് അവർ ഭരിക്കുന്ന സംസ്ഥാനത്ത് ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കാനാകുന്നില്ലെന്ന വിമർശനം ശക്തമാകുകയാണ്.

അതേസമയം, കഴിഞ്ഞ മാസം ക്രിസ്മസിന് പിന്നാലെ കർണാടകയിലെ മൈസൂരിലും ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ പള്ളിയിലെ ഉണ്ണിയേശുവിന്റെ പ്രതിമ തകര്‍ന്നിരുന്നു. പിരിയപട്ടണയിലെ ഗോണിക്കൊപ്പ റോഡിനോട് ചേർന്നുള്ള സെന്റ് മേരീസ് പള്ളിയിലാണ് അജ്ഞാതർ അക്രമമഴിച്ചുവിട്ടത്. പ്രതിമ ഉൾപ്പെടെ നിരവധി വസ്തുക്കൾ നശിച്ചതായും പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week