ബംഗളൂരു: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം. കുടുംബം സഞ്ചരിച്ച കാർ അക്രമികൾ അടിച്ച് തകർത്തു. തൃശൂർ പഴയന്നൂർ സ്വദേശി അഖിൽ സാബുവും കുടുംബവുമാണ് ആക്രമണത്തിനിരയായത്. ഐടി മേഖലയിൽ ജീവനക്കാരനാണ് അഖിൽ.
സംഭവവുമായി ബന്ധപ്പെട്ട് അഖിൽ നൽകിയ പരാതിയിൽ ബൊമ്മസാന്ദ്ര സ്വദേശിയായ അഭിഭാഷകൻ ജഗദീഷിനെതിരെ പൊലീസ് കേസെടുത്തു. ജഗദീഷ് നൽകിയ പരാതിയിൽ അഖിലിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കുടുംബത്തോടൊപ്പം കാറിൽ പോകുമ്പോഴായിരുന്നു ആക്രമണം. ഇരുചക്ര വാഹനങ്ങളിലെത്തി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവരുന്നതിന് കുപ്രസിദ്ധമായ ബംഗളൂരുവിലെ സർജാപുരയിൽ വച്ചായിരുന്നു സംഭവം.
കാറിന് പിന്നാലെ എത്തിയ ബൈക്ക് യാത്രികൻ അഖിലുമായി തർക്കമുണ്ടാക്കി. വാഹനത്തിന് സൈഡ് നൽകിയില്ലെന്നായിരുന്നു ഇയാളുടെ പരാതി. ഇത് വകവയ്‌ക്കാതെ അഖിൽ കാർ മുന്നോട്ടെടുത്തു. ഇതോടെ പിന്നാലെയെത്തിയ ഇരുചക്ര വാഹനത്തിലെ യാത്രക്കാരൻ, കാറിന്റെ വശങ്ങളിലെ ചില്ലുകൾ ഹെൽമറ്റുകൊണ്ട് അടിച്ചുതകർത്തു. ചില്ല് തെറിച്ച് അഖിലിന്റെ മൂന്ന് വയസുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ഇവർ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം കോഴിക്കോട്ടും ഏറെക്കുറേ സമാനമായ സംഭവം നടന്നിരുന്നു. വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് ഓട്ടോ ഡ്രൈവറെ യുവാവ് ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു. പുതിയങ്ങാടിയിലാണ് സംഭവം. പുതിയങ്ങാടി കുടുംബിയില്‍ വീട്ടില്‍ സോമനാണ് (67) പരിക്കേറ്റത്. പ്രതി പാനൂര്‍ വീട്ടില്‍ പ്രദീശനെ (44) കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെയാണ് സംഭവമുണ്ടായത്. പുതിയങ്ങാടി പള്ളിക്ക് സമീപത്തുള്ള റോഡരികില്‍ ഓട്ടോ നിര്‍ത്തി വിശ്രമിക്കുകയായിരുന്നു സോമൻ. ഈ സമയം ബൈക്കിൽ എത്തിയ പ്രദീശൻ വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞ് ഹെല്‍മെറ്റ് ഉപയോഗിച്ച് മുഖത്ത് മര്‍ദ്ദിക്കുകയായിരുന്നു. ഹെൽമെറ്റ് കൊണ്ടുള്ള അടിയേറ്റ് സോമന്റെ പല്ലുകള്‍ കൊഴിഞ്ഞു.