ഗോഡ്ഫാദറില്ലാതെ പൊരുതി ജയിച്ച നടൻ;ഉണ്ണി മുകുന്ദനെ പ്രശംസിച്ച് സിബി മലയിൽ,പൊട്ടിക്കരഞ്ഞ് താരം
കൊച്ചി:നടൻ ഉണ്ണി മുകുന്ദനെ പ്രശംസിച്ച് സംവിധായകൻ സിബി മലയിൽ. ലോഹിതദാസന്റെ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കേണ്ട നടനാണ് ഉണ്ണി മുകുന്ദനെന്നും എന്നാൽ ലോഹിതദാസ് വിടവാങ്ങിയ പശ്ചാത്തലത്തിൽ അതിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി നിയോ സ്‌കൂളിലെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. ഉണ്ണി മുകുന്ദനായിരുന്നു ചടങ്ങിൽ മുഖ്യാതിഥി.
ഗോഡ് ഫാദറില്ലാതെ സിനിമയിലേക്ക് എത്തിയ താരമാണ് ഉണ്ണി മുകുന്ദനെന്ന് സിബി മലയിൽ പറഞ്ഞു. രണ്ട് മൂന്ന് വർഷങ്ങൾക്കിടയിൽ ഉണ്ണി ചെറുപ്പക്കാർക്കിടയിൽ സൃഷ്ടിച്ചെടുത്ത ഇമേജുണ്ട്. ഒരാളുടെ പിൻബലവും ഇല്ലാതെ സ്വന്തമായി ഫൈറ്റ് ചെയ്ത് നേടിയെടുത്ത നേട്ടമാണത്. മേപ്പടിയാൻ സിനിമ നിർമിക്കാനും അതിൽ അഭിനയിക്കാനും ഉണ്ണി കാണിച്ച ഒരു ആത്മവിശ്വാസമുണ്ട്. ആ കഥയോടുള്ള വിശ്വാസമാണതെന്നും സിബി മലയിൽ പറഞ്ഞു.
സിബി മലയിലിന്റെ വാക്കുകൾ ഇങ്ങനെ: ‘നിങ്ങൾക്ക് എല്ലാവർക്കും അറിയാം ഞാനും ലോഹിതദാസും തമ്മിലുള്ള ബന്ധത്തിന്റെ കഥകൾ. അദ്ദേഹം വിട്ടുപിരിയുന്നതിന് മൂന്നാഴ്ച മുൻപ് ഒരു വലിയ ഇടവേളയ്ക്കു ശേഷം ഞങ്ങൾ ഒരുമിച്ച് ചെയ്യാൻ പോകുന്ന ഒരു സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ലക്കിടിയിലെ വീട്ടിൽ ഒരു പകൽ മുഴുവൻ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു. അന്ന് അദ്ദേഹം എന്നോടു പറഞ്ഞു, താൻ ഒരു ചെറുപ്പക്കാരനെ കണ്ടെത്തിയിരിക്കുകയാണെന്നും അയാളെ വച്ച് ഒരു സിനിമ ചെയ്യാൻ പോവുകയാണെന്നും. അദ്ദേഹം വളരെ പ്രതീക്ഷയോടെയാണ് ഈ ചെറുപ്പക്കാരനെക്കുറിച്ച് പറഞ്ഞത്.
ഈ ചെറുപ്പക്കാരൻ തന്റെ സിനിമയിലെ ഒരു പ്രധാനപ്പെട്ട വേഷത്തിലൂടെ വരണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷേ, മൂന്നാഴ്ച കഴിഞ്ഞ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ലോഹിതദാസ് പോയി. അന്ന് മരണവീട്ടിലെ സന്ധ്യയിൽ ഒരാൾ എന്റെ അടുത്തേക്ക് വന്നു, ‘സർ ഞാനാണ് ഉണ്ണി മുകുന്ദൻ. ലോഹി സാറിന്റെ സിനിമയിൽ അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു, ഒറ്റ ദിവസം കൊണ്ട് ആ പ്രതീക്ഷകൾ ഇല്ലാതെയായി.’ അന്നാണ് ഞാൻ ഉണ്ണി മുകുന്ദനെ ആദ്യമായി കാണുന്നത്.
ഒരു മനുഷ്യനെ ഏറ്റവും നിരാശപ്പെടുത്തുന്ന, സങ്കടപ്പെടുത്തുന്ന തോറ്റു പോയെന്ന നിമിഷത്തിലാണ് ഉണ്ണിയെ കണ്ടുമുട്ടിയത്. പക്ഷേ, അയാൾ അവിടെ തോറ്റ് പിന്മാറാൻ തയ്യാറായില്ല. പകരം താനൊരു ഒരു ഫൈറ്റർ ആണെന്ന് ബോധ്യപ്പെടുത്തി. എല്ലാ പ്രതികൂലങ്ങളെയും മറികടന്ന് ഒരു ഗോഡ്ഫാദറിന്റെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച് ഇവിടെ ഇരിക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ. ഇവിടെ അതിഥിയായി ആരെ വേണമെങ്കിലും കൊണ്ടുവരാം. പക്ഷേ, ഉണ്ണിയെ അതിഥിയായികൊണ്ടുവരാൻ കുറേ കാരണങ്ങളുണ്ട്. രണ്ട് മൂന്ന് വർഷങ്ങൾക്കിടയിൽ ഉണ്ണി ചെറുപ്പക്കാർക്കിടയിൽ സൃഷ്ടിച്ചെടുത്ത ഇമേജുണ്ട്.
ഒരാളുടെ പിൻബലവും ഇല്ലാതെ സ്വന്തമായി ഫൈറ്റ് ചെയ്ത് നേടിയെടുത്ത നേട്ടമാണത്. എന്നെ വിസ്മയിപ്പിക്കുന്ന ഏതെങ്കിലും സിനിമയോ പ്രകടനമോ കണ്ടാൽ ഞാൻ അവരെ വിളിച്ച് അഭിനന്ദിക്കാറുണ്ട്. മേപ്പടിയാൻ സിനിമ ഒ.ടി.ടിയിലാണ് കാണുന്നത്. കണ്ടു കഴിഞ്ഞപ്പോൾ തന്നെ ഞാൻ ഉണ്ണിക്കു മെസേജ് അയച്ചു. രണ്ട് ദിവസം മറുപടിയൊന്നും ലഭിച്ചില്ല. തിരക്കിനിടയിൽ എന്റെ മെസേജ് കണ്ടിട്ടുണ്ടാകില്ല എന്നു വിചാരിച്ചു. പക്ഷേ, മൂന്ന് ദിവസം കഴിഞ്ഞ് വേറൊരു നമ്പറിൽ നിന്നും ഉണ്ണി എന്നെ വിളിച്ചു. അത് എന്റെ പഴയ നമ്പറാറെന്നും അത് ഉപയോഗിക്കുന്നത് അസിസ്റ്റന്റ്സ് ആണെന്നും പറഞ്ഞു. ഇത്രയും ദിവസം താമസിച്ചതിൽ ക്ഷമ പറയുന്നുവെന്നും ഉണ്ണി എന്നോടു പറഞ്ഞു. പിന്നീട് ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു.
മേപ്പടിയാൻ സിനിമ നിർമിക്കാനും അതിൽ അഭിനയിക്കാനും ഉണ്ണി കാണിച്ച ഒരു ആത്മവിശ്വാസമുണ്ട്. ആ കഥയോടുള്ള വിശ്വാസമാണത്. കണ്ട ഓരോരുത്തരുടെയും മനസ്സിനെ ഉലയ്ക്കുന്ന രീതിയിലുള്ള കഥയാണ് ആ സിനിമയുടേത്. അത് ഏറ്റവും നന്നായി ചെയ്യാൻ ഉണ്ണിക്ക് സാധിച്ചു.
ആക്ഷൻ ഹീറോ ഇമേജിൽനിന്ന് മാറി, കിട്ടിയ അവസരത്തെ നന്നായി ഉപയോഗിക്കാൻ ഉണ്ണിക്ക് കഴിഞ്ഞു. ഏറ്റവുമൊടുവിൽ മാളികപ്പുറത്തിലൂടെ മികച്ച അഭിനേതാവു കൂടിയാണെന്നും അദ്ദേഹം തെളിയിച്ചു. കേരളത്തിലെ ഒരു വലിയ താരത്തിന്റെ വളർച്ചയിലെ ഏറ്റവും പ്രധാന ഘട്ടത്തിലൂടെയാണ് ഉണ്ണി കടന്നുപോകുന്നത്. ആ യാത്ര ഏത്രയും വേഗം സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.’- സിബി മലയിൽ പറഞ്ഞു.