KeralaNewspravasi

മൂന്നര വര്‍ഷം മുന്‍പ് ദുബായിലുണ്ടായ അപകടം; ഗുരുതര പരുക്കേറ്റ ഇന്ത്യൻ വിദ്യാർഥിക്ക് പതിനൊന്നര കോടി രൂപ നഷ്ടപരിഹാരം

ദുബായ് : മൂന്നര വര്‍ഷം മുന്‍പ് ദുബായിലുണ്ടായ ബസ്സപകടത്തില്‍ പരിക്കേറ്റ ഇന്ത്യൻ യുവാവിനാണ് ദുബായ് കോടതി 5 മില്യണ്‍ ദിര്‍ഹം നഷ്ടപരിഹാരവും കോടതി ചിലവും വിധിച്ചത്. 2019 ലെ ജൂണ്‍ മാസത്തില്‍ ഒമാനില്‍ നിന്നും പുറപ്പെട്ട ബസ്സ്‌ ദുബായ് റാഷിദിയയില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.

അപകടത്തില്‍ സാരമായി പരിക്കേറ്റ ഹൈദരാബാദ് സ്വദേശിയും റാസൽ ഖൈമയിൽ ഇഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായിരുന്ന, മുഹമ്മദ് ബൈഗ് മിര്‍സ എന്ന യുവാവിനാണ് ദുബായ് കോടതി 5 മില്യൺ നഷ്ടപരിഹാരം വിധിച്ചത്. ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്സ് സീനിയർ കൺസൾട്ടണ്ട് ഈസാ അനീസ്, അഡ്വക്കേറ്റ് യു സി അബ്ദുല്ല , അഡ്വക്കേറ്റ് മുഹമ്മദ് ഫാസിൽ എന്നിവരാണ് മുഹമ്മദ് ബൈഗ് മിര്‍സക്കു വേണ്ടി കേസ് ഏറ്റെടുത്തു നടത്തിയത്.

അപകടത്തില്‍ ബസ്സിന്‍റെ ഇടത് മുകള്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. 12 ഇന്ത്യക്കാരടക്കം 17 പേരാണ് അപകടത്തിൽ മരിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 31 യാത്രക്കാര്‍ ബസിൽ ഉണ്ടായിരുന്നു. നഷ്ടപരിഹാരത്തുകക്ക് അര്‍ഹനായ മുഹമ്മദ് ബൈഗ് മിർസക്ക് അപകടം നടക്കുമ്പോൾ 20 വയസായിരുന്നു. റമദാൻ ഈദ് അവധിക്കാലം ഉമ്മയുടെ ബന്ധുക്കളോടൊപ്പം ചെലവഴിക്കാൻ മസ്ക്കറ്റിലേക്ക് പോയി മടങ്ങിവരവേയാണ് മുഹമ്മദ് ബൈഗ് അപകടത്തില്‍പ്പെട്ടത്.

2019 ജൂൺ 6-ന്, മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമയുടെ അവസാന വർഷ അവസാന സെമസ്റ്റർ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ദുബായിലേക്ക് മടങ്ങുകയായിരുന്നു. ജൂൺ 9 മുതലാണ് പരീക്ഷ തുടങ്ങേണ്ടിയിരുന്നത്, എന്നാൽ അപകടത്തെത്തുടർന്ന് യുവാവിന്റെ പഠനം നിലക്കുക മാത്രമല്ല സ്വാഭാവിക ജീവിതം തന്നെ താറുമാറായി .

​​

​​അഞ്ച് മില്യണ്‍ ദിര്‍ഹം (പതിനൊന്നര കോടി രൂപ) നഷ്ട പരിഹാരം.​

അപകടത്തെ തുടർന്ന് രണ്ടര മാസത്തോളം ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് ബൈഗ് 14 ദിവസത്തോളം അബോധവസ്ഥയിൽ തന്നെയായിരുന്നു. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നീണ്ട കാലം പുനരധിവാസ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ചികിത്സക്ക് ശേഷവും മസ്തിഷ്കത്തിന് 50 % സ്ഥിരവൈകല്യം നിലനിൽക്കുന്നത് കാരണം മുഹമ്മദ് ബൈഗ് മിര്‍സയുടെ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിദഗ്ദ ഡോക്ടര്‍മാര്‍ വിലയിരുത്തിയത്.

മസ്തിക്ക ക്ഷതത്തിനു പുറമെ തലയോട്ടിക്കും ചെവിക്കും വായക്കും ശ്വാസകോശത്തിനും കൈകൾക്കും കാലുകൾക്കും സംഭവിച്ച ആഘാതങ്ങളും സ്ഥായിയാണെന്നു ഷാർജ കോടതിയിലെ ഫോറൻസിക് മെഡിക്കൽ വിദഗ്ദർ വിലയിരുത്തിയിരുന്നു. ഫോറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനനത്തിലാണ് ദുബായ് കോടതി അഞ്ച് മില്യണ്‍ നഷ്ടപരിഹാരത്തുക ബസിന്റെ ഇൻഷുറൻസ് കമ്പനി നൽകുവാൻ വിധിയായത്.

യുഎ ഇ യുടെ ചരിത്രത്തിൽ ഒരു ഇന്ത്യക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ വാഹന അപകട നഷ്ടപരിഹാര തുകയാണിത്.​


അപകടത്തെ തുടർന്ന് ഒമാൻ സ്വദേശിയായ ഡ്രൈവർക്കു 7 വർഷം തടവും കൂടാതെ മരിച്ച 17 വ്യക്തികളുടെയും അനന്തരാവകാശികൾക്കു രണ്ടു ലക്ഷം വീതം ദിയാധനവും നൽകാൻ വിധി ലഭിച്ചിരുന്നു, ഏകദേശം ഒന്നര വർഷത്തിലധികം നീണ്ടുപോയ ട്രാഫിക് ക്രിമിനൽ കേസിൽ ഡ്രൈവറുടെ തടവ് ശിക്ഷ അപ്പീൽ കോടതി ഒരു വർഷമാക്കി ഇളവ് നൽകിയിരുന്നു.

ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സ് മുഖ്യ ഉപദേഷ്ടാവ് ശരീഫ് അൽ വർദയുടെ മേൽനോട്ടത്തിൽ യു എ ഇ അഡ്വക്കേറ്റ്മാരായ ഹസ്സൻ അശൂർ അൽ മുല്ല, അഡ്വക്കേറ്റ് ഫരീദ് അൽ ഹസ്സൻ എന്നിവരാണ് രണ്ടു വർഷത്തിലധികം ഇൻഷുറൻസ് അതോറിറ്റി മുതൽ സുപ്രീം കോർട്ട് വരെയുള്ള കോടതികളിൽ നടന്ന കേസുകൾക്കു വിവിധ ഘട്ടങ്ങളിൽ ഹാജരായത്.

പ്രാരംഭ ഘട്ടത്തിൽ യു എ ഇ ഇൻഷുറൻസ് അതോറിറ്റി കോടതിയിൽ കേസ് പരിഗണിച്ചെങ്കിലും 1 മില്യൺ ദിർഹം മാത്രമാണ് നഷ്ടപരിഹാര സംഖ്യ ആയി വിധിച്ചത്. ഇതിനെതിരെ ഹർജിക്കാർ അപ്പീൽ കോടതിയെ സമീപിക്കുകയും നഷ്ടപരിഹാര സംഖ്യാ 5 മില്യൺ ദിർഹമായി വർധിപ്പിച്ചു വിധി സമ്പാദിക്കുകയും ചെയ്തു. ഈ വിധി ചോദ്യം ചെയ്തു ഇൻഷുറൻസുകമ്പനി രണ്ടു തവണ സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും സുപ്രീം കോടതി അപ്പീൽ കോടതിയുടെ വിധി ശരി വെക്കുകയാണ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker