കോട്ടയം: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ ആദ്യ ഷട്ടര്‍ തുറന്നു. ഒരു മാസം വൈകിയാണ് ഇത്തവണ ബണ്ട് തുറന്നത്. കുട്ടനാട്ടിലെ കൊയ്ത്തും സംഭരണവും വൈകിയതിനാലാണ് ഷട്ടര്‍ തുറക്കുന്നതില്‍ കാലതാമസം നേരിട്ടത്.
കഴിഞ്ഞ ഡിസംബര്‍ 15നാണ് തണ്ണീര്‍മുക്കം ബണ്ട് അടച്ചത് സാധാരണ ഗതിയില്‍ മാര്‍ച്ച് 15 തുറക്കേണ്ട ഷട്ടര്‍ ഇത്തവണ മെയ് 1നാണ് തുറന്നത്. ഷട്ടര്‍ തുറക്കാന്‍ വൈകുന്നതില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. കോട്ടയം, ആലപ്പുഴ ജില്ല ഭരണകൂടങ്ങളുടെ സംയുക്ത യോഗത്തിലാണ് ബണ്ട് തുറക്കാന്‍ തീരുമാനമായത്. ഇറിഗേഷന്‍ വകുപ്പിലെ മെക്കാനിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ബണ്ടിന്റെ 45 ഷട്ടറുകള്‍ ആദ്യ ദിനം തുറന്നത്.
തണ്ണീര്‍മുക്കം ബണ്ട് തുറന്നതോടെ വേമ്പനാട്ടുകായലിലെ നീരൊഴുക്ക് പൂര്‍വസ്ഥിയില്‍ ആകും. ഇത് കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ ഒഴുകിപോകുന്നതിനും സഹായകരമാകും. കായലില്‍ മത്സ്യത്തിന്റെ അളവും വര്‍ധിക്കും. അതേസമയം ബണ്ട് തുറക്കുന്നതിനു കാര്‍ഷിക കലണ്ടര്‍ വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി ജി സുധാകരന്‍ മെയ് 1-ന് ബണ്ട് തുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു.കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ യോഗം ചേരുന്നതിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ബണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട ഉപദേശക സമിതി യോഗം ചേരാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് വാങ്ങുകയും ഇവ സമിതിയംഗങ്ങള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് സമിതിയംഗങ്ങളുടെയും അഭിപ്രായം സ്വരൂപിച്ച ശേഷമാണ് ബണ്ട് തുറക്കാന്‍ തീരുമാനിച്ചതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.