തിരുവനന്തപുരം: തലശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫ് ഐഎസ്എസ് നേടാന്‍ വ്യാജ രേഖ ചമച്ചെന്ന് ആരോപണം. എറണാംകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് നടത്തിയ അന്വേഷണത്തിലാണ് ഐഎഎസ് ലഭിക്കാന്‍ വേണ്ടി ആസിഫ് കെ യൂസഫ് ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് ആണെന്ന് കണ്ടെത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് കളക്ടര്‍ ചീഫ് സെക്രട്ടറിക്കു കൈമാറി. വരുമാന സര്‍ട്ടിഫിക്കറ്റിലാണ് ആസിഫ് കൃതൃമം കാണിച്ചതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ക്രീമിലിയര്‍ ഇതരവിഭാഗത്തിലെ ആനുകൂല്യം ലഭിക്കാന്‍ വേണ്ടി ആദായ നികുതി അടയ്ക്കുന്ന വിവരം ആസിഫ് കെ യൂസഫ് മറച്ചുവെച്ചുവെന്നാണ് കളക്ടര്‍ എസ് സുഹാസ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2016 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ആസിഫ് കെ യൂസഫ്. ക്രീമിലയര്‍ പരിധിയില്‍പ്പെടാത്ത ഉദ്യോഗാര്‍ത്ഥിയെന്ന നിലയിലാണ് ആസിഫിന് കേരള കേഡറില്‍ ഐഎഎസ് ലഭിച്ചത്. ഉദ്യോഗാര്‍ത്ഥിയുടെ കുടുബത്തിന്റെ വാര്‍ഷിക വരുമാനം ആറു ലക്ഷത്തിന് താഴെ ആണെങ്കില്‍ മാത്രമാണ് ക്രീമിലിയര്‍ ഇതരവിഭാഗത്തിന്റെ ആനുകൂല്യം യുപിഎസ്സി നല്‍കാറുള്ളത്. ഇത് ലഭിക്കുന്നതിന് വേണ്ടിയാണ് യൂസഫ് സര്‍ട്ടിഫിക്കറ്റില്‍ തിരിമറി നടത്തിയത്. 2015 ല്‍ പരീക്ഷ എഴുതുമ്പോള്‍ തന്റെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറു ലക്ഷത്തിന് താഴെയാണെന്നാണ് ആസിഫ് ഹാജരാക്കിയ ക്രീമിലിയര്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്ളത്. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 1.8 ലക്ഷമാണെന്ന കമയന്നൂര്‍ തഹസില്‍ദാറിന്റെ സര്‍ട്ടിഫിക്കറ്റും ആസിഫ് ഹാജരാക്കിയിരുന്നു.
എന്നാല്‍ ആസിഫിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന പരാതി കേന്ദ്ര സര്‍ക്കാരിന് ലഭിച്ചതോടെയാണ് ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം എറണാകുളം ജില്ലാ കളക്ടര്‍ നടത്തിയ പരിശോധനയിലാണ് രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. ആസിഫ് കെ യൂസഫിന്റെ കുടുംബം ക്രീമിലയര്‍ വിഭാഗത്തില്‍പ്പെടുന്നതാണെന്നും ആദായനികുതി അടയ്ക്കുന്നവരാണെന്നും എസ് സുഹസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ആദായനികുതി വകുപ്പിന് 2012 മുതല്‍ 2015 വരെ ആസിഫിന്റെ മാതാപിതാക്കള്‍ നല്‍കിയിട്ടുള്ള ആദായനികുതി വിവരങ്ങളും എസ് സുഹാസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
കളക്ടര്‍ സുഹാസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ആസിഫ് പരീക്ഷയെഴുതുമ്പോള്‍ കുടുബത്തിന്റെ വരുമാനം 28 ലക്ഷമാണ്. 2015ല്‍ കണയന്നൂര്‍ തഹസില്‍ദാര്‍ നല്‍കിയ വരുമാന സര്‍ട്ടിഫിക്കറ്റ് തെറ്റാണെന്നും ക്രീമിലയര്‍ ഇതര വിഭാഗത്തിന്റെ ആനുകൂല്യത്തിന് ആസിഫ് കെ യൂസഫ് അര്‍ഹനല്ലെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ഉടന്‍ തന്നെ കേന്ദ്രപേഴ്സണല്‍ മന്ത്രാലയത്തിന് കൈമാറും. സിവില്‍ സര്‍വീസ് നേടാന്‍ വ്യാജരേഖകളാണ് ഹാജരാക്കിയതെന്ന് കേന്ദ്രസര്‍ക്കാരിനും ബോധ്യപ്പെട്ടാല്‍ ആസിഫിനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകും.