KeralaNews

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.5 %; ഉയര്‍ന്ന നിരക്ക് മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.5 ശതമാനം. ഏറ്റവും ഉയർന്ന നിരക്ക് മലപ്പുറം ജില്ലയിലാണ്. 13.8 ശതമാനമാണ് അവിടത്തെ ടിപിആർ. 8.8 ശതമാനമുള്ള കോട്ടയത്താണ് ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോട്ടയത്തിനു പുറമേ ആലപ്പുഴ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ടിപിആർ 10 ശതമാനത്തിലും താഴെയാണ്. ബാക്കി 10 ജില്ലകളിലും 10 മുതൽ 13.80 ശതമാനം വരെയാണ് നിരക്ക് കാണിക്കുന്നത്. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റിയുടെ ഉയർച്ചാ നിരക്കിൽ 15 ശതമാനം കുറവു വന്നിട്ടുണ്ട്. കേസുകളുടെ വളർച്ചാ നിരക്കിൽ 42 ശതമാനവും കുറവു വന്നിട്ടുണ്ട്. ജൂൺ 11, 12, 13 ദിവസങ്ങളിലെ പുതിയ കേസുകളുടെ ശരാശരി എണ്ണത്തേക്കാൾ 4.2 ശതമാനം കുറവ് കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ഉണ്ടായിട്ടുണ്ട്. ആക്റ്റീവ് കേസുകളുടെ എണ്ണത്തിൽ 14.43 ശതമാനം കുറവാണുണ്ടായത്. 10.04 ശതമാനം കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലുമുണ്ടായി.

40 ദിവസത്തോളം നീണ്ട ലോക്ഡൗണിനെത്തുടർന്ന് രോഗവ്യാപനത്തിൽ വന്ന കുറവ് കണക്കിലെടുത്ത് ഇളവുകൾ വരുത്തി നമ്മുടെ സംസ്ഥാനം മുന്നോട്ടു പോവുകയാണ്. ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് അതിനനുസൃതമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. ഈ നിയന്ത്രണങ്ങളോട് പൂർണമായ സഹകരണം എല്ലാവരുടെയും ഭാഗത്തു നിന്നുണ്ടാകണം. ലോക്ഡൗൺ ഘട്ടത്തിൽ പുലർത്തിയ ജാഗ്രത ഇനിയും തുടരണം.

തീവ്രവ്യാപന ശേഷിയുള്ള ഡെൽറ്റാ വൈറസിനെയാണ് നമ്മളിപ്പോൾ അഭിമുഖീകരിക്കുന്നത്. അതുകൊണ്ട് തന്നെ കർശനമായ രീതിയിൽ മുൻകരുതലുകൾ സ്വീകരിക്കണം. ഇരട്ട മാസ്ക്കുകൾ
ധരിക്കാനും ചെറിയ കൂടിച്ചേരലുകൾ പോലും ഒഴിവാക്കാനും പൊതുസ്ഥലത്തെന്ന പോലെ വീടുകൾക്കകത്തും കരുതലുകൾ സ്വീകരിക്കാനും ശ്രദ്ധിക്കണം. മുൻപ് നിരവധി തവണ വിശദമാക്കിയതു പോലെ അടുത്ത് ഇടപഴകലുകളും ആൾക്കൂട്ടങ്ങളും ഒഴിവാക്കണം. കടകളിലും തൊഴിൽ സ്ഥാപനങ്ങളിലും അതീവ ജാഗ്രത പുലർത്തണം. അടഞ്ഞ സ്ഥലങ്ങളും വേണ്ട. വായു സഞ്ചാരമുള്ളിടങ്ങളിലാകണം ഇടപഴകലുകൾ.

മൂന്നാം തരംഗത്തിന്റെ സാധ്യത പല വിദഗ്ധരും പ്രവചിച്ചിട്ടുണ്ട് എന്നതും കണക്കിലെടുക്കണം. സമൂഹമെന്ന നിലയ്ക്ക് നമ്മളൊന്നാകെ ജാഗ്രത പുലർത്തിയാൽ മൂന്നാം തരംഗത്തെ തടയാൻ സാധിക്കും. ഡെൽറ്റാ വൈറസിനേക്കാൾ വ്യാപനശേഷിയുള്ള ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ ആവിർഭാവം മൂന്നാമത്തെ തരംഗത്തിലുണ്ടാകാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് നമ്മുടെ നിയന്ത്രണങ്ങൾ വിട്ടു വീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോവുക തന്നെ വേണം.

മൂന്നാമത്തെ തരംഗത്തെക്കുറിച്ച് വിവിധ തരത്തിലുള്ള അഭിപ്രായങ്ങൾ ആരോഗ്യമേഖലയിലെ വിദഗ്ധരിൽ നിന്നും ഉണ്ടാകുന്നുണ്ട്. അത്തരം ചർച്ചകളും പഠനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് ഏറ്റവും മോശം സാഹചര്യത്തെ നേരിടാൻ ആവശ്യമായ തയ്യാറെടുപ്പ് തന്നെയാണ് സർക്കാർ നടത്തുന്നത്. ഒരു തരത്തിലുള്ള അലംഭാവവും ഇക്കാര്യത്തിൽ ഉണ്ടാവില്ല.

കുട്ടികളുടെ വാക്സിനുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങൾ വിജയകരമായി മുന്നോട്ടു പോകുന്നു എന്ന വാർത്തകൾ പ്രത്യാശ നൽകുന്നു. 12 മുതൽ 18 വയസ്സു വരെയുള്ളവർക്ക് വേണ്ട വാക്സിനേഷൻ അധികം വൈകാതെ ലഭ്യമായേക്കാം. അമേരിക്കയിൽ ആ പ്രായപരിധിയിൽ പെട്ട കുട്ടികൾക്ക് വാക്സിനേഷൻ നൽകിത്തുടങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്.

കേരളത്തിൽ ഏകദേശം 40 ശതമാനം പേർക്ക് ആദ്യത്തെ ഡോസ് വാക്സിൻ ഇതുവരെ നൽകാൻ സാധിച്ചു എന്നത് ആശ്വാസകരമായ കാര്യമാണ്. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് ത്വരിത ഗതിയിൽ അതിന്റെ വിതരണം നമ്മൾ നടത്തുന്നുണ്ട്. അതിനു പുറമേ, ഇന്ത്യയിൽ മറ്റൊരിടത്തുമില്ലാത്ത വിധം ഒട്ടും തന്നെ പാഴായിപ്പോകാതെ വാക്സിൻ നമുക്ക് വിതരണം ചെയ്യാൻ സാധിക്കുന്നു. വാക്സിനേഷൻ കൂടുതൽ വേഗത്തിൽ മുന്നോട്ടു കൊണ്ടു പോകാൻ ആവശ്യമായ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്.

അതേ സമയം വാക്സിൻ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാനും നമ്മൾ ശ്രദ്ധിക്കണം. വാക്സിൻ കേന്ദ്രങ്ങൾ രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറരുത്. അധികൃതരും ജനങ്ങളും ഇക്കാര്യത്തിൽ ഒരു പോലെ ഉത്തരവാദിത്വത്തോടെ പെരുമാറണം. വാക്സിൻ ലഭിക്കുന്നില്ല എന്ന ഭീതിയോടെ ആരും പ്രവർത്തിക്കരുത്. വാക്സിൻ ലഭ്യമാകുന്നതിനനുസരിച്ച് ഒട്ടും താമസിപ്പിക്കാതെ അതു വിതരണം ചെയ്യുന്നുണ്ട്. എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക തന്നെ ചെയ്യും. പക്ഷേ, വാക്സിൻ ലഭിക്കുന്നില്ല എന്ന ആശങ്കയോടെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വന്ന് ആൾക്കൂട്ടം സൃഷ്ടിച്ചാൽ രോഗബാധയുണ്ടാവുകയും ജീവൻ അപകടത്തിലാവുകയുമാണ് ചെയ്യുക എന്നോർക്കുക.

വാക്സിൻ വലിയൊരു ശതമാനം ആളുകൾക്ക് ലഭിച്ച് സാമൂഹിക പ്രതിരോധം ആർജ്ജിക്കാൻ സാധിക്കുന്നത് വരെ ജാഗ്രത കർശനമായി പാലിക്കേണ്ട ഉത്തരവാദിത്വം നമ്മൾ നിറവേറ്റണം. ബ്ലാക്ക് ഫംഗസ് അഥവാ മ്യൂകർ മൈകോസിസ് പുതുതായി ഒരു കേസാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ റിപ്പോർട്ട് ചെയ്തത് 73 കേസുകളാണ്. അതിൽ 50 പേർ ഇപ്പോളും ചികിത്സയിലാണ്. എട്ടു പേർ രോഗവിമുക്തരാവുകയും 15 പേർ മരണപ്പെടുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker