ചെന്നൈയിൽ മഴയ്ക്ക് താത്ക്കാലിക ശമനം,മിഷോങ് ആന്ധ്രാ തീരത്തേക്ക്; പ്രളയദുരിതം തുടരുന്നു
ചെന്നൈ: നഗരത്തിൽ കഴിഞ്ഞ 30 മണിക്കൂർ ആശങ്കയായി പെയ്ത കനത്ത മഴയ്ക്ക് നേരിയ ശമനം. മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് നീങ്ങിയതോടെയാണ് മഴയ്ക്ക് ശമനമായത്. അതേസമയം, ചുഴലിക്കാറ്റിനെത്തുർന്ന് പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്.
വെെദ്യുതിബന്ധം പൂർണമായും പുനഃസ്ഥാപിക്കാൻ ഇതുവരെ സർക്കാർ സംവിധാനങ്ങൾക്ക് സാധ്യമായിട്ടില്ല. നഗരങ്ങളിൽ പലയിടത്തും വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. അപകടമൊഴിവാക്കുന്നതിനായി രാത്രിതന്നെ വൈദ്യുതിവിതരണം നിർത്തിവെച്ചിരുന്നു. അതോടെ, ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങളും തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെയോടെ വെെദ്യുതിബന്ധം പുനസ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നെങ്കിലും ഇതുവരെ സാധ്യമായിട്ടില്ല.
പ്രളയമുന്നറിയിപ്പ് നൽകുകയും മുൻകരുതൽനടപടി സ്വീകരിക്കുകയും ചെയ്തതിനാൽ ആളപായം കുറയ്ക്കാൻ കഴിഞ്ഞെങ്കിലും നഗരത്തിൽ കനത്തനാശനഷ്ടമുണ്ടായി. രണ്ടിടത്ത് കെട്ടിടവും മതിലും തകർന്ന് അഞ്ചുപേർ മരിച്ചു. റൺവേയിൽ വെള്ളം കയറിയതിനാൽ ചെന്നൈ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ തിങ്കളാഴ്ച പൂർണമായി റദ്ദാക്കിയിരുന്നു. കേരളത്തിലേക്കുള്ളതുൾപ്പെടെ ആന്ധ്രാ തീരത്തുകൂടിയുള്ള 150-ഓളം തീവണ്ടി സർവീസുകളും റദ്ദാക്കിയിരുന്നു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തിങ്കളാഴ്ച രാവിലെ 8.30-ഓടെ ചെന്നൈയിൽനിന്ന് 90 കിലോമീറ്റർ അകലെവെച്ചാണ് ശക്തിയേറിയ ചുഴലിക്കാറ്റായി രൂപംപ്രാപിച്ചത്. ഞായറാഴ്ച രാത്രി ചെന്നൈ നഗരത്തിലും തമിഴ്‌നാടിന്റെ വടക്കൻ പ്രദേശങ്ങളിലും ശക്തമായ മഴ തുടങ്ങിയിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ ആന്ധ്രാപ്രദേശിലെ ഡിവിസീമയ്ക്കും ബപട്‌ലയ്ക്കുമിടയിലാവും മിഷോങ് ചുഴലിക്കാറ്റ് കരതൊടുക. കരയിലെത്തുമ്പോൾ കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്റർ വരെയായി വർധിച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്.
കനത്തമഴയുണ്ടാവുമെന്ന മുന്നറിയിപ്പ് 10 ദിവസം മുമ്പുതന്നെ ലഭിച്ചിരുന്നെങ്കിലും കുറഞ്ഞസമയംകൊണ്ട് പ്രതീക്ഷിച്ചതിലും വലിയമഴ പെയ്തതോടെ അധികൃതരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. പ്രളയജലം നീക്കംചെയ്യുന്നതിന് കോടികൾ മുടക്കി തമിഴ്‌നാട് സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ നിഷ്‌ഫലമാക്കിക്കൊണ്ട് നേരംവെളുക്കുമ്പോഴേക്കും നഗരം വെള്ളത്തിൽ മുങ്ങി.
സ്വകാര്യസ്ഥാപനങ്ങൾക്കും കോടതികൾക്കും ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും ചൊവ്വാഴ്ചയും അവധിയാണ്.