Nayanthara:എങ്ങനെ ഈ സിംഹാസനം നേടി എന്ന് പറയൂ,നയൻതാരയെ പുകഴ്ത്തിയ ജുവലിനോട് ചോദ്യം;സൈബറാക്രമണം
കൊച്ചി:തെന്നിന്ത്യൻ സിനിമാ രംഗത്തെ താര റാണിയായ നയൻതാരയുടെ ഡോക്യുമെന്ററി നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ ഇതിനോടകം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. താരത്തിന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ച് ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്. ആദ്യമായാണ് നയൻതാര തന്റെ ജീവിതത്തെക്കുറിച്ച് ഇത്രയും തുറന്ന് സംസാരിക്കുന്നത്. സ്വകാര്യ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ച് നയൻതാരയും അമ്മ ഓമന കുര്യനും സംസാരിച്ചു.
എന്റെ മകളെ ദൈവം കഴിഞ്ഞാൽ തനിക്കാണ് ഏറ്റവും കൂടുതൽ അറിയുന്നതെന്ന് ഓമന കുര്യൻ ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. ഇതിനോടകം നിരവധി പേർ ഡോക്യുമെന്ററിയെ പ്രശംസിച്ച് കൊണ്ട് അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. നടിയും അവതാരകയുമായ ജുവൽ മേരി പങ്കുവെച്ച പോസ്റ്റ് ആണിപ്പോൾ ശ്രദ്ധ നേടുന്നത്. ഈ ഡോക്യുമെന്ററി ബിയോണ്ട് ദ ഫെയറി ടെയ്ൽ എന്ന് പറയുന്നതിന് കാരണമുണ്ട്. ചിലർ പരിഹസിക്കുന്നത് പോലെ ഇത് വെറും കല്യാണ ആൽബം അല്ല.
നയൻതാരയുടെ അവിശ്വസനീയ യാത്രയുടെ മനോഹരമായ ഡോക്യുമെന്റേഷനാണിത്. പ്രിവിലേജുള്ളവർ പാട്രിയാർക്കിയോ അതെന്താണെന്ന് ചോദിക്കുന്ന ലോകത്ത് അവൾ സ്വന്തം രാജ്യമുണ്ടാക്കി സിംഹാസനത്തിൽ ഇരുന്നു. എന്തൊരു സ്ത്രീയാണ്!, എന്തൊരു യാത്ര. എത്ര മനോഹരമായ പ്രണയ കഥ. ആർക്കും നയൻതാരയുടെ ലൈം ലൈറ്റ് തട്ടിയെടുക്കാനാകില്ലെന്നും ജുവൽ മേരി സോഷ്യൽ മീഡിയയിൽ കുറിച്ചു. അഭിപ്രായത്തെ അനുകൂലിച്ച് നിരവധി പേർ കമന്റ് ചെയ്തു.
അതേസമയം ചിലർ വിമർശനവും ഉന്നയിച്ചു. പാട്രിയാർക്കിയെ ഇന്ന് കുറ്റപ്പെടുത്തുന്നെങ്കിലും ഒരു കാലത്ത് പുരുഷമേധാവിത്ത സിനിമകളിൽ ഗ്ലാമറസ് വേഷങ്ങൾ ചെയ്തല്ലേ നയൻതാര ശ്രദ്ധിക്കപ്പെട്ടതെന്ന് ഇവർ ചോദിക്കുന്നു. ‘ഒരു കാര്യം പറയൂ. എങ്ങനെയാണിവർ പോപ്പുലർ ആയത്. 2000 ത്തിനും 2010 നും ഇടയ്ക്ക് സ്കിൻ ഷോയിലൂടെയല്ലേ ഇവർ പോപ്പുലർ ആയത്. ആ കാലഘട്ടത്തിൽ ലഭിച്ച മെയിൽ ഗെയിസും ശ്രദ്ധയുമല്ലേ ഇന്നത്തെ നിലയിലെത്തിയതിന് പ്രധാന കാരണം’
‘അതേ മെയിൽ ഗേസിനെ നിങ്ങൾ വിമർശിക്കുന്നു. ജെൻഡർ നോക്കി ഒരാളെ പിന്തുണയ്ക്കാതിരിക്കൂ’ എന്നാണ് ഒരാളുടെ കമന്റ്. വിവാഹ വീഡിയോ വിറ്റു. അണിയറ ദൃശ്യങ്ങൾ ഉപയോഗിക്കാൻ പ്രൊഡ്യൂസർ പണം ആവശ്യപ്പെട്ടപ്പോൾ കരഞ്ഞു. സ്വന്തം സിനിമകളുടെ പ്രൊമോഷന് വരില്ല. തട്ടിപ്പറിച്ച സ്വർണത്തിൽ നിന്നും ഉണ്ടാക്കിയതല്ലെങ്കിൽ ആരും അവരുടെ സിംഹാസനത്തെ എതിർക്കില്ല എന്നാണ് മറ്റൊരാളുടെ കമന്റ്. ധനുഷുമായുള്ള വിവാദത്തിനിടെയാണ് നയൻതാരയ്ക്കെതിരെ സൈബർ ആക്രമണം കടുക്കുന്നത്.
ധനുഷിന്റെ ആരാധകർക്ക് നടിയോട് കടുത്ത നീരസമുണ്ട്. നടന്റെ ഇതുവരെയുള്ള പ്രതിച്ഛായയെ തകർക്കാൻ കെൽപ്പുള്ള കത്താണ് നയൻതാര പുറത്ത് വിട്ടത്. രൂക്ഷ വിമർശനം ധനുഷിനെതിരെ കത്തിലുണ്ട്. പൊതുവേദികളിൽ കാണുന്നത് പോലെയല്ല ധനുഷിന്റെ സ്വഭാവമെന്ന് നയൻതാര തുറന്നടിച്ചു. ധനുഷ് ഇതുവരെയും ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. നയൻതാരയുടെ 40ാം പിറന്നാൾ ദിനമാണിന്ന്. നിരവധി പേർ താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചു. നയൻതാരയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.