NationalNews

തെലങ്കാനയിലെ ‘ഓപ്പറേഷന്‍ താമര’ ആരോപണത്തിന് തിരിച്ചടി, അറസ്റ്റിലായവരെ വെറുതെ വിട്ടു

ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതി എന്ന പേരില്‍ നിന്നും ഭാരത് രാഷ്ട്ര സമിതിയായി (ബിആർഎസ്) മാറിയ തെലങ്കാനയിലെ ഭരണകക്ഷിയുടെ ‘ഓപ്പറേഷന്‍ താമര’ ആരോപണത്തിന് തിരിച്ചടി. ബിആർഎസ് നിയമസഭാംഗങ്ങളെ പണം നല്‍കി പ്രലോഭിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മൂന്നുപേരെ  അഴിമതി വിരുദ്ധ ബ്യൂറോ കോടതിയുടെ ഉത്തരവിനെ തുടർന്ന് പോലീസ് വിട്ടയച്ചു. 

കൈക്കൂലി കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികളുടെ റിമാൻഡ് തള്ളിയ ജഡ്ജി കൃത്യമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി അഴിമതി നിരോധന നിയമം ഈ കേസിൽ ബാധകമല്ലെന്ന് പറഞ്ഞ് ഇവരെ മോചിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

നിർണായകമായ മുനുഗോട് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് ബിആർഎസ് നിയമസഭാംഗങ്ങളെ കൂറുമാറാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ബുധനാഴ്ച രാത്രി മൂന്ന് പേരെ തെലങ്കാന പൊലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ സൈബരാബാദ് പോലീസ് എഫ്ഐആർ ഫയൽ ചെയ്ത് കോടതിയില്‍ ഹാജറാക്കിയപ്പോഴാണ് കോടതി ഇവര്‍ക്കെതിരെ  റിമാൻഡ് ചെയ്യാന്‍ തക്കതായ തെളിവില്ലെന്ന് പറഞ്ഞത്. 

ബുധനാഴ്ച വൈകീട്ട് വിവരം പൊലീസ് പുറത്ത് വിട്ടതിന് പിന്നാലെയാണ് തെലങ്കാനയിൽ “ഓപ്പറേഷൻ താമര” എന്ന് ആരോപണം ഉയർന്നിരുന്നു.  ഫാം ഹൗസിൽ നടന്ന ചർച്ചയിൽ ഒരു പ്രധാന നേതാവിന് 100 കോടി രൂപ വാഗ്ദാനം ചെയ്തതായി ഇന്നലെ രാത്രി വൈകി പോലീസ് പറഞ്ഞു. ഭാരതീയ രാഷ്ട്ര സമിതിയുടെ ഒരു എം‌എൽ‌എ നൽകിയ സൂചനയെത്തുടർന്ന്, “ഇടപാട്” പുരോഗമിക്കുന്ന ഫാംഹൗസിൽ പോലീസ് റെയ്ഡ് നടത്തിയതായി പോലീസ് മേധാവി സ്റ്റീഫൻ രവീന്ദ്ര എൻ‌ഡി‌ടി‌വിയോട് പറഞ്ഞു.

പ്രധാന ടിആര്‍എസ് നേതാവിന് 100 കോടി രൂപയും. ഓരോ എംഎൽഎമാർക്കും 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായാണ് വിവരം. പാർട്ടി മാറാൻ തങ്ങളെ പ്രലോഭിപ്പിക്കാന്‍ കൈക്കൂലി വാഗ്ദാനം ഉണ്ടെന്ന് പറഞ്ഞ് എംഎൽഎമാരാണ് പോലീസിന് വിവരം നല്‍കിയത് എന്നാണ്  പോലീസ് മേധാവി എൻഡിടിവിയോട് പറഞ്ഞത്. പാർട്ടി മാറാൻ വലിയ പണവും സ്ഥാനങ്ങളും വാഗ്ദാനം ചെയ്തതായി അവർ പറഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്.

ഹരിയാനയിലെ ഫരീദാബാദിൽ നിന്നുള്ള പുരോഹിതൻ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ്മ, തിരുപ്പതിയിൽ നിന്നുള്ള  ഡി സിംഹയാജി, വ്യവസായി നന്ദകുമാർ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.

ബിആർഎസ് എംഎൽഎമാരെ തങ്ങളുടെ പാർട്ടി സമീപിച്ചതായി അറിവില്ലെന്ന് തെലങ്കാനയിലെ ബിജെപി നേതൃത്വം പറയുന്നത്. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കടക്കുന്നതിന്‍റെ ഭാഗമായി ഈ മാസം ആദ്യം ടിആർഎസ് അതിന്റെ പേര് ഭാരത് രാഷ്ട്ര സമിതി എന്നാക്കി മാറ്റിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker