
മുംബൈ: ഓൺലൈൻ കോഡിംഗ് ക്ലാസിനിടയിൽ അധ്യാപികമാർക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയതിന് രാജസ്ഥാനിൽ നിന്നുള്ള വിദ്യാർഥിയെ മുംബൈ പോലീസ് കസ്റ്റഡിയിൽ എടുത്തു. പതിനഞ്ച് വയസുള്ള ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് പ്രതി. സൈനിക ഉദ്യോഗസ്ഥന്റെ മകനായ വിദ്യാർഥിക്ക് കമ്പ്യൂട്ടറിനേക്കുറിച്ച് നല്ല അറിവുണ്ടെന്ന് പോലീസ് പറഞ്ഞു.
ഫെബ്രുവരി 15നും മാർച്ച് 2നും ഇടയിൽ ഇ-കോഡിങ് ക്ലാസിനിടയിൽ നിവധി തവണ വിദ്യാർഥി നഗ്നതാ പ്രദർശനം നടത്തിയിരുന്നു. ഒന്നിലധികം തവണ ഇതാവർത്തിച്ചതിനേ തുടർന്ന് കോഡിംഗ് ഇൻസ്ട്രക്ടർമാർ ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. എന്നാൽ തുടർന്ന് മുംബൈ, സകിനാക പോലീസ് സ്റ്റേഷനിൽ ഇവർ കേസ് ഫയൽ ചെയ്യുകയായുരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി രാജസ്ഥാനിലാണെന്ന് തിരിച്ചറിഞ്ഞു. ഇതേത്തുടർന്ന് കഴിഞ്ഞ മാസം പോലീസ് സംഘം രാജസ്ഥാനിലെത്തി. എന്നാൽ പോലീസ് സ്ഥലം കണ്ടെത്തിയപ്പോഴേക്കും വിദ്യാർഥി മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നു. മെയ് 30ന് വീണ്ടും ഇയാൾ നഗ്നതാ പ്രദർശനം നടത്തിയതോടെ പോലീസ് സ്ഥലം തിരിച്ചറിയുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
ഐപി അഡ്രസ് ട്രാക്ക് ചെയ്യാതിരിക്കാനുള്ള മുൻകരുതൽ സംവിധാനങ്ങൾ വിദ്യാർഥിയുടെ ലാപ്ടോപ്പിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മുഖം സ്ക്രീനിൽ വരാതിരിക്കാൻ ഇയാൾ ശ്രദ്ധിച്ചിരുന്നുവെങ്കിലും ഒരു അവസരത്തിൽ അധ്യാപിക എടുത്ത ഒരു ചിത്രം കേസ് അന്വേഷണത്തിൽ സഹായിച്ചതായും പോലീസ് പറഞ്ഞു. തമാശയ്ക്കായി ചെയ്തതാണിതെന്നാണ് ചോദ്യം ചെയ്യലിൽ വിദ്യാർഥി പറഞ്ഞതെന്നും പോലീസ് കൂട്ടിച്ചേർത്തു.