ചേര്‍ത്തല: നാലാം ക്ലാസിന്റെ പഠന വാട്‌സ്ആപ് ഗ്രൂപ്പില്‍ പ്രധാന അധ്യാപകന്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തു. സംഭവം വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ് തടിയൂരാന്‍ ശ്രമം. ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്തിലെ എല്‍.പി സ്‌കൂളിലാണ് സംഭവം. ഹെഡ്മാസ്റ്റര്‍ ആയതിനാല്‍ സ്‌കൂളിലെ എല്ലാം വാട്‌സ്ആപ് ഗ്രൂപ്പുകളിലും ഇദ്ദേഹം അഡ്മിനാണ്. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടുന്ന നാലാം ക്ലാസിന്റെ ഗ്രൂപ്പിലാണ് പ്രധാന അധ്യാപകന്റെ മൊബൈലില്‍ നിന്ന് അശ്ലീല വീഡിയോ എത്തിയത്.
രക്ഷിതാക്കള്‍ അദ്ധ്യാപകരെ വിളിച്ച് പരാതി പറഞ്ഞതിനെ തുടര്‍ന്ന് പ്രധാന അധ്യാപകന്‍ വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഇദ്ദേഹം ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റ് ആയി. ഇതോടെ ക്ലാസ് ടീച്ചര്‍ പ്രധാന അധ്യാപകന് പിന്തുണച്ച് രംഗത്തെത്തി. വീഡിയോ മൊബൈലില്‍ നിന്ന് കളയണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. മാപ്പ് പറയുന്നുവെന്ന് ഗ്രൂപ്പിലേക്ക് ശബ്ദസന്ദേശം അയച്ചു.
പിന്നാലെ മാപ്പപേക്ഷയുമായി അധ്യാപകനും എത്തി. എന്നാല്‍ കുട്ടികള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ അശ്ലീല വീഡിയോ എത്തിയതിനെതിരെ രക്ഷിതാക്കള്‍ വലിയ പ്രതിഷേധമാണ് ഉന്നയിക്കുന്നത്. അധ്യാപകനെതിരെ പോലീസിലും വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.