പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായി അധ്യാപിക ഒളിച്ചോടി
പാട്ന: പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായി അധ്യാപിക ഒളിച്ചോടി. പാനിപ്പട്ടിലെ ഒരു സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ് തന്റെ ക്ലാസിലെ പതിനേഴുകാരനായ വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടിയത്. പ്ലസ് വണ്‍ ക്ലാസ് ടീച്ചറായ ഇവര്‍ വിദ്യാര്‍ഥിയെ ട്യൂഷനും എടുത്തിരുന്നു. കഴിഞ്ഞയാഴ്ച സംശയാസ്പദമായ തരത്തില്‍ അധ്യാപികയെയും വിദ്യാര്‍ഥിയെയും കാണാതായതോടെയാണ് കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതിയുമായി എത്തിയത്.
കഴിഞ്ഞ രണ്ട്-മൂന്ന് മാസമായി അധ്യാപിക മകന് ട്യൂഷന്‍ നല്‍കി വരികയായിരുന്നു എന്ന കാര്യവും ഇവര്‍ പോലീസിനോട് പറഞ്ഞിരുന്നു. മാതാപിതാക്കള്‍ പറയുന്നതനുസരിച്ച് മെയ് 29 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വിദ്യാര്‍ഥി, അധ്യാപികയുടെ ദേസ്രാജ് കോളനിയിലുള്ള വീട്ടിലേക്ക് പോയിരുന്നു. ലോക്ക്ഡൗണ്‍ ആയതിനാല്‍ ദിവസവും നാല് മണിക്കൂറോളം ട്യൂഷനെടുത്തിരുന്നു എന്നാണ് ഇവര്‍ പറയുന്നത്.
വൈകിട്ടായിട്ടും കുട്ടി മടങ്ങി വരാത്തതിനെ തുടര്‍ന്ന് ഭയന്ന വീട്ടുകാര്‍ അധ്യാപികയുടെ വീട്ടിലെത്തുകയായിരുന്നു. മുപ്പതുകളോടടുപ്പിച്ച് പ്രായമുള്ള അധ്യാപിക, വിവാഹമോചിതയായ ശേഷം മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു. വിദ്യാര്‍ഥിയുടെ കുടുംബാംഗങ്ങള്‍ തിരക്കി എത്തിയിട്ടും പ്രതികരിക്കാന്‍ അധ്യാപികയുടെ വീട്ടുകാര്‍ തയ്യാറായില്ല. ഒടുവില്‍ തന്റെ മകളെയും കാണാനില്ലെന്ന വിവരം അധ്യാപികയുടെ പിതാവ് തന്നെ വെളിപ്പെടുത്തുകയായിരുന്നു.
തുടര്‍ന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പരാതിയുമായി ഫോര്‍ട്ട് പോലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടു പോകലിനാണ് അധ്യാപികയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒളിച്ചോടിപ്പോയവര്‍ അവരവരുടെ വീടുകളില്‍ നിന്നു വിലപ്പെട്ട ഒന്നും കൊണ്ടു പോയിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്.
അധ്യാപികയുടെ വിരലില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണ മോതിരം മാത്രമായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്ന ഏക വിലപിടിപ്പുള്ള വസ്തു. പരാതിയെ തുടര്‍ന്ന് പോലീസ് ഇരുവര്‍ക്കുമായി തെരച്ചില്‍ ആരംഭിച്ചിരുന്നുവെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. കാണാതായത് മുതല്‍ രണ്ടു പേരുടെയും ഫോണുകളും ഓഫായിരുന്നു.
മൊബൈല്‍ ലൊക്കേഷന്‍ ട്രേസ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ റാണ പ്രതാപ് അറിയിച്ചു. എന്തെങ്കിലും സൂചന ലഭിച്ചാല്‍ തുടര്‍ നടപടിളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.