ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളിൽ വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കടലൂർ ചിദംബരത്തെ നന്തനാർ സർക്കാർ സ്കൂളിൽനിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ക്ലാസിൽ കൃത്യമായി വരുന്നില്ലെന്ന് പറഞ്ഞാണ് അധ്യാപകൻ വിദ്യാർഥിയെ തല്ലിച്ചതച്ചത്.
വടി ഉപയോഗിച്ച് തല്ലുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. വിദ്യാർഥിയെ മുട്ടുകാലിൽനിർത്തിയും മർദിച്ചു. ക്ലാസ് മുറിയിൽ മറ്റു കുട്ടികളുടെ മുന്നിൽവെച്ചായിരുന്നു അധ്യാപകന്റെ ക്രൂരത. ഈ കുട്ടികളിലൊരാളാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. സഹപാഠിയെ അധ്യാപകൻ ക്രൂരമായി തല്ലുമ്പോൾ ചില വിദ്യാർഥികൾ അടക്കിചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Government Nandanar Boys Higher Secondary School, Chidambaram
This happened just before lunch break today. pic.twitter.com/ziAf1gy2Op
— 😇 (@Velulights6) October 13, 2021
അതേസമയം, ഈ സംഭവം എന്ന് നടന്നതാണെന്ന് സംബന്ധിച്ച് വ്യക്തതയില്ല. പുറത്തുവന്ന ദൃശ്യങ്ങളിൽ വിദ്യാർഥികളോ അധ്യാപകനോ മാസ്ക് ധരിച്ചിട്ടില്ല. സ്കൂളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് നിലവിൽ നിർദേശമുണ്ട്. അതിനാൽ കോവിഡ് ലോക്ഡൗണിന് മുമ്പ് നടന്ന സംഭവമാണോയെന്നും സംശയമുണ്ട്.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ അധ്യാപകനെതിരേ ശക്തമായ പ്രതിഷേധമാണുയരുന്നത്. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് കാർത്തി ചിദംബരം ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്താൻ കടലൂർ ജില്ലാ കളക്ടറും ഉത്തരവിട്ടു.