കോയമ്പത്തൂരിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവം: അധ്യാപകൻ അറസ്റ്റിൽ
കോയമ്പത്തൂർ: വിദ്യാർഥിയുടെ ആത്മഹത്യയിൽ അധ്യാപകന്‍ മിഥുന്‍ ചക്രവര്‍ത്തി അറസ്റ്റിൽ. അധ്യാപകൻ പീഡിപ്പിച്ചതിൽ മനംനൊന്താണ് കൗമാരക്കാരി വ്യാഴാഴ്ച ജീവനൊടുക്കിയത്. അധ്യാപകനെതിരേ ആത്മഹത്യ പ്രേരണ, കുട്ടിയെ ഒന്നിലധികം തവണ അല്ലെങ്കില്‍ ആവര്‍ത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുക എന്നിവ പ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുത്തിരുന്നു.
കോയമ്പത്തൂരിലെ ചിന്‍മയ വിദ്യാലയ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്നു കുട്ടി. തന്നെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപകന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ പേര് എഴുതിവെച്ചാണ് കുട്ടി ജീവനൊടുക്കിയത്.
ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്. സ്‌പെഷല്‍ ക്ലാസിന്‍റെ പേരില്‍ സ്‌കൂളില്‍ വിളിച്ചുവരുത്തിയാണ് ഇയാള്‍ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്. സംഭവത്തെക്കുറിച്ച് കുട്ടി സ്‌കൂള്‍ അധികൃതരോട് വെളിപ്പെടുത്തിയിരുന്നുവെങ്കിലും അവര്‍ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.
മിഥുന്‍ ചക്രവര്‍ത്തിയുടെ ഭാര്യയും ഇതേസ്‌കൂളിലെ അധ്യാപികയായിരുന്നു. സംഭവം മറച്ചുവയ്ക്കാനാണ് ഇവരും ശ്രമിച്ചത്. ഇതേതുടര്‍ന്ന് മാനസികസംഘര്‍ഷത്തിലായ കുട്ടി തന്നെ സ്‌കൂള്‍ മാറ്റണമെന്ന് മാതാപിതാക്കളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാരണം പറഞ്ഞിരുന്നില്ല. തുടര്‍ന്ന് സെപ്റ്റംബറോട് കുട്ടിയെ മാതാപിതാക്കള്‍ മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തു.
പെണ്‍കുട്ടിക്ക് പുതിയ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സലിംഗ് അടക്കം നല്‍കി വരുകയായിരുന്നു വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ വീട്ടില്‍ തനിച്ചായ പെണ്‍കുട്ടി സുഹൃത്തിനെ വിളിച്ചെങ്കിലും സുഹൃത്തിന് ഫോണ്‍ എടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഏഴിന് സുഹൃത്ത് തിരിച്ചു വിളിച്ചെങ്കിലും പ്രതികരണമില്ലായിരുന്നു.
ഇതോടെ സുഹൃത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും പിതാവിനെ വിവരം അറിയിക്കുകയുമായിരുന്നു. ഇരുവരും ചേര്‍ന്നാണ് അകത്തുനിന്ന് പൂട്ടിയ മുറിക്കുള്ളില്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോയമ്പത്തൂർ സംഭവം ഞെട്ടിക്കുന്നതെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമൽഹസൻ പ്രതികരിച്ചു. ഉത്തരവാദികൾ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.