ടൗട്ടെ കൂടുതല്‍ തീവ്രമായി; മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ വേഗത
മുംബൈ: അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കൊടുങ്കാറ്റ് കൂടുതല്‍ തീവ്രമായി. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഇപ്പോള്‍ കാറ്റ് വീശുന്നത്. നിലവില്‍ മുംബൈ തീരത്തിന് 160 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.
വൈകുന്നേരത്തോടെ പൂര്‍ണമായും കരതൊടുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. കരതൊടുമ്പോള്‍ വേഗം മണിക്കൂറില്‍ 185 കിലോമീറ്റര്‍ വരെ ആകാമെന്നും മുന്നറിയിപ്പുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
ചുഴലിക്കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളം രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ അടച്ചു. ബുധനാഴ്ച വടക്കന്‍ ഗുജറാത്തില്‍ കനത്ത മഴയുണ്ടാകുമെന്നും പ്രവചനമുണ്ട്.
ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ ശക്തമായ മഴയും ഇടിമിന്നലും കടല്‍ക്ഷോഭവും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച പാലക്കാട്, വയനാട് ഒഴിച്ചുള്ള ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് 4.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണം. ബുധനാഴ്ച വരെ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും ഇടിമിന്നലോടെ മഴയ്ക്കും സാധ്യതയുണ്ട്. മീന്‍പിടിത്തത്തിനുള്ള നിരോധനം തുടരും. മീനച്ചിലാറില്‍ പ്രളയ മുന്നറിയിപ്പുണ്ട്.
കനത്ത മഴയിലും കടല്‍ക്ഷോഭത്തിലും ഞായറാഴ്ചയും വ്യാപകനാശനഷ്ടമുണ്ടായി. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ നാശം. വീടുകളില്‍ വെള്ളം കയറി. മരം ഒടിഞ്ഞുവീണ് വീടുകളും പോസ്റ്റുകളും തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. റോഡുകളും തകര്‍ന്നു. സംസ്ഥാനത്ത് 141 ക്യാമ്പിലായി 1300 കുടുംബങ്ങളിലെ 4712 പേരെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരത്ത് സ്ഥിരമായി തുടരുന്ന അഞ്ചു ക്യാമ്പില്‍ 581 പേരും ഇടുക്കിയിലെ ഒരു ക്യാമ്പില്‍ നാലു പേരുമുണ്ട്. എല്ലാ ജില്ലയിലും താലൂക്ക് കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു.
കൊച്ചിയില്‍നിന്ന് മീന്‍പിടിത്തത്തിനുപോയി കാണാതായ ബോട്ടിലെ എട്ടു പേരെ കണ്ടെത്തി. ബോട്ടു മുങ്ങിയതോടെ ലക്ഷദ്വീപിലെ കടമത്ത് ദ്വീപില്‍ നീന്തിക്കയറുകയായിരുന്നു ഇവര്‍. ഒരാളെ കണ്ടെത്താനായില്ലെന്നും മറ്റുള്ളവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും തീരസംരക്ഷണ സേന അറിയിച്ചു. ബേപ്പൂരില്‍നിന്ന് പോയി കാണാതായ ബോട്ട് മംഗളൂരുവിന് സമീപം കണ്ടെത്തി.