BusinessKeralaNews

യാത്ര പറഞ്ഞ് ഫോർഡ്,ഗുജറാത്തിലെ പ്ലാന്‍റ് ഇനി ടാറ്റയ്ക്ക് സ്വന്തം

ഗാന്ധിനഗർ:ന്ത്യ വിട്ട ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡ് ഫോര്‍ഡിന്‍റെ ഗുജറാത്തിലെ പ്ലാന്‍റ് ഇനി ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന് സ്വന്തം. ടാറ്റാ മോട്ടോഴ്‍സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും (ടിപിഇഎംഎൽ) ഫോര്‍ഡും തമ്മില്‍ ഗുജറാത്തിലെ സാനന്ദിലുള്ള എഫ്‌ഐപിഎല്ലിന്റെ നിർമാണ പ്ലാന്റ് ഏറ്റെടുക്കുന്നതിനുള്ള യൂണിറ്റ് ട്രാൻസ്ഫർ എഗ്രിമെന്റിൽ (യുടിഎ) കഴിഞ്ഞ ദിവസം ഒപ്പുവച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനും പുറത്തിറക്കുന്നതിനും ടാറ്റ മോട്ടോഴ്‌സ് ഈ പ്ലാന്റ് ഉപയോഗിക്കും. പ്രതിവർഷം 300,000 ഇവികൾ പുറത്തിറക്കാൻ ഈ സൗകര്യം ഉപയോഗപ്പെടുത്താൻ ലക്ഷ്യമിടുന്നതായി ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നു, ഇത് പ്രതിവർഷം 420,000 യൂണിറ്റുകളായി വിപുലീകരിക്കാൻ കഴിയും.

മുഴുവൻ സ്ഥലവും കെട്ടിടങ്ങളും ഏറ്റെടുക്കൽ, യന്ത്രസാമഗ്രികളും ഉപകരണങ്ങളും സഹിതം വാഹന നിർമാണ പ്ലാന്റ്, സാനന്ദിലെ FIPL ന്റെ വാഹന നിർമാണ പ്രവർത്തനങ്ങളിലെ യോഗ്യരായ എല്ലാ ജീവനക്കാരുടെയും കൈമാറ്റം എന്നിവ കരാറിൽ ഉൾപ്പെടുന്നുവെന്ന് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നു. 725.7 കോടി രൂപയ്ക്കാണ് കരാർ ഉറപ്പിച്ചതെന്നും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.

പ്ലാന്‍റിലെ എഞ്ചിന്‍ നിര്‍മ്മാണ കേന്ദ്രം ഫോർഡ് ഇന്ത്യ തുടർന്നും പ്രവർത്തിപ്പിക്കുമെന്നും പ്രസ്‍താവനയിൽ പറയുന്നു. പവർട്രെയിൻ നിർമാണ പ്ലാന്റിന്റെ സ്ഥലവും കെട്ടിടങ്ങളും ടാറ്റയിൽ നിന്ന് പരസ്പര സമ്മതത്തോടെ പാട്ടത്തിനെടുത്തായിരിക്കും ഫോര്‍ഡിന്‍റെ എഞ്ചിന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.  കൂടാതെ, ഫോര്‍ഡ് ഇന്ത്യ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്ന സാഹചര്യത്തിൽ FIPL ന്റെ പവർട്രെയിൻ നിർമ്മാണ പ്ലാന്റിലെ യോഗ്യരായ ജീവനക്കാർക്ക് ജോലി വാഗ്ദാനം ചെയ്യാൻ സമ്മതിച്ചതായും ടാറ്റ മോട്ടോഴ്‍സ് അവകാശപ്പെടുന്നു. ഇരു കമ്പനികളും അന്തിമ കരാറിൽ ഒപ്പുവെച്ചിരിക്കെ, ഇടപാട് അവസാനിപ്പിക്കുന്നത് സർക്കാരിന്‍റെ അംഗീകാരത്തിനും പതിവ് വ്യവസ്ഥകളുടെ നിർവഹണത്തിനും വിധേയമാണ്.

എഫ്‌ഐപിഎല്ലിൽ ഒപ്പുവച്ച കരാർ എല്ലാ പങ്കാളികൾക്കും പ്രയോജനകരമാണെന്നും ടാറ്റ മോട്ടോഴ്‌സിന്റെ വിപണി നില കൂടുതൽ ശക്തിപ്പെടുത്താനുള്ള ശക്തമായ അഭിലാഷത്തെ ഇത് പ്രതിഫലിപ്പിക്കുന്നു എന്നും കരാറിനെക്കുറിച്ച് സംസാരിച്ച ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിന്റെയും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്‌ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു. പാസഞ്ചർ വെഹിക്കിൾ സെഗ്‌മെന്റ്, ഇലക്ട്രിക് വാഹന വിഭാഗത്തിൽ അതിന്റെ നേതൃസ്ഥാനം കെട്ടിപ്പടുക്കുന്നത് തുടരുകയാണെന്നും ഭാവിയിൽ ഒരുങ്ങുന്ന ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കുന്നതിനുള്ള പുരോഗമനപരമായ ഒരു ചുവടുവെപ്പ് നടത്തുന്നതിലൂടെ ഇത് ഇന്ത്യൻ വാഹന വ്യവസായത്തിന്റെ വളർച്ചയും വികാസവും ത്വരിതപ്പെടുത്തും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെ വമ്പൻ വണ്ടിക്കമ്പനികളിൽ ഒന്നായ ഫോർഡ്​ ഇന്ത്യ വിടു​മ്പോൾ നിരവധി ആശങ്കകളാണ്​ ഉയരുന്നത്​. നിലവിൽ ഫോർഡ്​ വാഹനങ്ങളുടെ ഉടമകളായ ലക്ഷക്കണക്കിനുപേരുടെ​ ഭാവിയാണ്​ അനിശ്​ചിതത്വത്തിലായത്​. ഡീലർഷിപ്പുകളുടേയും കമ്പനിയിലെ തൊഴിലാളികളുടേയും ജീവിതവും പ്രതിസന്ധിയിലായി. 4000 തൊഴിലാളികളെയാകും ഫോര്‍ഡ് പ്ലാന്‍റുകളുടെ അടച്ചുപൂട്ടല്‍ ബാധിക്കുക.


ഇന്ത്യ വിടുകയല്ല, മറിച്ച് ഇന്ത്യയിലെ പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കുകയാണെന്നാണ് ഫോർഡ് ഇന്ത്യ പറയുന്നത്.  ഇതുതന്നെയാണ് ഫോർഡ് ആരാധകരെ സംബന്ധിച്ചിടത്തോളം പ്രധാന പ്രതീക്ഷയും. അതായത് ഫോർഡ്​ ഇപ്പോഴും ഇന്ത്യയിൽ സാന്നിധ്യം നിലനിർത്തുന്നു എന്നതാണ് പ്രധാനം​.  മാത്രമല്ല നിലവിലുള്ള ഉപഭോക്താക്കളെ ഒരുതരത്തിലും കൈവിടില്ല എന്നും​ ഫോർഡ് ഉറപ്പു പറയുന്നു. ‘ഇന്ത്യയിലെ ഡീലർമാരുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട് ഞങ്ങളുടെ ഉപഭോക്താക്കളെ തുടർന്നും പിന്തുണക്കും’-ഫോർഡ് പ്രസിഡൻറും സിഇഒയുമായ ജിം ഫാർലി പറഞ്ഞു. ഇന്ത്യയിലെ 10 ലക്ഷത്തോളം വരുന്ന ഫോർഡ് ഉടമകളെ ഉപേക്ഷിക്കില്ലെന്നും തുടർന്നും അവർക്ക് സേവനം ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. വാറണ്ടി, സർവീസ്, സ്പെയർ പാർട്​സ്​ ലഭ്യത തുടങ്ങിയ സേവനങ്ങൾ ഇത്തരത്തിൽ 10 വർഷത്തേക്ക്​ ലഭ്യമാക്കും.

തൊഴിലാളികളുടെ തൊഴില്‍ നഷ്‍ടത്തിനും കമ്പനി പരിഹാരം കണ്ടെത്തുമെന്നാണ് സൂചന. പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് ന്യായവും സന്തുലിതവുമായ ഒരു പദ്ധതി വികസിപ്പിക്കുന്നതിന് ഫോര്‍ഡ് ജീവനക്കാര്‍, യൂണിയനുകള്‍, വിതരണക്കാര്‍, ഡീലര്‍മാര്‍, സര്‍ക്കാര്‍, ചെന്നൈ, സാനന്ദ് എന്നിവിടങ്ങളിലെ മറ്റ് പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

ഇന്ത്യയിലെ വില്‍പ്പന തുടരാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. നിലവിൽ നിർമാണം പൂർത്തിയായ വാഹനങ്ങൾ ഡീലർമാർക്ക്​ നൽകുകയും സ്റ്റോക്ക് തീരുന്നതുവരെ വിൽക്കുകയും ചെയ്യും. ഫിഗോ, ആസ്​പയർ, ഇക്കോസ്പോർട്ട്, ഫ്രീസ്റ്റൈൽ, എൻഡവർ തുടങ്ങിയ വാഹനങ്ങളെല്ലാം ഇത്തരത്തിൽ സ്​റ്റോക്​ തീരുന്നതുവരെ വിൽക്കും. 

പിന്നീട് തിരഞ്ഞെടുത്ത മോഡലുകള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്‍തായിരിക്കും വില്‍പ്പനയെന്നാണ് ഫോര്‍ഡുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. അതായത് ഇറക്കുമതിചെയ്‍ത സി ബിയു മോഡലുകള്‍ മാത്രമായിരിക്കും കമ്പനി ഇനി ഇന്ത്യയില്‍ വില്‍ക്കുക. ഓസ്‌ട്രേലിയയിലും ബ്രസീലിലും ഉള്ളതുപോലെ പ്രധാന മോഡലുകൾ ഇറക്കുമതി ചെയ്യുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. മസ്​താങ്, ബ്രോങ്കോ, മറ്റ് ഇലക്ട്രിക് വാഹനങ്ങൾ, ഇതിനകം ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന റേഞ്ചർ പിക്കപ്പ് ട്രക്ക് എന്നിവപോലുള്ള മോഡലുകൾ എന്നിവ കൊണ്ടുവരുന്നതിൽ ഫോർഡ് ശ്രദ്ധ കേന്ദ്രീകരിക്കും. ദില്ലി, ചെന്നൈ, മുംബൈ, സാനന്ദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ പാര്‍ട്ട് ഡിപ്പോകള്‍ പരിപാലിക്കുകയും അതിന്റെ ഡീലര്‍ ശൃംഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രീതിയില്‍ വില്‍പ്പന ക്രമീകരിക്കുകയും ചെയ്യും.

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ്, ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹാര്‍ളി ഡേവിഡ്‌സണ്‍ തുടങ്ങിയവര്‍ അടുത്ത കാലത്ത് ഇന്ത്യയില്‍നിന്ന് പിന്മാറിയിരുന്നു. ഹാര്‍ളി ഡേവിഡ്‌സണ്‍ ഹീറോയുമായി സഹകരിച്ച് വില്‍പ്പന തുടരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker