കങ്കണയ്ക്കെതിരെ ട്രോളിന് ലൈക്കടിച്ച് തപ്‌സി; തര്‍ക്കം വീണ്ടും പരസ്യമാവുന്നു
കങ്കണയെ ട്രോളിക്കൊണ്ട് പലരും പോസ്റ്റുകള്‍ ഇടാറും ഷെയര്‍ ചെയ്യാറുമുണ്ട്. അത്തരത്തിലൊരു ട്രോള്‍ വീഡിയോ കഴിഞ്ഞ ദിവസം കൊമേഡിയന്‍ സലോണി ഗൗര്‍ പുറത്തിറക്കിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോക്ക് ലൈക്കടിച്ചിരിക്കുകയാണ് നടി തപ്‌സി പന്നു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്ന കങ്കണയുടെ പരാമര്‍ശത്തെ ട്രോളികൊണ്ടായിരുന്നു വീഡിയോ. കങ്കണയുടെ പരാമര്‍ശത്തെ എതിര്‍ത്തുകൊണ്ട് നിരവധിപേര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍, താന്‍ നടത്തിയ പരാമര്‍ശത്തെ ന്യായീകരിച്ച് കങ്കണ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരിന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം തെറ്റാണെന്ന് തെളിയിച്ചാല്‍ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്നായിരുന്നു കങ്കണയുടെ പ്രതികരണം.
ഇതിനു പിന്നാലെയായിരുന്നു കങ്കണയെ ട്രോളിക്കൊണ്ട് സലോണി ഗൗര്‍ വീഡിയോ ചെയ്തത്. തപ്‌സി ഈ വീഡിയോക്ക് ലൈക്കടിച്ചതോടെ ഇരുവരും തമ്മിലുള്ള തര്‍ക്കം വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. തപ്‌സിക്കെതിരെ നിരന്തരമായി ട്വീറ്റുകളിലൂടെ കങ്കണ രംഗത്തു വരാറുണ്ട്. നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തോടെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്.
ബോളിവുഡില്‍ സ്വജനപക്ഷപാതമാണ് സുശാന്തിന്റെ മരണത്തിന് കാരണമായതെന്നുള്ള കങ്കണയുടെ വാദത്തെ തപ്‌സി തള്ളിയിരുന്നു. ഇതിനെതിരെ തപ്‌സിക്കും സ്വര ഭാസ്‌ക്കറിനും അവസരങ്ങള്‍ കിട്ടാത്തതിന് കാരണം സ്വജനപക്ഷപാതമാണെന്ന് കങ്കണ പറഞ്ഞിരുന്നു.