KeralaNews

മുല്ലപ്പെരിയാറിൽ വിള്ളലുകളില്ല,ജലനിരപ്പ് 142 അടിയാക്കാന്‍ അനുവദിക്കണമെന്ന് തമിഴ്നാട്

ഡൽഹി:മുല്ലപ്പെരിയാര്‍ (Mullaperiyar Dam) അണക്കെട്ടില്‍ വിള്ളലുകളില്ലെന്ന് തമിഴ്നാട് (Tamil Nadu) സുപ്രീം കോടതിയില്‍ (Supreme Court).

തമിഴ്നാട് സര്‍ക്കാര്‍ പുതിയ മറുപടി സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു. ഭൂചലനങ്ങള്‍ കാരണം അണക്കെട്ടിന് വിള്ളലുകള്‍ ഉണ്ടായിട്ടില്ല. അണക്കെട്ടിന്‍റെ അന്തിമ റൂള്‍ കെര്‍വ് തയ്യാറായിട്ടില്ലെന്ന കേരളത്തിന്‍റെ വാദം തെറ്റെന്നും തമിഴ്നാട് കോടതിയില്‍ അറിയിച്ചു. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാന്‍ അനുവദിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ചൊല്ലി കേരളം ഉയര്‍ത്തുന്നത് അനാവശ്യ ആശങ്കയാണെന്ന് തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അണക്കെട്ടിന് ബലക്ഷയമില്ലെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ട്. 2006 ലും 2014 ലും അത് സുപ്രീം കോടതി തന്നെ അംഗീകരിച്ചതാണ്. അതിനാല്‍ 142 അടിയായി ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കണമെന്നും തമിഴ്നാട് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ബേബി അണക്കെട്ട് ബലപ്പെടുത്താനും അതിനായി മരം മുറിക്കാനും നല്‍കിയ അനുമതി കേരളം റദ്ദാക്കി. ഇത് കേരളത്തിന്‍റെ ഇരട്ടത്താപ്പാണെന്നും ഏഴ് കൊല്ലമായി ബേബി അണക്കട്ട് ബലപ്പെടുത്തല്‍ കേരളം തടസ്സപ്പെടുത്തുകയാണന്നും സുപ്രീം കോടതിയില്‍ മുന്‍പ് നല്‍കിയ സത്യവാംങ്മൂലത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

തമിഴ്നാടിന്‍റെ സത്യവാംങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം നല്‍കണമെന്ന കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ച്‌ നവംബര്‍ 22 ലേക്ക് കേസ് മാറ്റിയിരുന്നു. അതുവരെ ഒക്ടോബര്‍ 28 ലെ ഉത്തരവ് അനുസരിച്ചുള്ള ഇടക്കാല സംവിധാനം തുടരുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അണക്കെട്ടിലെ ചോര്‍ച്ചയെ കുറിച്ചുള്ള കണക്കുകള്‍ വെളിപ്പെടുത്താന്‍ തമിഴ്നാടിനോട് ആവശ്യപ്പെടണമെന്ന പെരിയാര്‍വാലി പ്രൊട്ടക്ഷന്‍ മൂവ്മെന്‍റിന്‍റെ ആവശ്യം പരിശോധിക്കാമെന്ന് കോടതി അറിയിച്ചു. ഇത്തരം ഹര്‍ജികള്‍ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണത്തിന് വേണ്ടിയാണെന്നും ഒന്നിനുപുറകെ ഒന്നായി ഹര്‍ജികള്‍ നല്‍കി ഉപദ്രവിക്കുകയാണെന്നും തമിഴ്നാട് വാദിച്ചിരുന്നു. ഈ വാദത്തോട് വിയോജിച്ച കോടതി പുതിയ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തേണ്ടിവരുമെന്ന് വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker