തൃശൂർ: തൃശൂരിലെ മൂന്ന് എടിഎം സെന്ററുകളിൽ നിന്ന് പണം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികളെ തമിഴ്നാട് പൊലീസ് പിടികൂടിയത് അതീവസാഹസികമായി. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നെന്ന് കേരള പൊലീസ് വിവരം നൽകിയതിനെ തുടർന്നാണ് തമിഴ്നാട് പൊലീസ് പിന്തുടർന്നത്. പണം കണ്ടെയ്നറിൽ കൊണ്ടുപോകുന്നതിനിടെ പിന്തുടർന്ന് നാമക്കലിൽ പൊലീസുമായി പ്രതികൾ ഏറ്റുമുട്ടുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു പ്രതി കൊല്ലപ്പെടുകയും രണ്ട് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇൻസ്‌പെക്ടർ തവമണി, രഞ്ജിത്ത് കുമാർ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊള്ളസംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു.
പണം കണ്ടയ്നറിൽ കെട്ടുകെട്ടായി കൊണ്ടുപോവുകയായിരുന്നു. കവർച്ച സംഘത്തിന്‍റെ കയ്യിൽ തോക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതികൾ ബെംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് സൂചന. സിനിമാ സ്റ്റൈൽ ചേസിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. അഞ്ച് പേരാണ് കസ്റ്റഡിയിലായത്. കവർച്ചക്കാർ സഞ്ചരിച്ച കാറിൽ നാല് പേരാണുണ്ടായിരുന്നത്. പിന്നീട് രണ്ട് പേർ കൂടെ ചേർന്നു. രാജസ്ഥാൻ രജിസ്ട്രേഷനിലാണ് ഇവർ സഞ്ചരിച്ച കണ്ടെയ്നർ. രണ്ട് പൊലീസുകാർക്ക് കുത്തേറ്റാണ് പരിക്ക്. ഒന്നരമണിക്കൂറിനുള്ള 20 കിലോമീറ്റർ പരിധിയിലെ എടിഎമ്മുകളാണ് കവർന്നത്. കൃത്യമായ ആസൂത്രണങ്ങളോടെയാണ് കവർച്ചയെന്നും പൊലീസ് പറയുന്നു. ഇവർ പതിയാൻ സാധ്യതയുള്ള സിസിടിവി ക്യാമറയും നശിപ്പിച്ചു.
മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. പുലർച്ചെ 2.30 നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്തയിരുന്നു കവര്‍ച്ച. മൂന്ന് എടിഎമ്മുകളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊർണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ബാങ്ക് ഉദ്യോഗസ്ഥർക്കെത്തിയ മെസേജിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്. കൊള്ള സംഘം എത്തിയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സിസിടിവി ക്യാമറകളിൽ കറുത്ത സ്പ്രേ ചെയ്തതിന് ശേഷമായിരുന്നു മോഷണം.