ചെന്നൈ: പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദ പ്രവേശനം പ്രോല്‍സാഹിപ്പിക്കുന്നതിനായി വിവിധ തരത്തിലുള്ള പദ്ധതികളാണ് തമിഴ്നാട് സർക്കാർ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആണ്‍കുട്ടികളുടെ ഉന്നതപഠനം ഉറപ്പ് വരുത്തുന്ന തമിഴ് പുതൽവൻ പദ്ധതി വരുന്ന അധ്യയന വർഷം മുതൽ ജൂണിൽ നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ശിവദാസ് മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
2024 ലെ സംസ്ഥാന ബജറ്റിലായിരുന്നു സ്റ്റാലിന്‍ സർക്കാർ ആദ്യമായി ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സർക്കാർ സ്‌കൂളുകളിൽ പഠിച്ചതിന് ശേഷം ബിരുദ പഠനത്തിനായി എത്തുന്ന ആൺകുട്ടികൾക്ക് പുസ്തകങ്ങളും മറ്റും വാങ്ങാൻ പദ്ധതി പ്രകാരം പ്രതിമാസം 1000 രൂപ നൽകും. ഏകദേശം 3 ലക്ഷം വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്ന പുതുമൈ പെൺ പദ്ധതിയും ഇതേ പാതയിൽ സർക്കാർ നടപ്പാക്കിവരുന്നുണ്ട്.
കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുന്ന ‘കല്ലൂരി കനവ്’ പദ്ധതി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുമ്പോഴായിരുന്നു ചീഫ് സെക്രട്ടറി തമിഴ് പുതല്‍വന്‍ പദ്ധതിയും ഈ വർഷം തന്നെ ആരംഭിക്കുമെന്ന് വ്യക്തമാക്കിയത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറ്റവും അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാൻ കല്ലൂരി കനവ് പരിപാടി സഹായിക്കുമെന്ന് ഉദ്ഘാടന വേളയിൽ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.
ബിരുദാനന്തര ബിരുദാനന്തരം തൊഴിലവസരങ്ങളുള്ള വിഷയാടിസ്ഥാനത്തിലുള്ള കോഴ്‌സുകൾ, ഡിപ്ലോമകൾ, കോളേജുകൾ എന്നിവ തിരഞ്ഞെടുക്കുന്നതിന് വിദ്യാർത്ഥികളെ നയിക്കുക എന്നതാണ് കല്ലൂരി പ്രോഗ്രാം ലക്ഷ്യമിടുന്നത്. പദ്ധതി വി പ്രശസ്തരും അക്കാദമിക് വിദഗ്ധരുമായ ആളുകള്‍ വിദ്യാർത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നിർദേശം നല്‍കുന്നു.
സംസ്ഥാന വ്യാപകമായി മേയ് 13 വരെ വിവിധ ജില്ലകളിൽ പരിപാടി നടക്കും. വിവിധ മേഖലകളിൽ നിന്നുള്ള പ്രഭാഷകർ കുട്ടികൾക്ക് ലഭ്യമായ അക്കാദമിക് ഓപ്ഷനുകളെക്കുറിച്ച് സംസാരിക്കും. കൂടാതെ, വിവിധ വകുപ്പുകൾ അവർ വാഗ്ദാനം ചെയ്യുന്ന കോഴ്സുകൾ വിശദീകരിക്കുന്ന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.
“ഉന്നത വിദ്യാഭ്യാസം നേടാനുള്ള ഓരോ വിദ്യാർത്ഥിയുടെയും അവകാശം സാക്ഷാത്കരിക്കുന്നതിനാണ് നാൻ മുതൽവൻ പദ്ധതി വിഭാവനം ചെയ്യുകയും പ്രവർത്തിക്കുകയും ചെയ്തത്. സ്‌കൂൾ വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും തമിഴ്‌നാട് നൈപുണ്യ വികസന വകുപ്പും മൊത്തം എൻറോൾമെൻ്റ് അനുപാതം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി.” മീണ പറഞ്ഞു,
“കല്ലൂരി കനവ് സംരംഭം 2022 ൽ ആരംഭിച്ചത് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് മാത്രമാണ്. വരുന്ന അധ്യയന വർഷത്തിൽ ഒൻപതാം ക്ലാസ് മുതൽ കരിയർ ഗൈഡൻസ് സംരംഭം ആരംഭിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു, അതിലൂടെ വിദ്യാർത്ഥികൾക്ക് അവർ എടുക്കാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പുകളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കും “നാൻ മുതൽവൻ പദ്ധതിയുടെ ഭാഗമായ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.