
ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയം കാവി നയമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. രാജ്യത്തിന്റെ പുരോഗത്തിക്ക് പകരം ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള നയമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു. ബുധനാഴ്ച തിരുവള്ളൂരില്‍ നടന്ന പൊതുപരിപാടിയിലാണ് സ്റ്റാലിന്റെ വിമര്‍ശനം.
ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ നയമല്ല മറിച്ച് അത് കാവി നയമാണ്. ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുണ്ടാക്കിയതല്ല ഈ നയം, പകരം ഹിന്ദിയുടെ പുരോഗതിക്കായിട്ടുള്ളതാണ്. തമിഴ്‌നാട് വിദ്യാഭ്യാസ സമ്പ്രദായത്തെ നശിപ്പിക്കുന്നതിനാല്‍ ഞങ്ങള്‍ ഈ നയത്തെ എതിര്‍ക്കുന്നു- സ്റ്റാലിന്‍ പറഞ്ഞു.
ഈ നയം അംഗീകരിക്കാത്തതിനാല്‍ കേന്ദ്ര വിഹിതം പിടിച്ചുവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള നയമാണ് ഇതെങ്കില്‍ തീര്‍ച്ചയായും ഈ നയത്തെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ത്രിഭാഷാ നയം ഉള്‍പ്പടെ പുതിയ വിദ്യാഭ്യാസ നയം പൂര്‍ണമായി നടപ്പാക്കാന്‍ തമിഴ്‌നാട് സമ്മതിച്ചിരുന്നുവെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് ലഭിക്കുന്നതിനായി വൈകാരികമായ ഈ വിഷയം ഉപയോഗിക്കാമെന്ന പ്രതീക്ഷയില്‍ അവര്‍ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോവുകയായിരുന്നുവെന്ന് മന്ത്രി പറയുന്നു.
അതേസമയം, ധര്‍മേന്ദ്ര പ്രധാന്റെ വിമര്‍ശങ്ങള്‍ക്ക് അതിവേഗം തന്നെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മറുപടിയുമായെത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്വയം രാജാവാണെന്ന് കരുതി അഹങ്കാരത്തോടെ സംസാരിക്കുകയാണെന്ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ സ്റ്റാലിന്‍ പറഞ്ഞു.