31.7 C
Kottayam
Friday, May 10, 2024

അഫ്ഗാനിൽ പൂർണ്ണ നിയന്ത്രണം താലിബാനിലേക്ക്,ഒരാഴ്ചയ്ക്കിടെ പിടിച്ചത് 10 പ്രവിശ്യാ തലസ്ഥാനങ്ങൾ

Must read

കാബൂൾ:അഫ്ഗാനിസ്താനിൽ നിർണായകമായ കൂടുതൽ പ്രദേശങ്ങളിൽ പിടിമുറുക്കി താലിബാൻ. തലസ്ഥാനമായ കാബൂളിൽനിന്ന് 150 കിലോ മീറ്റർ മാത്രം അകലെയുള്ള ഗസ്‌നിയുടെ നിയന്ത്രണം വ്യാഴാഴ്ച താലിബാൻ പിടിച്ചെടുത്തു. അഫ്ഗാൻ സൈന്യം തിരിച്ചടിക്കുമ്പോഴും ഒരാഴ്ചയ്ക്കിടെ പ്രധാനപ്പെട്ട പത്ത് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാൻ നിയന്ത്രണത്തിലാക്കിയത്. നിലവിൽ രാജ്യത്തെ 34 പ്രവിശ്യാ തലസ്ഥാനങ്ങളിൽ മൂന്നിലൊന്നും താലിബാൻ നിയന്ത്രണത്തിലാണ്.

കാബൂളുമായി പ്രധാനഗരമായ കാണ്ഡഹാറിനെ ബന്ധിപ്പിക്കുന്ന ദേശീയപാതയിലെ പട്ടണമാണ് തെക്കുകിഴക്കൻ പ്രദേശമായ ഗസ്‌നി. നഗരം വിട്ട ഗസ്‌നി ഗവർണറെയും ഉപഗവർണറെയും സുരക്ഷാസേന അറസ്റ്റുചെയ്തതായും നഗരത്തിന്റ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതായും ആഭ്യന്തരമന്ത്രാലയ വക്താവ് മിർവെയ്‌സ് സ്റ്റാനിക്‌സായ് സ്ഥിരീകരിച്ചു. രാജ്യത്തെ വടക്ക്, പടിഞ്ഞാറ് പ്രദേശങ്ങളിൽ സർക്കാരിന്റെ സ്വാധീനം പൂർണമായും നഷ്ടപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒരു മാസത്തിനുള്ളിൽ അഫ്ഗാനിൽ മരിച്ചത് 1000 സാധാരണക്കാരാണെന്നാണ് ഐക്യരാഷ്ടസഭയുടെ കണക്ക്. ഒരുമാസത്തിനകം താലിബൻ സേന കാബൂൾ വളയുമെന്നും മൂന്നുമാസത്തിനുള്ളിൽ തലസ്ഥാനനഗരം പൂർണമായും പിടിച്ചടെുക്കുമെന്നുമുള്ള അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

അഫ്ഗാനിസ്താൻ 20 വർഷത്തെ സാന്നിധ്യം അവസാനിപ്പിച്ച് സൈനിക പിൻമാറ്റത്തിനൊരുങ്ങുന്നതായി മേയിൽ അമേരിക്ക അറിയിച്ചതോടെയാണ് താലിബാൻ വീണ്ടും പിടിമുറുക്കിത്തുടങ്ങിയത്.

അക്രമം അവസാനിപ്പിക്കുന്നതിനായി താലിബാനുമായി ഭരണം പങ്കിടാൻ തയ്യാറാണെന്ന് താലിബാനുമായുള്ള ചർച്ചകളിൽ മധ്യസ്ഥം വഹിക്കുന്ന ഖത്തറിനെ അഫ്ഗാൻ സർക്കാർ വ്യാഴാഴ്ച അറിയിച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ ശക്തമായ മുന്നേറ്റം നടത്തുന്ന താലിബാൻ ഇതിനു വഴങ്ങാൻ സാധ്യതയില്ലെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പി.എം. നാരായണൻ അഭിപ്രായപ്പെട്ടു. അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി സ്ഥാനമൊഴിയാതെ സർക്കാരുമായി ചർച്ചയ്ക്കില്ലെന്ന് താലിബാൻ നേരത്തേ അറിയിച്ചിരുന്നു.

നിയന്ത്രണം പിടിച്ചെടുത്ത പ്രധാനപ്പെട്ട ആറ്് നഗരങ്ങളിലെ ജയിലുകളിൽനിന്ന‌ായി ആയിരം തടവുകാരെ താലിബാൻ മോചിപ്പിച്ചു. മയക്കുമരുന്ന് കടത്ത്, തട്ടിക്കൊണ്ടുപോകൽ, മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ തടവിലാക്കിയവരെയാണ് താലിബൻ മോചിപ്പിച്ചതെന്ന് അഫ്ഗാൻ മാധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. കുണ്ടൂസ് പ്രവിശ്യയിലെ ജയിലിൽനിന്ന് മോചിപ്പിച്ച 630 തടവുകാരിൽ 15 താലിബാൻ ഉന്നതനേതാക്കളുൾപ്പെടെ 180 താലിബാൻകാരാണുള്ളത്. നിംരോസ് പ്രവിശ്യയിലെ ജയിയിൽനിന്ന് മോചിപ്പിച്ചവരിൽ 40 താലിബാൻകാരുൾപ്പെടുന്നതായും ടോളോ റിപ്പോർട്ട് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week