പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഇരുന്ന് പഠിക്കരുത്,ഫത്വ പുറപ്പെടുവിച്ച് താലിബാന്‍
കാബൂള്‍ :അഫ്ഗാനിസ്താനില്‍ താലിബാന്റെ കിരാത നിയമങ്ങള്‍ നടപ്പിലാക്കാനാരംഭിച്ചതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഇരുന്ന് പഠിക്കരുത് എന്ന് താലിബാന്‍ ഫത്വ പുറപ്പെടുവിച്ചു. ഹെറാത്ത് പ്രവിശ്യയിലുള്ള സര്‍ക്കാര്‍, സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളും സര്‍വ്വകലാശാല അദ്ധ്യാപകരുമായി താലിബാന്‍ നടത്തിയ യോഗത്തിലാണ് തീരുമാനം.
സമൂഹത്തിലെ തിന്മകള്‍ വര്‍ദ്ധിച്ചുവരുന്നതിനുള്ള പ്രധാന കാരണം സഹ വിദ്യാഭ്യാസമാണ്. അതിനാല്‍ അഫ്ഗാനിലെ കോളേജുകളില്‍ നടപ്പിലാക്കുന്ന സഹ വിദ്യാഭ്യാസം നിര്‍ത്തലാക്കണമെന്ന് താലിബാന്‍ വക്താവ് യോഗത്തില്‍ പറഞ്ഞു. ഇരു വിഭാഗക്കാര്‍ക്കും വ്യത്യസ്ത ക്ലാസുകള്‍ സജ്ജീകരിക്കണമെന്നാണ് താലിബാന്‍ നിര്‍ദ്ദേശം നല്‍കിയത്. അതുപോലെ തന്നെ വനിതാ അദ്ധ്യാപകരോ മുതിര്‍ന്ന അദ്ധ്യാപകരോ മാത്രമേ പെണ്‍കുട്ടികളെ പഠിപ്പിക്കാവൂ എന്നും താലിബാന്‍ ഉത്തരവിട്ടു
എന്നാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്ത ക്ലാസുകള്‍ ഒരുക്കുന്നത് ചെലവ് വര്‍ദ്ധിപ്പിക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ രാജ്യത്തെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥിനികള്‍ക്ക് ഉപരി പഠനം നടത്താന്‍ സാധിക്കാതെ വരും എന്നാണ് വിലയിരുത്തല്‍.