FeaturedKeralaNews

മിണ്ടാതിരിക്കുന്നത് അധിക്ഷേപിക്കാനുളള അവസരമായി ഉപയോഗിക്കുന്നു -ഫാത്തിമ തഹ്‌ലിയ,ലീഗിന്റെ പോഷക സംഘടനയല്ല ഹരിത; ആദ്യം വനിതാ ലീഗിന് പരാതി നല്‍കണമായിരുന്നുവെന്ന് നൂര്‍ബിന

കോഴിക്കോട്:സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ എം.എസ്.എഫും-വനിതാ വിഭാഗമായ ഹരിതയും തമ്മിലുള്ള പോര് ലീഗ് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. പരാതിക്കാർക്കെതിരേ നടപടിയെടുക്കുകയും ആരോപണ വിധേയരായവരോട് വിശദീകരണം മാത്രം ചോദിക്കുകയും ചെയ്ത മുസ്ലീം ലീഗിന്റെ നിലപാട് സമൂഹമാധ്യമങ്ങളിലടക്കം വലിയ രീതിയിലാണ് വിമർശിക്കപ്പെടുന്നത്. ഹരിത അച്ചടക്കം ലംഘിച്ചുവെന്ന് മുസ്ലീം ലീഗ് നിലപാടെടുത്തതോടെ ഹരിതയുടെ പ്രവർത്തനം തന്നെ മരവിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പോയി. എം.എസ്.എഫ് നേതൃത്വം പല തട്ടിലായി പലരും പരസ്യമായി വിമർശനവുമായി രംഗത്തെത്തി.ഇതിനിടെ വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി പ്രഥമ ഹരിത ജനറൽ സെക്രട്ടറിയും എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റുമായ അഡ്വ.ഫാത്തിമ തഹ്ലിയ രംഗത്തെത്തി.

ഫാത്തിമ തഹ്ലിയയുടെ വാക്കുകളിങ്ങനെ:

ഹരിതയിലെ പത്ത് പെൺകുട്ടികളാണ് നിലവിലെ വിവാദവുമായി ബന്ധപ്പെട്ട പരാതി വനിതാ കമ്മീഷന് നൽകിയിരിക്കുന്നത്. പല തവണ മുസ്ലീം ലീഗ് നേതൃത്വത്തോടും പലരുടേയും വീട്ടിലടക്കം നേരിട്ട് പോയി ഇതുമായി ബന്ധപ്പെട്ട പരാതിയിൽ സംസാരിച്ചതാണ്. പാർട്ടി വേദികളിലും ഒടുവിൽ വനിതാ കമ്മീഷനിലുമല്ലാതെ ഇന്നുവരെ ഈ പത്ത് പെൺകുട്ടികളും ഒരക്ഷരം മിണ്ടിയിട്ടില്ല. ഞങ്ങൾ പിടിച്ച കൊടി തെറ്റായിരുന്നില്ലെന്ന് ഉറച്ച വിശ്വാസമുള്ളത് കൊണ്ട് തന്നെ നടപടിയുണ്ടാകുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ.

ഇപ്പോഴും പ്രതീക്ഷിക്കുന്നത് അങ്ങനെ തന്നെയാണ്. പക്ഷെ എന്തുകൊണ്ടാണ് എന്നറിയില്ല പരാതിയിൽ പാർട്ടി നിലപാടെടുക്കാൻ ഏറെ വൈകി. ഇത് ആ പെൺകുട്ടികൾക്ക് വലിയ വിഷമവും പ്രയാസവുമുണ്ടാക്കി. തുടർന്നാണ് വനിതാകമ്മീഷനെ സമീപിക്കാൻ തീരുമാനിച്ചത്. പക്ഷെ പാർട്ടിയിൽ നിന്ന് അവസാന തീരുമാനം വന്നിരിക്കുന്നത് ഹരിതയെ മരവിപ്പിച്ച് കൊണ്ടും ആരോപണ വിധേയരായവരോട് വിശദീകരണം ചോദിച്ച് കൊണ്ടുമാണ്. ഈയൊരു തീരുമാനത്തിൽ ഏറെ വിഷമവും സങ്കടവുമുണ്ട്. ഇത് പാർട്ടിയിൽ ഇനിയും ഉന്നയിക്കുകയും ചെയ്യും.

ഒരു വ്യക്തിയുടെ മൗലീകാവകാശമാണ് അല്ലെങ്കിൽ മനുഷ്യാവകാശമാണ് നിയമസംവിധാനത്തെ സമീപിക്കുകയെന്നത്. അത് തെറ്റായി പോയെന്ന് പറഞ്ഞ് പാർട്ടി നേതൃത്വം പോലും രംഗത്തെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമാണ് ഇതുമായി ബന്ധപ്പെട്ട് ഒരു ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ഇതിൽ അദ്ദേഹത്തോട് ഞങ്ങളുടെ അതൃപ്തി അറിയിച്ചിട്ടുമുണ്ട്. വനിതാകമ്മീഷനിൽ കാര്യങ്ങൾ എത്തിയത് സ്വാഭാവികമായിട്ടും പെൺകുട്ടികളുടെ നിരന്തരമായിട്ടുള്ള അസ്വസ്ഥതകളും പ്രയാസങ്ങളും കൊണ്ടാണ്.

പാർട്ടി വേദികളിൽ പറഞ്ഞ് കഴിഞ്ഞിട്ടും നടപടി വൈകിയതിൽ അവർ മാനസികമായി പ്രയാസപ്പെട്ടു. പക്ഷെ ഇതിന്റെ പേരിൽ ഞാനടക്കമുള്ള പെൺകുട്ടികളെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോലും തെറ്റായ പ്രചരണം നടക്കുന്നു. വ്യക്തിഹത്യയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ഞങ്ങളെ സ്വന്തം മക്കളെ പോലെ കാണുന്ന ഒരുപാട് രക്ഷിതാക്കളുണ്ട്. സഹോദരങ്ങളുണ്ട്. അവരെല്ലാം വലിയ പ്രതീക്ഷയോടെ തന്നെയാണ് ഈ പാർട്ടിയുടെ കൊടിപിടിക്കാൻ ഞങ്ങളെ വിട്ടത്. അതുകൊണ്ട് ഇതിൽ ഇത്തരം പ്രചാരണത്തിൽ നിന്നും മാറി നിൽക്കണം. പാർട്ടി സംവിധാനത്തിൽ വിശ്വാസമുണ്ട്. രാജ്യത്തിന് തന്നെ മാതൃകയാവുന്ന ഒരു നടപടി ലീഗിൽ നിന്ന് ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഹരിത എന്താണ് ചെയ്യുന്നത് എന്നാണ് പലരും സോഷ്യൽ മീഡിയയിൽ അടക്കം ചോദിച്ച് കൊണ്ടിരിക്കുന്നത്. പിന്നെ പാർട്ടിക്ക് തലവേദനയായല്ലോ എന്ന ചോദ്യങ്ങളും പരാമർശങ്ങളും ഉയരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ വേദനയും പ്രതിഷേധവുമുണ്ട്. ഹരിത രൂപീകരിച്ചിട്ട് ഇത് മൂന്നാമത്തെ ജനറേഷനാണ്. ഇതുവരെ ക്യാമ്പസുകൾക്ക് അകത്തും പുറത്തും വിദ്യാർഥിനികളുടെ ശബ്ദമായി മാറാൻ ഹരിതയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരു വ്യക്തി രണ്ട് വ്യക്തി എന്നതിനപ്പുറം കാണാമറയത്തുള്ള പെൺകുട്ടികളുടെ ശബ്ദമായിരുന്നു ഹരിത. പി.കെ ഫിറോസ്, ടി.പി അഷ്റഫലി എന്നിവരുടെ കമ്മിറ്റിയിലാണ് ഹരിത ആദ്യം വരുന്നത് ഞാൻ ജനറൽ സെക്രട്ടറിയായിരുന്നു. ഹരിത രൂപീകരിച്ചതിന് ശേഷം പലകോളേജുകളിലും എം.എസ്.എഫിന് പ്രാതിനിധ്യമില്ലാത്ത സ്ഥലത്ത് പോലും എം.എസ്.എഫിനെ നയിക്കാൻ പെൺകുട്ടികൾക്ക് കഴിഞ്ഞു. സെനറ്റിലേക്ക് വരെ തിരഞ്ഞെടുക്കപ്പെട്ടു. ഇതൊക്കെ ഹരിതയുടെ പ്രവർത്തനം കൊണ്ട് തന്നെയാണ്.

വിഷയം ഉണ്ടായപ്പോഴല്ലാം ഹരിതയെ കേൾക്കാൻ നേതൃത്വം തയ്യാറായിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. പക്ഷെ ചിലർ പെൺകുട്ടികൾക്കെതിരേ നീചമായിട്ടുള്ള വ്യക്തിഹത്യകളും ഇല്ലാ കഥകളും മോശം പരാമർശങ്ങളും നടത്തുന്നു. പലരും വലിയ മാനസിക സംഘർഷത്തിലൂടെയാണ് കടന്ന് പോവുന്നത്. പ്രശ്നം നീതിയുക്തമായിട്ടുള്ള രൂപത്തിൽ പരിഹരിക്കണമെന്ന് ആഗ്രഹമുണ്ട്. അങ്ങനെ തന്നെ സംഭവിക്കും. എന്തുവന്നാലും എന്ത് തീരുമാനമുണ്ടായാലും ആ പത്ത് പെൺകുട്ടികളുടെ വേദനയിൽ അവരെ ചേർത്ത് നിർത്തും. ഈ നിമിഷം വരെ പൊതുമധ്യത്തിൽ ഒന്നും സംസാരിച്ചിട്ടില്ല അവരാരും. അത് പലരും അവരെ അധിക്ഷേപിക്കാനും ഇല്ലാ കഥകൾ പ്രചരിപ്പിക്കാനുമുള്ള അവസരമായിട്ടാണ് ഉപയോഗിക്കുന്നത്. സ്ത്രീകളുടെ കടന്ന് വരവിനെ പ്രോത്സാഹിപ്പിക്കാൻ താൽപര്യമില്ലാത്തവരാണ് ഇതിന് പിന്നിൽ.

മിണ്ടാതിരുന്നിട്ടും നടപടിയുണ്ടായതിലാണ് സങ്കടം. ആ നടപടിയിൽ വലിയ പ്രയാസമുണ്ട്, നിരാശയുണ്ട് അത് പാർട്ടിക്കുള്ളിൽ തന്നെ ഇനിയും പറയും. പാർട്ടിയിൽ ഞങ്ങളുൾപ്പെടെ ആരും ചെറുതല്ല എന്നതാണ് ആശയം. പരാതി പറഞ്ഞ പത്ത് കുട്ടികളുടെ നിലപാട് എന്താണ് എന്നതിനോട് ചേർന്നിരിക്കും മറ്റ് തീരുമാനങ്ങളും. ആരും ഒറ്റപ്പെട്ട് പോവില്ലെന്ന് ഉറപ്പുണ്ട്.
അതിനിടെ എംഎസ്എഫ് വിവാദത്തിൽ പരാതിക്കാരായ ഹരിത പ്രവർത്തകരെ തള്ളി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് രംഗത്തെത്തി.ഹരിത മുസ്ലിം ലീഗിന്റെ പോഷക സംഘടനയല്ലെന്നും താത്കാലികമായി ഉണ്ടാക്കിയ സംഘടനയാണെന്നും നൂർബിന പറഞ്ഞു.

ഒരു തീരുമാനമെടുക്കുമ്പോൾ വിശദമായി വിശകലനം ചെയ്യുന്ന ഒരു നേതൃത്വമാണ് മുസ്ലിം ലീഗിനുള്ളതെന്ന് ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച നടപടിയേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ. പാർട്ടി ഒരു തീരുമാനമെടുത്താൽ പാർട്ടിയുടെ എല്ലാ അംഗങ്ങൾക്കും അത് ബാധകമാണ്. അതിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ പാർട്ടിയുടെ കമ്മിറ്റികളിലാണ് പറയേണ്ടതെന്നും നൂർബീന പറഞ്ഞു.

മുസ്ലിം സ്ത്രീകൾ പൊതുരംഗത്തേക്ക് വരരുതെന്ന് പറഞ്ഞ കാലഘട്ടത്തിലാണ് വനിതാ ലീഗിനെ വളർത്തി വലുതാക്കി ഈ നിലയിലെത്തിച്ചത്. പുരോഗമന പ്രസ്ഥാനങ്ങളിലും പൊതുസമൂഹത്തിലും പുരുഷമേധാവിത്വമുണ്ട്. ഹരിതാ പ്രവർത്തകരുടെ പരാതി വനിതാ ലീഗിന്റെ മുന്നിൽ ഇതുവരെ എത്തിയിട്ടില്ല. ഒരു യോഗത്തിൽ സ്ത്രീ അധിക്ഷേപം നേരിട്ടിട്ടുണ്ടെങ്കിൽ ഉടൻ പ്രതികരിച്ചിരിക്കണം. അതിന് കൂടിയാലോചിച്ച് എന്താണ് വേണ്ടതെന്ന് ചിന്തിച്ചിരിക്കേണ്ടതില്ല. എന്തുകൊണ്ടാണ് പാർട്ടിക്ക് മുന്നിൽ ഈ പരാതി എത്തിക്കാൻ വൈകിയത്. പ്രശ്നങ്ങളുണ്ടാകുമ്പോൾ അത് മുതിർന്ന വനിതാ അംഗങ്ങളോടെങ്കിലും പങ്കുവെക്കേണ്ടതായിരുന്നു. ഒരു സുപ്രഭാതത്തിൽ ഒരു മാറ്റവും എവിടേയും വരുത്താൻ പറ്റില്ലെന്നും അവർ പറഞ്ഞു.

വനിതാ കമ്മീഷൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോഷക സംഘടനയായിട്ടാണ് പ്രവർത്തിക്കുന്നത്. മുസ്ലിം ലീഗിന് ഈ പരാതി ലഭിച്ചപ്പോൾ അത് അന്വേഷിക്കാൻ ഒരു ഉപസമിതിയെ വെച്ചു. ഈ സമിതി പരാതിക്കാരേയും ആരോപണവിധേയരേയും ഇരുത്തി സംസാരിച്ചതാണ്.

പരാതി ഉണ്ടെങ്കിൽ വനിതാ ലീഗിനെ അറിയിക്കേണ്ടതായിരുന്നു. ഞങ്ങളും പാർട്ടിയുടെ പല സ്ഥാനങ്ങളിലും ഇരിക്കുന്നവരാണ്.ഹരിതയെന്നത് മുസ്ലിംലീഗിന്റെ പോഷക സംഘടനയല്ല. വനിതാ ലീഗിന്റേയും പോഷക സംഘടനയല്ല.താത്കാലികമായി എംഎസ്എഫ് ആ കാലഘട്ടത്തിൽ ഉണ്ടാക്കിയതാണ്.അത് ക്യാമ്പസിനുള്ളിൽ മതി. ക്യാമ്പസിന് പുറത്ത് വനിതാ ലീഗ് എന്ന സംഘടനയുണ്ടെന്നും നൂർബീന റഷീദ് കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker