
അഹമ്മദാബാദ്: ഹർ ഘർ തിരംഗ് യാത്രക്കിടെ ഗുജറാത്തിലെ മുൻ ഉപമുഖ്യമന്ത്രിയെ പശു ആക്രമിച്ചു. നിതിൻ പട്ടേലിനെയാണ് തെരുവ് പശുക്കൾ ആക്രമിച്ചത്.മെഹ്‌സാന ജില്ലയിലായിരുന്നു സംഭവം. നിതിൻ പട്ടേലിന് കാലിലാണ് പരിക്കേറ്റത്. തുടർന്ന് അദ്ദേഹത്തെ അഹമ്മദാബാദിലെ ആശുപത്രിയിൽ എത്തിച്ചു.
20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് ‘ഹർ ഘർ തിരംഗ’ പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്‍റ് ഗവർണര്‍മാരുമാണ് ഏകോപിപ്പിക്കുക.
ദേശീയ ഗാനത്തെയും ദേശീയ പതാകയേയും അപമാനിച്ചെന്ന് പരാതി. ആലപ്പുഴ ബുധനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി രാമകൃഷ്ണനെതിരെയാണ് പരാതി. രാമകൃഷ്ണൻ സ്വന്തം വീട്ടിൽ തലതിരിച്ചാണ് പതാക ഉയർത്തിയതെന്നാണ് ആരോപണം.
ദേശീയ ഗാനം ആലപിക്കവേ ഉച്ചത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കുകയും ചെയ്തു. സിപിഎം മാന്നാർ ഏരിയ കമ്മിറ്റി അംഗമാണ് ജി രാമകൃഷ്ണൻ. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഹർ ഘർ തിരംഗ ക്യാംപെയിനിന് ഇന്നാണ് തുടക്കമായത്.
മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം നിരവധിയാളുകളാണ് ഇന്ന് തങ്ങളുടെ വീടുകളിൽ പതാക ഉയർത്തിയത്. പതിമൂന്നാം തീയതി മുതൽ മൂന്ന് ദിവസത്തേക്ക് വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ദേശീയ പതാകയെ അപമാനിച്ചയാൾ അറസ്റ്റിൽ. വലിയവിള സ്വദേശി അഗസ്റ്റിനാണ് മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ബി ജെ പി പ്രവർത്തകർ സ്ഥാപിച്ച ദേശീയ പതാകയാണ് ഇയാൾ പിഴുതെറിഞ്ഞത്. കൊട്ടക്കലിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.
പ്രധാനമന്ത്രിയുടെ ഹർ ഘർ തിരംഗയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബി ജെ പി പ്രവർത്തകർ ത്രിവർണ പതാക ഉയർത്തിയിരുന്നു. കോട്ടക്കലിൽ പച്ചക്കറി വ്യാപാരം നടത്തുന്ന അഗസ്റ്റിൻ, തന്റെ കടയുടെ മുന്നിൽ പതാക സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പറയുകയായിരുന്നു.
പ്രതിഷേധം വകവയ്ക്കാതെ ബി ജെ പി പ്രവർത്തകർ പതാക ഉയർത്തി, തുടർന്ന് ഓടിയെത്തിയ അഗസ്റ്റിൻ പതാക അടങ്ങിയ സ്തംഭത്തെ വലിച്ചെറിയുകയായിരുന്നു. കേസിൽ അഗസ്റ്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.