NationalNews

വാക്ക്‌പോരില്ല,തര്‍ക്കമില്ല;ബംഗാളിൽ 22ൽ 20 വിസിമാരും രാജിവച്ചു; ഗവർണർ ആനന്ദബോസിന്റെ സമവായം വിജയം

കൊൽക്കത്ത:പശ്ചിമ ബംഗാളിലെ സര്‍വ്വകലാശാലകളിലെ 20 വിസിമാരും ഗവർണർക്കു രാജി സമർപ്പിച്ചു. അവരോടു പിൻഗാമികളെ നിയമിക്കുന്നതു വരെ മൂന്നു മാസത്തേക്കു കെയർടേക്കർമാരായി തുടരാൻ ഗവർണർ സി.വി. ആനന്ദബോസ് ആവശ്യപ്പെട്ടു. ആകെയുള്ള 22 സർവകലാശാലകളിലെ രണ്ടു വിസിമാർ യാത്രയിലാണ്. അവർ എത്തിയാലുടൻ ഗവർണർക്കു രാജി സമർപ്പിക്കുമെന്ന് അറിയുന്നു.

കഴിഞ്ഞദിവസം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു ഗവർണറെ സന്ദർശിച്ചിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച തന്നെ ആറു വിസിമാർ രാജി സമർപ്പിച്ചതും ഗവർണർ അതു സ്വീകരിച്ചതും. ഇതിനു പിന്നാലെയാണ് ഇന്നു ബാക്കിയുള്ളവരും രാജി നൽകിയത്. വിദ്യാഭ്യാസ മേഖലയെ തർക്കാതീത മേഖലയായി കണക്കാക്കുമെന്നു പ്രഖ്യാപിച്ച സി.വി. ആനന്ദബോസ് പുതിയ വിസിമാരെ നിയമിക്കാനുള്ള സേർച്ച് കമ്മിറ്റി സംഘടിപ്പിക്കാനും അനുമതി നൽകി.

യുജിസി മാനദണ്ഡങ്ങൾ പാലിക്കാതെ നിയമിച്ച വിസിമാരെല്ലാം മാറണമെന്ന കോടതി ഉത്തരവിനെ തുടർന്നാണു വിസിമാർക്കു രാജിവയ്ക്കേണ്ടി വന്നത്. വിദ്യാഭ്യാസ മേഖലയിൽ ഗവർണറുമായി ഗുണപരമായ സഹകരണമാണ് ഉള്ളതെന്നു വിദ്യാഭ്യസ മന്ത്രി ബ്രത്യ ബസും പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ കൂച്ച് ബിഹാറിൽ കേന്ദ്രമന്ത്രി നിഷിത് പ്രാമാണികിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണമുണ്ടായതിനെ സി.വി. ആനന്ദബോസ് അപലപിച്ചതോടെയാണ് സംസ്ഥാന സർക്കാരും ഗവർണറുമായി അസ്വാരസ്യം ഉണ്ടായത്. അതേസമയം അതെല്ലാം കഴിഞ്ഞകാര്യമാണെന്നും ഭരണഘടനാനുസൃതമായി നയതന്ത്രപരമായി തന്നെ കാര്യങ്ങൾ മുന്നോട്ടുപോകുമെന്നും രാജ് ഭവൻ വ്യക്തമാക്കുന്നു. ഈ അസ്വസ്ഥതകൾ നിലനിൽക്കേത്തന്നെ ഭരണഘടനാനുസൃതമായാണു ഗവർണർ പ്രവർത്തിക്കുന്നതെന്നു നിയമസഭാ സ്പീക്കർ ബിമൻ ബാനർജി കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.

മുൻഗാമിയിൽനിന്നു വ്യത്യസ്തമായി ഗവർണറും സംസ്ഥാന സർക്കാരും പൂർണ സൗഹാർദ്ദത്തിൽ പോയതിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുൾപ്പടെയുള്ളവർക്കു നീരസമുണ്ടായിരുന്നു. പലഘട്ടത്തിലും അതു പരസ്യമായി അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഗവർണറെ കേന്ദ്രം ഡൽഹിയിൽ വിളിപ്പിച്ചു ശാസിച്ചതായി വാർത്തയും പ്രചരിച്ചിരുന്നു.

എന്നാൽ കേന്ദ്രത്തിൽനിന്ന് ഇതിനെതിരായ പ്രതികരണമാണ് ഉണ്ടായത്. ബിജെപി സംസ്ഥാന പ്രസിഡന്റ് സുഖന്ത മജുംദാർ ഗവർണറെ അനുകൂലിച്ചാണു പ്രസ്താവനയിറക്കിയത്. രണ്ടു മണിക്കൂറോളം ഗവർണറുമായി ചർച്ച നടത്തിയശേഷമാണ് അദ്ദേഹം ഗവർണർ സി.വി. ആനന്ദബോസിനെ അനുകൂലിച്ചു പത്രസമ്മേളനത്തിൽ പറഞ്ഞത്. ഒരോരുത്തരുടെയും പ്രവർത്തന ശൈലി വ്യത്യസ്തമാണെന്നു പറഞ്ഞ സുഖന്ത ലോകായുക്ത വിഷയങ്ങളിലെല്ലാം ഗവർണർ സ്വീകരിച്ച നിലപാടുകളെ പ്രശംസിക്കുകയും ചെയ്തു.

ഇതിനു പിന്നാലെ കഴിഞ്ഞദിവസം സുവേന്ദു അധികാരിയും ഗവർണറെ സന്ദർശിച്ച് ഒരു മണിക്കൂറോളം ചർച്ച നടത്തി. ഗവർണർ വളരെ നല്ല മനുഷ്യനാണെന്നും അദ്ദേഹത്തിൽ പൂർണവിശ്വാസമുണ്ടെന്നുംവരെ സുവേന്ദു അതിനുശേഷം മാധ്യമങ്ങളോടു പറഞ്ഞു.

സംസ്ഥാന സർക്കാരുമായി നേരിട്ടു കലഹിച്ചിരുന്ന മുൻഗാമി ജഗദീപ് ധൻകറിന്റെ നയത്തിൽനിന്നു തീർത്തും വ്യത്യസ്തമായി സമന്വയത്തിന്റെ രീതിയാണ് സി.വി. ആനന്ദബോസ് പിന്തുടർന്നത്. മമത ബാനർജി ഉൾപ്പെടെയുള്ളവർ പലതവണ ആനന്ദബോസിനെ പരസ്യമായി പ്രശംസിക്കുകയും ചെയ്തിരുന്നു. വിസിമാരുടെ വിഷയത്തിൽ ഉൾപ്പെടെ സമന്വയ നയം വിജയം കാണുന്നതായാണ് റിപ്പോർട്ടുകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker