FeaturedFootballHome-bannerNewsSports

FIFA WORLD CUP 2022 ⚽ ഖത്തറിനെ തോൽപ്പിച്ച് നെതര്‍ലന്‍ഡ്സും ഇക്വഡോറിനെ മുട്ടുകുത്തിച്ച് സെനഗലും പ്രീക്വാർട്ടറിൽ

ദോഹ: ഫിഫ ലോകകപ്പില്‍ ആതിഥേയരായ ഖത്തറിന് മൂന്നാം തോല്‍വി. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഖത്തറിനെ 2-0ന് വീഴ്ത്തി നെതര്‍ലന്‍ഡ്സ് ഏഴ് പോയന്‍റുമായി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി. ആദ്യ പകുതിയില്‍ കോഡി ഗാക്‌പോയും രണ്ടാം പകുതിയില്‍ ഫ്രാങ്കി ഡി യോങുമാണ് നെതര്‍ലന്‍ഡ്സിനായി ഖത്തര്‍ വല ചലിപ്പിച്ചത്.

കളിയുടെ തുടക്കം മുതല്‍ പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടു നിന്ന നെതര്‍ലന്‍ഡ്സിന് പക്ഷെ ആദ്യ ഗോളിലേക്ക് വഴി തുറക്കാന്‍ 26-ാം മിനിറ്റ് വരെ കാക്കേണ്ടിവന്നു. ഡേവി ക്ലാസന്‍റെ പാസില്‍ നിന്ന് കോഡി ഗാക്പോ  ഗോള്‍ നേടിയത്. ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗാക്പോ നെതര്‍ലന്‍ഡ്സിനായി ലക്ഷ്യം കണ്ടു. ആദ്യ ഗോള്‍ നേടിയശേഷവും ആക്രമണം തുടര്‍ന്ന നെതര്‍ലന്‍ഡ്സ് ഏത് നിമിഷവും ലീഡുയര്‍ത്തുമെന്ന് കരുതിയെങ്കിലും ആദ്യ പകുതിയില്‍ വീണ്ടും ഗോള്‍ നേടാന്‍ ഓറഞ്ച് പടക്കായില്ല.

മറുവശത്ത് കിട്ടിയ അവസരങ്ങളില്‍ ഖത്തറും നെതര്‍ലന്‍ഡ്സ് പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചെങ്കിലും ലോകക്പിലെ രണ്ടാം ഗോള്‍ അവരില്‍ നിന്ന് അകന്നു നിന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലെ ഫ്രാങ്കി ഡിയോങ് നെതര്‍ലന്‍ഡ്സിന്‍റെ വിജയം ഉറപ്പിച്ച രണ്ടാം ഗോള്‍ നേടി.  മെംഫിസ് ഡീപേയുടെ ഗോളെന്നുറച്ച ഷോട്ട് ഖത്തര്‍ ഗോള്‍ കീപ്പര്‍ മെഷാല്‍ ബാര്‍ഷാം രക്ഷപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ക്ലോസ് റേഞ്ചില്‍ നിന്ന് ഡി യോങിന്‍റെ ഗോള്‍ വന്നത്.

തുടര്‍ന്നും ഖത്തര്‍ ഗോള്‍മുഖത്ത് നെതര്‍ലന്‍ഡ്സ് ഗോള്‍ ഭീഷണി മുഴക്കിയെങ്കിലും ഫിനിഷിംഗിലെ പോരായ്മ അവര്‍ക്ക് വിനയായി. എണ്‍പതാം മിനിറ്റില്‍ മുണ്ടാരിയിലൂടെ ഖത്തര്‍ ആശ്വാസ ഗോളിന് തൊട്ടടുത്ത് എത്തിയെങ്കിലും നെതര്‍ലന്‍ഡ്സ് ഗോള്‍ കീപ്പര്‍ ആന്ദ്രിയാസ് നൊപ്പെര്‍ട്ടിന്‍റെ മനസാന്നിധ്യം ഓറഞ്ച് പടക്ക് തുണയായി.

മത്സരത്തിലാകെ നെതര്‍ലന്‍ഡ്സ് നാലു ഷോട്ടുകള്‍ മാത്രമാണ് ലക്ഷ്യത്തിലേക്ക് പായിച്ചത്. ഖത്തറാകട്ടെ മൂന്ന് തവണ ലക്ഷ്യത്തിലേക്ക് പന്ത് പായിച്ചു. 63 ശതമാനം പന്തവകാശവും 784 പാസുകളുമായി നെതര്‍ല്‍ഡ്സ് ആധിപത്യം പുലര്‍ത്തിയപ്പോള്‍ ഖത്തര്‍ 452 പാസുകളും 37 ശതമാനം പന്തടക്കവുമായി മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു.

ഖത്തര്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ ശക്തി എന്താണെന്ന് തെളിയിക്കാന്‍ സ്ഥാനം ഉറപ്പിച്ച് സെനഗല്‍. ലാറ്റിനമേരിക്കന്‍ ശക്തികളായ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തളച്ചാണ് സെനഗല്‍ അവസാന പതിനാറില്‍ ഇടം നേടിയത്. സെനഗലിനായി സാറും കൂലിബാലിയും സ്കോര്‍ ചെയ്തപ്പോള്‍ ഇക്വഡോറിന്‍റെ ആശ്വാസ ഗോള്‍ കൈസേഡോയുടെ വകയായിരുന്നു. ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി ആറ് പോയിന്‍റുകള്‍ നേടിയാണ് സെനഗല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.

വിജയിക്കുന്നവരെ കാത്ത് പ്രീക്വാര്‍ട്ടര്‍ സ്ഥാനമാണ് ഉള്ളതെന്ന അവസ്ഥയില്‍ ഇരു ടീമുകളും രണ്ടും കല്‍പ്പിച്ചാണ് കളി തുടങ്ങിയത്. കളത്തിലിറങ്ങിയ ഉടന്‍ തന്നെ ആക്രമിക്കാനുള്ള മൂഡിലാണ് തങ്ങളെന്ന് ഇക്വഡോറിന്‍റെ നീക്കങ്ങള്‍ വ്യക്തമാക്കി. എന്നാല്‍, ആദ്യ മിനിറ്റുകളില്‍ നല്ല അവസരങ്ങള്‍ ഉണ്ടാക്കിയെടുത്തത് സെനഗല്‍ ആണ്. ഒമ്പതാം മിനിറ്റില്‍ സബാലിയിലൂടെ ഒരു നീക്കം സെനഗല്‍ നടത്തിയെങ്കിലും ഷോട്ട് എടുത്തതില്‍ പിഴച്ചു.

ഇക്വഡോര്‍ സ്ട്രൈക്കര്‍ ദിയ ആണ് ഷോട്ട് എടുത്തത്. 12-ാം മിനിറ്റിലും സെനഗല്‍ ഇക്വഡോര്‍ ഗോള്‍ മുഖം ആക്രമിച്ചു. എസ്തുപിനാന്‍ ഒരു വളഞ്ഞിറങ്ങുന്ന ഷോട്ട് പരീക്ഷിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. വീണ്ടും സെനഗല്‍ ആക്രമണം നടത്തിക്കൊണ്ടിരുന്നു. എന്നാല്‍, പതിയെ താളം കണ്ടെത്തിയ ഇക്വഡോര്‍ പിന്നില്‍ നിന്ന് പതിയെ നീക്കങ്ങള്‍ മെനെഞ്ഞടുത്തു തുടങ്ങി. ഇതോടെ സെനഗലിന് പന്ത് വീണ്ടെടുക്കാന്‍ ഏറെ പരിശ്രമങ്ങള്‍ വേണ്ടി വന്നു.

42-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ വന്നത്. സെനഗല്‍ താരം സാറിനെ ഹിന്‍കാപ്പി ബോക്സിനുള്ളില്‍ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. സാര്‍ തന്നെ പെനാല്‍റ്റി എടുത്തപ്പോള്‍ ഒരു ഗോള്‍ ലീഡുമായി സെനഗലിന് ആദ്യ പകുതി അവസാനിപ്പിക്കനായി. രണ്ടാം പകുതിയില്‍ കൈമെയ് മറന്ന് സമനില ഗോളിനായി പൊരുതുന്ന ഇക്വഡോര്‍ ആയിരുന്നു കളത്തില്‍. മൈതാനത്ത് സെനഗലിന്‍റെ പാതിയില്‍ തന്നെ കളി കേന്ദ്രീകരിച്ച് നിര്‍ത്താന്‍ അവര്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

ആദ്യ പകുതിയില്‍ പതിയെയുള്ള ബില്‍ഡ് അപ്പുകള്‍ക്കാണ് ഇക്വഡോര്‍ ശ്രമിച്ചതെങ്കിലും രണ്ടാം പാതിയില്‍ അതിവേഗ നീക്കങ്ങളിലേക്ക് ചുവട് മാറ്റി. ഒടുവില്‍ 67-ാം മിനിറ്റില്‍ കൈസെഡോയിലൂടെ ലാറ്റിനമേരിക്കന്‍ സംഘം സമനില ഗോള്‍ കണ്ടെത്തി. പ്ലാറ്റ എടുത്ത കോര്‍ണര്‍ ആണ് ഗോളില്‍ കലാശിച്ചത്. ബോക്സിലെ കൂട്ടയിടികള്‍ക്കൊടുവില്‍ ഫാര്‍ പോസ്റ്റില്‍ ആരും മാര്‍ക്ക് ചെയ്യാതിരുന്ന കൈസെഡോയിലേക്ക് പന്ത് എത്തി. ഗോളക്കാന്‍ താരത്തിന് അധികം പ്രയാസപ്പെടേണ്ടി വന്നില്ല.

അടിക്ക് തിരിച്ചടി നല്‍കാന്‍ സെനഗലിന് വേണ്ടി വന്നത് മൂന്നേ മൂന്ന് മിനിറ്റാണ്. ഇഡ്രിസാ ഗുയേയുടെ ഫ്രീകിക്കിന് ഒടുവില്‍ ഇക്വഡോറിന് ലഭിച്ചത് പോലെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കൂലിബാലിയിലേക്കാണ് അവസാനം പന്ത് എത്തിയത്. താരത്തിന്‍റെ ഷോട്ട് ഇക്വഡോറിയന്‍ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴലായി പടര്‍ന്ന് വലയില്‍ കയറി. ലീഡ് നേടിയ ശേഷവും സെനഗല്‍ ഇക്വഡോറിയന്‍ ബോക്സിലേക്ക് എത്തിയെങ്കിലും ലീഡ് വര്‍ധിപ്പിക്കാനായില്ല. ഇക്വഡോറിനും ചില അവസരങ്ങള്‍ ഒരുങ്ങിയെങ്കിലും സമനില ഉറപ്പിക്കാനുള്ള ഗോള്‍ കണ്ടെത്താന്‍ അവര്‍ക്കും സാധിച്ചില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker