തൃശൂര്‍ ജില്ല അടച്ചിടമെന്ന് ടി.എന്‍ പ്രതാപന്‍; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് മൂന്നിന് യോഗം ചേരും
തൃശൂര്‍: കൊവിഡ് രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ സമ്പൂര്‍ണ അടച്ചിടല്‍ വേണമെന്ന് ടി.എന്‍. പ്രതാപന്‍ എംപി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് വൈകുന്നേരം മൂന്നിന് മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ യോഗം ചേരും. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചേക്കും.
എന്നാല്‍ ഭീതിജനകമായ അന്തരീക്ഷം ഇല്ലെന്നും ഉച്ചയ്ക്കുശേഷം വിദഗ്ധര്‍ പങ്കെടുക്കുന്ന യോഗത്തില്‍ തീരുമാനങ്ങളുണ്ടാകുമെന്നും മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സമ്പര്‍ക്കത്തിലൂടെ 14 പേര്‍ക്കു രോഗം ബാധിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതാണ്. ശുചീകരണ തൊഴിലാളികള്‍, വെയര്‍ഹൗസിലെ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കു രോഗം ബാധിച്ചിട്ടുണ്ടെങ്കിലും അവരുമായി ബന്ധപ്പെട്ടവരെയെല്ലാം ക്വാറന്റൈനിലാക്കിയിട്ടുണ്ട്. അവരുടെ പ്രവര്‍ത്തന മേഖലയെല്ലാം അടച്ചിട്ടുണ്ട്.
ജില്ലയില്‍ അതിവേഗമാണു രോഗവ്യാപനം ഉണ്ടാകുന്നതെന്നും കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ടി.എന്‍. പ്രതാപന്‍ എംപി പറഞ്ഞു. തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസും കുരിയച്ചിറയിലെ വെയര്‍ഹൗസും അടച്ചിട്ടു. തൃശൂര്‍ നഗരത്തിലെ പത്തിലേറെ ഡിവിഷനുകളും ജില്ലയിലെ നിരവധി മേഖലകളും അടച്ചിടേണ്ടിവന്നു. അടുത്ത ദിവസങ്ങളിലായി വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ പേര്‍ എത്താനിരിക്കേ അതിവേഗത്തില്‍ രോഗവ്യാപനം ഉണ്ടാകുമെന്ന ഭീതിയിലാണ് തൃശൂര്‍ ജില്ല.
വിഷയത്തെ രാഷ്ട്രീയമായി കാണരുതെന്നും ജനപ്രതിനിധി എന്ന നിലയില്‍ തന്റെ അഭിപ്രായം ഉള്‍ക്കൊണ്ട് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു. വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നു മന്ത്രി എ.സി. മൊയ്തീനും പ്രതികരിച്ചു.