ഒരു സ്റ്റെപ്പ് നടന്നാൽ 7 രൂപ, ഫോൺ പിടിച്ച് വെറുതെ നടന്നാൽ ലഭിയ്ക്കുന്നത് ലക്ഷങ്ങൾ, എസ്‍വൈഡബ്ല്യൂ ആപ്പിൻ്റെ തട്ടിപ്പിനിരയായവർ നിരവധി
തിരുവനന്തപുരം:ഫോണും പിടിച്ച് നടന്നാല്‍ വന്‍ വരുമാനം നേടാമെന്ന് പ്രചാരണം. ആയിരങ്ങള്‍ പണം നിക്ഷേപിച്ച എസ്‍വൈഡബ്ല്യൂ ( SYW ) എന്ന ആപ്പ് പൂട്ടി. ആദ്യം ചേര്‍ന്ന ചിലര്‍ക്ക് പണം നല്‍കി വിശ്വസിപ്പിച്ച് വന്‍ തുക നിക്ഷേപമായി ആളുകള്‍ നല്‍കിയതോടെ ആപ്പും പൂട്ടി തട്ടിപ്പുകാര്‍ മുങ്ങുകയായിരുന്നു.
കണ്ണഞ്ചിപ്പിക്കുന്ന ഓഫറാണ് എസ്‍വൈഡബ്ല്യുവിന്‍റേത്.പണമുണ്ടാക്കാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യണ്ട. നെറ്റ് ഓണ്‍ ആക്കി ഫോണ്‍ കയ്യില്‍ പിടിച്ച് നടന്നാമതി. നടക്കാന്‍ പറ്റിയില്ലെങ്കില്‍ ഫോണ്‍ കുലുക്കിയാലും മതി. പണം ചറപറാന്ന് വരും. ആദ്യത്തെ 1000 സ്റ്റെപ്പ് നടക്കാന്‍ പണം നിക്ഷേപിക്കണ്ട. 300 രൂപ വരെ കിട്ടും. പക്ഷേ അപ്പോഴേക്കും സൗജന്യ നടത്തം തീരും. പിന്നെ പണം നിക്ഷേപിക്കണം. 10000 രൂപ കൊടുത്ത് വിഐപി വണില്‍ ചേര്‍ന്ന് നടന്നാല്‍ ഓരോ സ്റ്റെപ്പിനും 7 രൂപ വീതം കിട്ടും.20000 കൊടുത്താല്‍ കിട്ടുന്നത് ഇരട്ടിയാകും. അങ്ങനെ ഒരു ലക്ഷം രൂപ വരെ നിക്ഷേപിച്ച് പണക്കാരാനാകാം എന്നായിരുന്നു പ്രചാരണം.
തീര്‍ന്നില്ല, മണിചെയിന്‍ മാതൃകയില്‍ ആളെ ചേര്‍ത്താല്‍ ആദ്യത്തെ ആളില്‍ നിന്ന് എട്ട് ശതമാനം കമ്മീഷന്‍ കിട്ടും. പിന്നീട് അവര്‍ ചേര്‍ക്കുന്ന ഓരോ ആളില്‍ നിന്നും കമ്മീഷന്‍ കിട്ടുമെന്നും വിശ്വസിക്കുന്നതോടെ പതിനായിരങ്ങള്‍ ഈ തട്ടിപ്പ് ചങ്ങലയുടെ ഭാഗമായിട്ടുണ്ടാകും. എളുപ്പം പണമുണ്ടാക്കാനുള്ള ഇത്തരം തട്ടിപ്പ് ആപ്പുകള്‍ക്ക് പ്രചരണം കൊടുക്കാന്‍ ചില യൂട്യൂബര്‍മാരും വരിവരിയായുണ്ട്.
ആളുകളുടെ വിശ്വാസ്യത പിടിച്ചുപറ്റാന്‍ ആദ്യം ചേര്‍ന്ന കുറച്ച് പേര്‍ക്ക് പണം കൊടുക്കും. പെട്ടെന്നൊരു ദിവസം പണം പിന്‍വലിക്കാന്‍ പറ്റാതെയാവും. അപ്പോഴേക്ക് പതിനായിരങ്ങള്‍ ഈ തട്ടിപ്പ് ചങ്ങലുടെ ഭാഗമായിട്ടുണ്ടാകും. പണം നഷ്ടപ്പെട്ട പലരും സാമൂഹിക മാധ്യമങ്ങളില്‍ ഇക്കാര്യം പങ്കുവെക്കുന്നുമുണ്ട്. എന്നാല്‍ മാനഹാനി ഭയന്ന് ആരും ക്യാമറയ്ക്ക് മുന്നില്‍ വരുന്നില്ല. പുറത്തറിഞ്ഞാല്‍ നാണക്കേടായതിനാല്‍ ആരും പൊലീസില്‍ പരാതിയും നല്‍കുന്നില്ല.